SignIn
Kerala Kaumudi Online
Friday, 19 April 2024 3.35 AM IST

ചാതുർവർണ്യത്തിന്റെ തിരുശേഷിപ്പുകളും തൂത്തെറിയണം

sabarimala

 ഇന്ന് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 85-ാം വാർഷികം

നവോത്ഥാന കേരളത്തിന്റെ ഏറ്റവും വലിയ അപമാനമാണ് ശബരിമല മേൽശാന്തി നിയമനത്തിനുള്ള മാനദണ്ഡത്തിലെ 'മലയാള ബ്രാഹ്മണർ' എന്ന വ്യവസ്ഥ. ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ ശ്രീകോവിലിന് മുന്നിൽ ദേവസ്വം ബോർഡ് മറ്റ് സമുദായങ്ങൾക്ക് വിലക്ക് കൽപ്പിക്കുന്നു. ഒരു സർക്കാർ സംവിധാനം തന്നെ ചാതുർവർണ്യത്തിന്റെ വക്താക്കളായി മാറുന്നു. നിയമം മൂലം നിരോധിക്കപ്പെട്ട അയിത്തം പരസ്യമായി ഇപ്പോഴും നടപ്പാക്കുന്നു. ഇതിൽ നവോത്ഥാനത്തിൽ ഊറ്റംകൊള്ളുന്ന മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിക്കുന്നു. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ സമാനതകളില്ലാത്ത പടയോട്ടങ്ങൾ നടന്ന മലയാള മണ്ണിൽ ചാതുർവർണ്യത്തിന്റെ തിരുശേഷിപ്പായി നിലനിൽക്കുന്ന ഈ ദുർവ്യവസ്ഥ അട്ടിമറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിൽ ജാതീയ വേർതിരിവുകൾ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ശാന്തി മുതലായ നിയമനങ്ങളിൽ ജാതി വേർതിരിവ് പാടില്ലെന്ന് ചൂണ്ടിക്കാട്ടി 2014ൽ സംസ്ഥാന സർക്കാരും ഉത്തരവിറക്കി. ഇതേ സർക്കാരിന്റെ കീഴിൽ തന്നെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ശബരിമലയിൽ മലയാള ബ്രാഹ്മണരെ മാത്രമേ മേൽശാന്തിയായി നിയമിക്കുവെന്ന നിയമവിരുദ്ധമായ ദുർവാശി മുറുകെപ്പിടിക്കുന്നത്. പണ്ട് സവർണന്മാർ പിന്നാക്കക്കാരെ ക്ഷേത്ര പരിസരങ്ങളിൽ നിന്നും ആട്ടിപ്പായിച്ചത് പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നത്. ശബരിമലയിൽ മേൽശാന്തിയാകാൻ അപേക്ഷിക്കുന്ന മറ്റ് വിഭാഗക്കാരെ അപമാനിച്ച് ആട്ടിയകറ്റുകയാണ്. സുപ്രീംകോടതി വിധിയുടെയും സർക്കാർ ഉത്തരവിന്റെയും നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ നിലപാട് എടുക്കാൻ ഭയക്കുകയാണ്. ഈ ഭയവും വിധേയത്വവും നവോത്ഥാന കേരളത്തിന് തീരെ യോജിച്ചതല്ല.

മലയാള ബ്രഹ്മണർ എന്ന മാനദണ്ഡം ശുദ്ധതട്ടിപ്പാണെന്ന വിവരവും സമീപകാലത്ത് പുറത്തുവന്നു. ആരാണ് മലയാള ബ്രാഹ്മണർ എന്ന് കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല. മലയാള ബ്രാഹ്മണർ എന്ന് വ്യവസ്ഥ ചെയ്തിട്ട് തുളു ബ്രാഹ്മണനെ മേൽശാന്തിയായി നിയമിക്കുന്നു. യഥാർത്ഥത്തിൽ 'മലയാള'എന്ന പദം വെറും നോക്കുകുത്തിയാണ്. ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യാനുള്ള കരുത്തില്ലായ്മയുടെ അടയാളമാണ് ആ പദം. ശബരിമല ശ്രീകോവിലിനുള്ളിൽ തങ്ങൾ മാത്രമേ പ്രവേശിക്കാവുയെന്ന ബ്രാഹ്മണരുടെ തിട്ടൂരമാണ് നടപ്പാക്കുന്നത്. അവരാണ് തങ്ങളൊഴികെ മറ്റെല്ലാവർക്കും ശബരിമല ധർമ്മശാസ്താവിന്റെ ശ്രീകോവിലിനുള്ളിൽ അയിത്തം കൽപ്പിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം കാരായ്മ സമ്പ്രദായ പ്രകാരം താഴമൺ ബ്രാഹ്മണ കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ്. തന്ത്രിക്കും മേൽശാന്തിക്കും അവർ നിശ്ചയിക്കുന്ന പരികർമ്മികൾക്കും കീഴ്ശാന്തിക്കും മാത്രമേ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാനാകു. അവർ ബ്രാഹ്മണരെ മാത്രമേ പരികർമ്മികളായും കീഴ്ശാന്തിയായും നിശ്ചയിക്കുന്നുള്ളു. അങ്ങനെ ബ്രാഹ്മണ്യം ശബരിമല ശ്രീകോവിലിന് മുന്നിൽ മറ്റാരെയും പ്രവേശിപ്പിക്കാതെ ജാതി മതിൽ തീർത്തിരിക്കുകയാണ്. നിസാര കാര്യങ്ങൾക്ക് പോലും വലിയ ഒച്ചപ്പാടുകൾ ഉണ്ടാകുന്ന കാലമാണിത്. എന്നാൽ ശബരിമല ശ്രീകോവിലിന് മുന്നിൽ നിലനിൽക്കുന്ന കൊടും അനീതിക്കെതിരെ കനപ്പെട്ട ശബ്ദം ഉയരാത്തത് ദയനീയമാണ്.

ശബരിമല മേൽശാന്തി നിയമനത്തിൽ നിലനിൽക്കുന്ന അനീതി ഒരു കനലായി നമ്മുടെ മനസിൽ നിറയ്ക്കേണ്ട ദിനമാണിന്ന്. ഏത് അനീതിയും സംഘടിതമായ നീക്കത്തിലൂടെ അട്ടിമറിക്കാമെന്ന ആവേശം പകർന്നുനൽകുന്ന ദിനം. കേരളചരിത്രത്തിലെ ഏറ്റവും വലിയ ഇടിമുഴക്കങ്ങളിൽ ഒന്നായ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 85-ാം വാർഷികമാണിന്ന്. ക്ഷേത്ര പ്രവേശന വിളംബരം എന്ന ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിലേക്ക് അധികാരികളെ എത്തിച്ചത് എസ്.എൻ.ഡി.പി യോഗത്തിന്റെ ശക്തമായ ഇടപെടലുകളാണ്. 1920ലെ യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ഈഴവർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമായി സഹകരിക്കരുതെന്ന് പ്രമേയം പാസാക്കി. പിന്നീടുള്ള യോഗങ്ങളിലെയും പ്രധാന ചർച്ച ക്ഷേത്ര പ്രവേശനമായിരുന്നു. ജനപ്രതിനിധി സഭകളിൽ ടി.കെ. മാധവൻ അടക്കമുള്ള നേതാക്കൾ ക്ഷേത്ര പ്രവേശനത്തിനായി ശബ്ദമുയർത്തി. അവർണൻ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കണ്ണ് പൊട്ടുമെന്നായിരുന്നു സവർണർ പ്രചരിപ്പിച്ച അന്ധവിശ്വാസം. അവർണർ ക്ഷേത്രങ്ങളിൽ പ്രവേശിച്ച് കണ്ണടച്ച് തൊഴുത് പ്രാർത്ഥിച്ചു. ആരുടെയും കണ്ണ് പൊട്ടിയില്ല. ശബരിമല ശ്രീകോവിലിന് മുന്നിലേത് പോലെ ഗുരുവായൂർ, വൈക്കം, ചെട്ടിക്കുളങ്ങര അടക്കമുള്ള ക്ഷേത്രങ്ങളിലും ജാതിമതിൽ നിലനിൽക്കുന്നു.

ക്ഷേത്രങ്ങളിൽ മാത്രമല്ല, സർവകലാശാലകളിലും സർക്കാർ ഓഫീസുകളിലും രാഷ്ട്രീയപാർട്ടികൾക്കുള്ളിലും അധികാര കേന്ദ്രങ്ങളിലും ജാതീയമായ വേർതിരിവുകളും മാറ്റിനിർത്തലുകളും ഉണ്ടാകുന്നു. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ക്ഷേത്ര പരിസരങ്ങളിൽ എത്തുന്നതിന് പുറമേ പൊതുനിരത്തിലൂടെ നടക്കാനും വിദ്യാലയ പ്രവേശനത്തിനും മാന്യമായി വസ്ത്രം ധരിക്കാനും വിലക്ക് നിലനിന്നിരുന്ന കാലത്താണ് ടി.കെ. മാധവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയുള്ള സമരം കത്തിജ്വലിച്ചത്. ഒടുവിൽ 1936 നവംബർ 12ന് ജാതിയുടെ പേരിൽ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന വിലക്ക് നിരോധിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇതോടെ ക്ഷേത്രങ്ങളിലെ വിലക്ക് മാത്രമല്ല തൂത്തെറിയപ്പെട്ടത്. ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ തുടർച്ചയായി പൊതുനിരത്തിലും വിദ്യാലയങ്ങളിലും നിലനിന്നിരുന്ന അയിത്തവും ക്രമേണ മാറി.

ക്ഷേത്ര പ്രവേശനവാദം ശക്തിപ്പെടുന്നതിന് ആണ്ടുകൾക്ക് മുൻപ് ടി.കെ. മാധവൻ 'ക്ഷേത്രപ്രവേശനം' എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ' ക്ഷേത്ര പ്രവേശനം അവർണ ഹിന്ദുക്കൾ എന്ന് പറയപ്പെടുന്നവർക്കു പൊതുക്ഷേത്രങ്ങളിൽ പ്രവേശിച്ച് ഈശ്വരാരാധന നടത്തുന്നതിനുള്ള അവകാശം സമ്പാദിക്കാൻ മാത്രമുള്ള ഒരു അവകാശവാദമാണെന്നാണ്, പലരും ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ആ അവകാശം സമ്പാദിക്കുന്നതും ക്ഷേത്ര പ്രവേശനവാദത്തിന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടും. എന്നാൽ അതുമാത്രമല്ല, ക്ഷേത്ര പ്രവേശന വാദത്തിന്റെ ഉദ്ദേശ്യം. ക്ഷേത്ര പ്രവേശനവാദം ധാർമ്മികമായ ഒരു അവകാശവാദമാകുന്നു. അതിനു മതപരമായും സമുദായപരമായും രാഷ്ട്രീയമായും ഓരോ വശമുണ്ട്.' ടി.കെ. മാധവൻ ഒരു നൂറ്റാണ്ട് മുൻപ് പറഞ്ഞത് പോലെ ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിലെ ജാതി വിവേചനം അവസാനിപ്പിക്കണം എന്ന ആവശ്യത്തിന് പിന്നിൽ മറ്റ് മേഖലകളിൽ നിലനിൽക്കുന്ന ജാതീയ അവഗണനകൾ തൂത്തെറിയുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിനായി ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന് സമാനമായ പോരാട്ടങ്ങൾ ഉയർന്നുവരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE ENTRY PROCLAMATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.