SignIn
Kerala Kaumudi Online
Friday, 29 March 2024 7.28 PM IST

ഉരുൾപൊട്ടലിൽ നടുങ്ങി ആര്യങ്കാവ്

pho
ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയായ അരണ്ടലിൽ ഉരുൾ പൊട്ടലിനെ തുടർന്ന് ലയങ്ങളിൽ നിന്ന് പുറത്തിറങ്ങിയ തൊഴിലാളികൾ

 ഗതാഗതം മുടങ്ങി, നാശനഷ്ടങ്ങളേറെ

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ തോട്ടം മേഖലയായ അമ്പനാട്, അരണ്ടർ വാർഡുകളിലും പ്രിയ എസ്റ്റേറ്റിലുമാണ് ബുധനാഴ്ച രാത്രി 11 ഓടെ ഉരുൾപൊട്ടിയത്. ആളപായമില്ല.

കനത്ത മഴയിലായിരുന്നു സംഭവം. അമ്പനാട് മിഡിൽ, മെത്താപ്പ്, അരണ്ടർ, പ്ലാക്കാട് തുടങ്ങി തോട്ടം മേഖലയോട് ചേർ‌ന്ന വനത്തിലാണ് ഉരുൾ പൊട്ടിയത്. ഇതിനൊപ്പം കഴുതുരുട്ടി -അച്ചൻകോവിൽ- പ്രിയ എസ്റ്റേറ്റ് റോഡിന് സമീപത്തെ ഉൾവനത്തിലും ഉരുൾ പൊട്ടി. പാറയും മണ്ണും കുത്തിയൊലിച്ചിറങ്ങുകയും കൂറ്റൻ വൃക്ഷങ്ങൾ കടപുഴകി വീഴുകയും ചെയ്തതിനാൽ പല റോഡുകളിലും ഗതാഗതം മുടങ്ങി. അരണ്ടർ, മെത്താപ്പ്, അമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലേക്കാണ് മണ്ണും പാറയും വീണത്. രാവിലെ പുനലൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ജെ.സി.ബി ഉപയോഗിച്ച് കൂറ്റൻ പാറകളും മണ്ണും നീക്കിക്കൊണ്ടിരിക്കുകയാണ്. പൂർണമായും നീക്കാൻ രണ്ടുദിവസം വേണ്ടിവരും.

ഹാരിസൺ മലയാളം പ്ലാന്റേഷനിലെ റബർ എസ്റ്റേറ്റിനോടു ചേർന്ന ഉൾവനത്തിൽ ഉരുൾ പൊട്ടിയെത്തിയ പാറയും മണ്ണും കഴുതുരുട്ടി-അമ്പനാട് റോഡിലും നെടുമ്പാറ-പ്രിയ എസ്റ്റേറ്റ് റോഡിലും വീണാണ് ഗാതഗതം മുടങ്ങിയത്. എന്നാൽ മലവെള്ളം തോട്ടം തൊഴിലാളി ലയങ്ങളുടെ ഇടയിലൂടെ കടന്നുപോയതിനാൽ അവിടങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. ലയങ്ങളിലേക്ക് മലവെള്ളം ഇരച്ചെത്തിയിരുന്നെങ്കിൽ ചിത്രം വേറൊന്നായേനെ. എന്നാൽ പ്ലാക്കാട്ടെ രണ്ട് ലയങ്ങളിലേക്ക് മണ്ണിടിഞ്ഞിറങ്ങി. നിരവധി ലയങ്ങളിൽ മല വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. കനത്ത വെള്ളപ്പാച്ചിലിൽ അമ്പനാട് തോടും നിറഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

 രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

പ്രിയ എസ്റ്റേറ്റ്-അച്ചൻകോവിൽ റോഡിന് സമീപത്ത് ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിൽ പാതയുടെ ഒരുവശം ഇടിഞ്ഞുപോയി. കനത്ത മഴയിൽ കുളത്തൂപ്പുഴയിലെ പത്തേക്കറിലുണ്ടായ മലവെള്ളപ്പാച്ചിൽ കാരണം രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ അച്ചൻകോവിൽ.-കോന്നി വനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, തഹസിൽദാർ നാസിയ, ഡെപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ പിള്ള, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ബി.അനിൽമോൻ, വി.എസ്. സോമരാജൻ, കെ.രാജൻ, ഐ.മൻസൂർ, തോമസ് മൈക്കിൾ തുടങ്ങിയ നിരവധി പേർ ഉരുൾപൊട്ടി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.