SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.19 PM IST

രജനിക്കും തിരിച്ചടി: കഷ്ടകാലം മാറാതെ തിയേറ്ററുകൾ

theatre

കൊച്ചി: സൂപ്പർതാരങ്ങളായ രജനികാന്തിന്റെയും വിശാലിന്റെയും സിനിമകൾ പരാജയപ്പെട്ടതും റിലീസ് രണ്ടാഴ്‌ച പിന്നിട്ടിട്ടും പകുതി സീറ്റുകൾ പോലും നിറയാത്തതും മൂലം തിയേറ്ററുകൾ പ്രതിസന്ധിയിൽ. പ്രദർശനം ആരംഭിച്ച സിനിമകൾ പിൻവലിക്കുന്നു. ഇന്ന് റിലീസ് ചെയ്യുന്ന ദുൽഖർ സൽമാന്റെ 'കുറുപ്പ് ' ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് തിയേറ്ററുടമകൾ.

ദീപാവലിക്ക് ആഗോളതലത്തിൽ റിലീസ് ചെയ്ത രജനീകാന്തിന്റെ 'അണ്ണാത്തെ' തമിഴ്നാട്ടിലുൾപ്പെടെ പരാജയപ്പെട്ടതാണ് തിരിച്ചടി. വർഷങ്ങൾക്കു ശേഷം തിയേറ്ററിലെത്തിയ സിനിമ പതിവ് രജനികാന്ത് സിനിമകളുടെ പകിട്ടില്ലാത്തതിനാൽ പ്രേക്ഷകർ കൈവിട്ടു. മൂന്നു ദിവസം പോലും പലയിടത്തും അണ്ണാത്തെ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല.

വിശാൽ നായകനായ വീരമേ വൈഗൈ സൂടും എന്ന സിനിമയും ദക്ഷിണേന്ത്യ മുഴുവൻ റിലീസ് ചെയ്തെങ്കിലും സ്വീകാര്യത ലഭിച്ചില്ല.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം റിലീസ് ചെയ്ത 'സ്റ്റാർ' സിനിമയും വിജയിച്ചില്ല. ജോജു ജോർജ് നായകനും ശീലു എബ്രഹാം നായികയുമായ സ്റ്റാറിൽ പ്രഥ്വിരാജ് അതിഥിതാരമായും എത്തിയിരുന്നു. മലയാളം സിനിമകളൊന്നും വിജയിച്ചില്ലെന്ന് നിർമ്മാതാക്കളും തിയേറ്ററുടമകളും പറഞ്ഞു.

പിൻവലിഞ്ഞ് മിഷൻ സി

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സി റിലീസ് ചെയ്തശേഷം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. ജനങ്ങൾ തിയേറ്ററിലെത്താൻ വൈകുന്നത് പരിഗണിച്ചാണ് പിൻവലിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി മുല്ല പറഞ്ഞു. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചശേഷം വീണ്ടും റിലീസ് ചെയ്യാനാണ് ലക്ഷ്യം.

ഒ.ടി.ടി ശരണം

മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിലെ സിംഹം ഉൾപ്പെടെ അഞ്ചു സിനിമകൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ കൂടുതൽപേർ അതേവഴി സ്വീകരിക്കുന്നു. ദിലീപ് നായകനായ കേശു ഈ വീടിന്റെ ഐശ്യര്യം, ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്ത മീസാൻ, ടോവിനോ നായകനായ മിന്നൽ മുരളി, നിവിൻ പോളി നായകനായ കനകം കാമിനി കലഹം, ഞാൻ സെലിബ്രിറ്റി തുടങ്ങിയ സിനിമകൾ ഒ.ടി.ടിയിലാണ് എത്തുന്നത്. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാതെ സാമ്പത്തികവിജയം നേടില്ലെന്ന വിലയിരുത്തലിലാണ് ഒ.ടി.ടി സ്വീകരിക്കുന്നത്. ഭേദപ്പെട്ട തുക ഒ.ടി.ടിയിൽ ലഭിക്കുന്നതും ആകർഷണമാണെന്ന് നിർമ്മാതാക്കളും പറയുന്നു.

കുറുപ്പിൽ പ്രതീക്ഷ

ഇന്ന് റിലീസ് ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളെ ഉണർത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. 350 തിയേറ്ററുകളിലാണ് ദുൽഖർ സൽമാൻ നായകനും നിർമ്മാതാവുമായ കുറുപ്പിന്റെ റിലീസ്. പ്രമുഖ നഗരങ്ങളിൽ മൂന്നു ദിവസത്തെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

"മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ചാലേ ലാഭകരമായി പ്രവർത്തിക്കാൻ കഴിയൂ. ഒരുമാസം കൂടി അതിന് വേണ്ടിവരും. അതിന് ശേഷമേ വലിയ സിനിമകൾ പ്രതീക്ഷിക്കാൻ കഴിയൂ."

ഷാജി വിശ്വനാഥ്

പ്രസിഡന്റ്

സിനി എക്‌സിബിറ്റേഴ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CINEMA THEATRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.