SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.54 PM IST

സ്‌കൂളുകളിലെ ഭക്ഷ്യസുരക്ഷ,​ ആശങ്ക ഒഴിയാതെ രക്ഷിതാക്കൾ

egg
പിങ്ക് മുട്ട... പയ്യടിമീത്തൽ ഗവ.എൽ.പി സ്‌കൂളിൽ മുട്ടകൾ പുഴുങ്ങിയപ്പോൾ നിറംമാറ്റം വന്ന നിലയിൽ (ഫയൽ ഫോട്ടോ)

 വിദ്യാലയങ്ങളിലെ പരിശോധന പൂർത്തിയായില്ല

 പരിഹരിക്കപ്പെടാതെ സ്റ്റാഫ് ഷോർട്ടേജ് പ്രശ്‌നം

കോഴിക്കോട്: സ്‌കൂളിൽ കുട്ടികൾക്ക് നൽകാനായി പുഴുങ്ങിവെച്ച കോഴിമുട്ടകൾക്ക് പിങ്ക് നിറമായതിനു പിറകെ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തിയ സംഭവത്തോടെ രക്ഷിതാക്കൾ തീരാത്ത ആശങ്കയിൽ. ഭക്ഷണശാലകളിലെന്ന പോലെ ഹോസ്റ്റലുകളിലും കാന്റീനുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കണമെന്ന ആവശ്യം പരക്കെ ഉയർന്നിട്ടുണ്ട്.

പയ്യടിമീത്തൽ ഗവ.എൽ.പി സ്‌കൂളിൽ കഴി‌ഞ്ഞ ദിവസം ഫുഡ് സേഫ്‌റ്റി ഓഫീസറുടെ സമയോചിതമായ ഇടപെടലിലാണ് കുട്ടികൾ ഭക്ഷ്യവിഷബാധയിൽ നിന്നു രക്ഷപ്പെട്ടത്. പിങ്ക് നിറംമാറ്റം വന്ന മുട്ടകൾക്ക് പുറമെയുള്ളവയും വിതരണം ചെയ്യുന്നത് വിലക്കുകയായിരുന്നു ഭക്ഷ്യസുരക്ഷാ ഓഫീസർ.

ജില്ലയിലെ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കാൻ ഇതുവരെ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിച്ചിട്ടില്ല. ആവശ്യത്തിന് സ്റ്റാഫും സംവിധാനങ്ങളുമില്ലാത്തതാണ് പരിശോധന വൈകാനിടയാക്കുന്നത്.

കോഴിമുട്ടയുടെ നിറംമാറ്റത്തിൽ സംശയം തോന്നിയതോടെ സ്‌കൂളിലെ അദ്ധ്യാപിക നൂൺമീൽ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറേയും വിവരമറിയിക്കുകയായിരുന്നു. പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ളവ വിദ്യാർത്ഥികൾക്ക് നൽകാനായിരുന്നു അദ്ധ്യാപികയ്ക്ക് ആദ്യം ലഭിച്ച നിർദ്ദേശം. എന്നാൽ, വിവരമറി‌ഞ്ഞയുടൻ സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസർ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മുട്ടവിതരണം പാടെ തടയുകയാണുണ്ടായത്.

പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ രണ്ടാഴ്ച മുമ്പ് 15 വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്ര സംഭവത്തെ തുടർന്ന് പരിശോധന കർശനമാക്കിയതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ നടപടി കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. ഒട്ടുമിക്ക ഹോസ്റ്റലുകളിലെയും അടുക്കള പരിശോധിച്ച് പോരായ്മകളുള്ളവയ്ക്ക് നോട്ടീസ് നൽകിയെങ്കിലും സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കാനായിട്ടില്ല. കൊവിഡ് വ്യാപനം മാറാതെ തുടരവെ, ഭക്ഷ്യസുരക്ഷാ ഭീഷണി കൂടി ഉയർന്നതാണ് രക്ഷിതാക്കളെ വല്ലാതെ അലട്ടുന്നത്.

അതിനിടെ, മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകൾ ഉൾപ്പടെ പരിശോധിച്ച് നടപടികൾ സ്വീകരിച്ചതാണ്. ഗുരുതര നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

''ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം. അറിയിക്കാൻ ടോൾ ഫ്രീ നമ്പറിൽ (1800 425 1125) ബന്ധപ്പെട്ടാൽ മതി.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.