SignIn
Kerala Kaumudi Online
Friday, 28 February 2020 5.54 AM IST

അടൂരുണ്ട്, ആറ്റിങ്ങലിന്റെ വിളിപ്പുറത്ത്

adoor

തിരുവനന്തപുരം: വെള്ള ഇന്നോവ ക്രിസ്റ്റ രാവിലെ ഏഴ് മണിയോടെ ഡോ. യമുനയുടെ കുറവൻകോണത്തുള്ള ഫ്ളാറ്റിന്റെ ഗേറ്റ് കടന്നെത്തി. പ്രേംനസീർ സ്റ്റൈലിൽ വലതുകൈ കൊണ്ട് ഷർട്ടിന്റെ ചുളിവ് നിവർത്തി അടൂർ പ്രകാശ് കാറിൽ നിന്നിറങ്ങി. അലക്കിത്തേച്ച തൂവെള്ള ഖദർ ഷർട്ടും മുണ്ടും, മുഖത്ത് നിറഞ്ഞ ചിരി. കാത്തുനിന്ന് മുഷിഞ്ഞോയെന്ന് ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം.എൽ.എയുടെ മകളുടെ വസതി ഈ ഫ്ലാറ്റിലാണ്. 'കഴിഞ്ഞ ദിവസത്തെ പ്രചാരണം പുലർച്ചെയാണ് സമാപിച്ചത്. പോകുന്നിടത്തെല്ലാം ജനങ്ങൾ ആവേശപൂർവം കാത്തുനിൽക്കുമ്പോൾ നിരാശരാക്കുന്നതെങ്ങനെ - അടൂർ പ്രകാശ് പറഞ്ഞു. ലിഫ്റ്റിന് മുന്നിലെത്തിയപ്പോൾ സ്വിച്ച് അമർത്തി. കയറുന്നതിന് മുമ്പ് അടഞ്ഞു പോകാതിരിക്കാൻ ലിഫ്റ്റ് കൈവച്ച് തടഞ്ഞു. നേരെ ഫ്ളാറ്റിലേക്ക്. ആകെ വൃത്തിയും വെടിപ്പും. ചുവരിൽ ഭംഗിയുള്ള പെയിന്റിംഗ്. അച്ഛന് ആഹാരം തയ്യാറാക്കുകയാണ് മകൾ. പനിക്കാരനായ കൊച്ചുമകൻ ആർണവ് അമ്മയുടെ വിരലിൽ തൂങ്ങി. പനി കുറഞ്ഞോയെന്ന് അപ്പൂപ്പൻ ചോദിച്ചപ്പോൾ അവൻ അമ്മയുടെ ചുരിദാറിൽ മുഖമൊളിപ്പിച്ചു.

ഞാൻ അടൂർ പ്രകാശ്

പേരിന് പിന്നിലെ കൗതുകത്തെ കുറിച്ച് ചോദിച്ചപ്പോൾ മുഖത്ത് ചെറുപുഞ്ചിരി. കസേരയിൽ ഒന്നമർന്നിരുന്ന ശേഷം പറഞ്ഞു. എന്നെ അടൂർ പ്രകാശ് ആക്കിയത് കേരളകൗമുദിയാണ്. കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കേരളകൗമുദിയിൽ എന്റെ പേര് അടൂർ പ്രകാശ് എന്ന് അച്ചടിച്ചു വന്നത്. അന്ന് ആ പേര് അങ്ങനെ പറഞ്ഞുകൊടുത്തത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനാണ്. പിന്നീടതൊരു ട്രേഡ് മാർക്കായി.

രാഷ്ട്രീയക്കാരനായത്...


അച്ഛൻ അടൂർ കുഞ്ഞുരാമന് ഞാൻ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.അതിനായി ചങ്ങനാശേരി എസ്.ബി കോളേജിൽ സെക്കൻഡ് ഗ്രൂപ്പിന് ചേർക്കുകയും ചെയ്തു. എന്നാൽ, കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ ഞാൻ പിന്നീട് തിരിച്ചറിഞ്ഞു എന്റെ മേഖല രാഷ്ട്രീയമാണെന്ന്. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിൽ ഞാനും നിങ്ങളെപ്പോലെ ഇവിടെ ഇരുന്നേനെയെന്ന് ആരോഗ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഡോക്ടർമാരോട് പറഞ്ഞത് അദ്ദേഹം ഓർത്തു.

കോന്നി കുടുംബം പോലെ, ആറ്റിങ്ങലിൽ ബന്ധുബലം

സ്വന്തം മണ്ഡലമായ കോന്നിയെ കുറിച്ച് പറഞ്ഞപ്പോൾ പ്രകാശ് വാചാലനായി. കോന്നി എനിക്ക് കുടുംബം പോലെയാണ്. കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി അവിടത്തെ ജനങ്ങൾ എന്നെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതുപോലെ തന്നെയാണ് ആറ്റിങ്ങലിലെ ജനങ്ങളെയും കാണുന്നത്. ഇവിടെ ഭാര്യയുടെ ബന്ധുക്കളുമുണ്ട്. മണ്ഡലത്തിൽ താൻ വരുത്തനാണെന്ന് പറയുന്നവർക്കെതിരെയും അടൂർ പ്രകാശിന് മറുപടിയുണ്ട്. ആലപ്പുഴക്കാരിയായ സുശീലാ ഗോപാലൻ ചിറയിൻകീഴിൽ വന്ന് മത്സരിച്ചിട്ടില്ലേ. ആറ്റിങ്ങലിൽ തുടർച്ചയായി മൂന്നാം വിജയം പ്രതീക്ഷിക്കുന്ന ഇടത് സ്ഥാനാർത്ഥി സമ്പത്തിന് വിജയം ഉറപ്പിക്കാനാവില്ല. ഇത്തവണ ആറ്റിങ്ങലിന്റെ വിധി മറ്റൊന്നായിരിക്കും - അടൂർ പ്രകാശിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

ദിനചര്യ

എവിടെയായാലും നിത്യവും രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് യോഗ ചെയ്യുമായിരുന്നു. എന്നാലിപ്പോൾ സമയം കിട്ടാറില്ല. വായനാശീലമുണ്ട്. പത്രങ്ങളും വായിക്കും. സിനിമകൾ കാണും, മോഹൻലാലും മമ്മൂട്ടിയുമാണ് ഇഷ്ടതാരങ്ങൾ. പക്ഷേ, പ്രചാരണം മുറുകിയതോടെ ഒന്നിനും സമയമില്ല. ഉച്ചയ്ക്ക് ചോറ് നിർബന്ധം. വൈകിട്ട് ചപ്പാത്തി മതി. രാഷ്ട്രീയത്തിന് പുറത്ത് അച്ഛൻ പൂർണമായും ഒരു ഫാമിലി മാനാണെന്ന് മകൾ ഡോ.യമുനയുടെ സാക്ഷ്യം. എങ്കിലും വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യും.

അപ്പോഴേക്കും പ്രഭാത ഭക്ഷണം ഒരുക്കി മകളുടെ ക്ഷണമെത്തി. തീൻമേശയിലിരുന്ന് സ്വയം ആഹാരം വിളമ്പി. നാല് ഇഡ്ഡലിയും സാമ്പാറും അല്പം ചമ്മന്തിയും. കുശാൽ. സമയം കളയാനില്ല. കൈ കഴുകി കൊച്ചു മകനോ‌ട് റ്റാറ്റാ പറഞ്ഞ് ധൃതിയിൽ ഇറങ്ങി. സ്ഥാനാർത്ഥിയുമായി ഇന്നോവ കാർ കുതിച്ചു, പ്രചരണ വേദിയിലേക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, ADOOR PRAKASH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.