SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.35 AM IST

പടിക്ക് പുറത്താണ് 'നായാടികൾ'

colony

പൊതുസമൂഹത്തിൽ നിന്നും ഇന്നും ഏറെ അകലെയാണ് നായാടി സമുദായം. എലിയെ തിന്നുന്നവരും ഭിക്ഷാടകരുമാണിവർ. മനുഷ്യനിർമ്മിത ദുരന്തമായ അയിത്താചാര കാലഘട്ടത്തിലെ ഏറ്റവും പിന്നാമ്പുറക്കാർ ഇന്നും വികസനത്തിന്റെ മുഖ്യധാരയിലെത്തിയിട്ടില്ല. കാട്ടുവാസികളോ നാട്ടുവാസികളോ എന്നു തീർച്ചപ്പെടുത്താതെ അധികൃതരും ഇവരെ പടിക്കു പുറത്തു നിറുത്തിയിരിക്കുന്നു. കാലചക്ര വേഗത്തിൽ മനുഷ്യാവകാശങ്ങൾ പോലും എത്തിപ്പിടിക്കാൻ ഇവർക്കായിട്ടില്ല. അലസരും മടിയുള്ളവരും വൃത്തിയില്ലാത്തവരുമെന്ന് പറഞ്ഞ് ഇവരെ പിന്നാമ്പുറങ്ങളിൽ തളച്ചിടുകയാണ് പൊതുസമൂഹവും. നമ്മുടെ വികസനക്കൂട്ടായ്മകളിൽ വിമുഖരായ നായാടികളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമൂഹത്തിന്റെ പ്രതിബദ്ധതയാണ്.

മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി.ജെ.ജ്ഞാനവേൽ ഒരുക്കിയ തമിഴ് ചലചിത്രം 'ജയ് ഭീം' പറയുന്നത് ഒരു പോരാട്ടത്തിന്റെ കഥയാണ്. ജനിച്ച നാട്ടിൽ മനുഷ്യന്മാരായി അംഗീകരിക്കപ്പെടാൻ ഒരു വിഭാഗം നടത്തുന്ന പോരാട്ടത്തിന്റെ കഥ.

സമൂഹത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടയാളുടെ വീട്ടിൽ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് ഇരുള വിഭാഗത്തിൽപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. മൂവർക്കും ലോക്കപ്പിൽ നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനമുറകൾ. കുറ്റം സമ്മതിക്കാൻ ഏതൊക്കെ രീതിയിൽ പീഡിപ്പിക്കാമോ അവയെല്ലാം ഭരണകൂടം പ്രയോഗിക്കുന്നു. പക്ഷേ ഫലമുണ്ടായില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ട് അവരുടെ മേൽ തന്നെ കുറ്റം ചാർത്താനായിരുന്നു പൊലീസ് ശ്രമം. പക്ഷേ,​ ഈ മൂന്നുപേരെക്കുറിച്ചും പിന്നീടാർക്കും ഒരു വിവരവുമില്ല. മൂന്നുപേരിലെ രാജാക്കണ്ണ് എന്ന ചെറുപ്പക്കാരന്റെ ഭാര്യ സെങ്കിനി നടത്തിയ നിയമ പോരാട്ടമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അവളെ സഹായിക്കാൻ ഒപ്പം നിന്നതാകട്ടെ അഡ്വ. ചന്ദ്രുവും. സമൂഹം അടിമകൾക്ക് തുല്യം കാണുകയും അവഗണിക്കുകയും ചെയ്യുന്ന ഇരുളവിഭാഗത്തിന്റെ ജീവിതമാണ് ചിത്രത്തിലുടനീളം കാണാനാവുക. അവരുടെ ജോലി, സംസ്‌കാരം, ഭക്ഷണം, ആചാരങ്ങൾ എല്ലാം കൃത്യമായി പറഞ്ഞുവെച്ചിരിക്കുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോൾ രാജ്യത്തിന്റെ വിവിധകോണുകളിൽ നിന്ന് നിരൂപക പ്രശംസയേറ്റുവാങ്ങുന്നതിനൊപ്പം ജാതിരാഷ്ട്രീയം വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ,​ പ്രത്യേകിച്ച് അതിർത്തി ഗ്രാമങ്ങളിൽ ഗോത്ര വർഗക്കാരായ നായാടികളെ കുറിച്ചും നാം ചിന്തിക്കേണ്ടത്,​ ചർച്ച ചെയ്യേണ്ടത്,​ അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കേണ്ടതും.

ഉയിർത്തെഴുന്നേൽപ്പ് നമ്മുടെ പ്രതിബദ്ധത

കുഴല്‍മന്ദം കുത്തനൂര്‍ ടൗണിന് സമീപം ‘നൊച്ചുള്ളി ‘ നായാടി കോളനിയില്‍ ഒളിഞ്ഞും തെളിഞ്ഞും അയിത്താചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പണ്ടുമുതലേ സവര്‍ണ മേല്‍ജാതി വിഭാഗക്കാര്‍ 72 അടി മാറ്റിനിറുത്തിയ അയിത്തജാതിക്കാരാണ് നായാടിമാര്‍. കാലം ഇന്റര്‍നെറ്റ് യുഗത്തിലെത്തിയിട്ടും ഈ സാമൂഹ്യ അനാചാരത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നത് വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. 26 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ തീരാശാപം പോലെയാണ് പട്ടിണി. ഇതിനു പുറമേയാണ് നിഴല്‍പോലെ വിട്ടുമാറാത്ത രോഗങ്ങളും.

ഒരു വീടിനുപോലും കക്കൂസില്ല. 19 വീട്ടുകാരില്‍ മൂന്ന് വീട്ടുകാര്‍ക്ക് മാത്രമാണ് ബി.പി.എല്‍ കാര്‍ഡുള്ളത്. ബാക്കിയുള്ളവർ എ.പി.എല്‍ കാര്‍ഡുകാര്‍. ബ്ലോക്ക് പഞ്ചായത്തു വക കോളനിയ്ക്കകത്ത് ഒരു കമ്മ്യൂണിറ്റി ഹാളുണ്ട്. കുടിവെള്ളത്തിന് കണ്ണീര്‍ ഉറവപോലെ ഒരു ബോര്‍വെല്ലും.

കുത്തനൂര്‍ ‘നൊച്ചുള്ളി ‘ കോളനിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല സംസ്ഥാനത്തെ മൊത്തം നായാടി കോളനികളുടെയും അവസ്ഥ. ഹിന്ദുജാതി ശ്രേണിയില്‍ ഏറ്റവും അടിത്തട്ടിലാണ് നായാടികളുടെ സ്ഥാനം. ജാതീയമായ അസമത്വം ഇന്നും അനുഭവിക്കുന്നവര്‍. തൊട്ടുകൂടാത്തവര്‍, നിരക്ഷരര്‍, തൊഴിലായി ഇന്നും യാചകവൃത്തി ചെയ്യുന്നവര്‍. മേല്‍ജാതി വീടുകള്‍ക്ക് മുന്നില്‍ വന്നുനിന്ന് നിലവിളിച്ച് ശ്രദ്ധക്ഷണിച്ച് ഭിക്ഷാടനം നടത്തുന്നത് ഒരവകാശമെന്നോണം തലമുറകളായി തുടരുന്നവർ.

2000ത്തിന്റെ തുടക്കൽ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തിലെ നായാടികളുടെ ജനസഖ്യ 3,322 ആണ്. 1971 ല്‍ 300 പേര്‍ മാത്രമുണ്ടായിരുന്ന ഈ ജനവിഭാഗം 1981ല്‍ 974 ആയി ഉയര്‍ന്നു. ഇപ്പോഴിവരുടെ ജനസംഖ്യയിൽ 17 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നായാടികളുള്ളത് പത്തനംതിട്ടയിലാണ്. തൊട്ടുപിറകെ കൊല്ലം. 18, 19, 20 നൂറ്റാണ്ടുകളിലെ രേഖകളിലെല്ലാം നായാടികളെ ദക്ഷിണ മലബാറിലും, കൊച്ചി രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലും കുന്നിന്‍ പുറങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു വിഭാഗം എന്ന നിലയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. പട്ടികജാതിയെങ്കിലും പട്ടികവര്‍ഗത്തിന്റെ ചില സൗകര്യങ്ങള്‍ (പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം സ്റ്റൈപെന്റ് തുടങ്ങിയവ) അനുവദിക്കപ്പെട്ടിട്ടുള്ള അപൂര്‍വം വിഭാഗമാണ് നായാടി. സര്‍ക്കാര്‍ നല്‍കുന്ന പല സൗകര്യങ്ങളും വിനിയോഗിക്കാന്‍ കഴിയാത്ത ഏറ്റവും ദുര്‍ബലരായ ഒരു വിഭാഗമാണ് ഇവരെന്നതാണ് വസ്തുത. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴര പതിറ്റാണ്ടായിട്ടും അയിത്താചാരം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണെന്ന വസ്തുത നായാടികള്‍ ഇന്നും ഉള്‍കൊണ്ടിട്ടില്ല. നായാടികള്‍ നേരിടുന്നത് അയിത്തമാണെങ്കിലും ഇത് കുറ്റകരമായ ഒരാചാരമായി അവര്‍ക്കു തന്നെ ബോധ്യമല്ല.

കൊളോണിയല്‍ രേഖകളില്‍ ഫ്രാന്‍സീസ് ബുക്കാനന്‍, ബഞ്ചമിന്‍ സ്വെയര്‍ വാര്‍ഡ്, പീറ്റര്‍ എയര്‍ കോണര്‍, വില്യം ലോഗന്‍, സി.എ ഇന്നസ്, എഡ്ഗാര്‍ ബി തേഴ്‌സ്റ്റണ്‍, ജെ.എച്ച് ഹട്ടന്‍ തുടങ്ങിയവര്‍ നല്‍കുന്ന സൂചന ഹിന്ദുജാതി വ്യവസ്ഥയില്‍ തൊട്ടുകൂടായ്മയുടെയും, തീണ്ടി കൂടായ്മയുടെയും ആഴം മനസിലാക്കാനുള്ള ഏറ്റവും വലിയ അളവു കോലാണ് നായാടികള്‍. ഗാന്ധിജിയുടെയും ടി.ആര്‍.കൃഷ്ണസ്വാമി അയ്യരുടെയും സ്വമി ആനന്ദ തീര്‍ത്ഥാന്റെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി നായാടികളോടുള്ള സമീപനത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഹിന്ദു ജാതി ശ്രേണിയില്‍ അയിത്താചാരം അവശേഷിക്കുന്നു എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് നായാടികള്‍. പരിഷ്കൃത ലോകത്തു അപരിഷ്കൃതരായി ഇന്നും ജീവിച്ചുതീരുന്ന നായാടി സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് സമൂഹത്തിന്റെ പ്രതിബദ്ധതയാണ്.

.

എലിയെ പിടിച്ച് തിന്നുന്നവർ

പാലക്കാട് എലപ്പുള്ളിയിലെ കാരങ്കോടും ഒരു നായാടി കോളനിയുണ്ട്. 57 വീടുകൾ കാരങ്കോട് നായാടി കോളനിയിലുണ്ട്. കോളനിക്ക് എത്രഭൂമിയുണ്ടെന്നൊന്നും ആർക്കുമറിയില്ല, അതിരുകളില്ല. കുടിവെള്ള സംഭരണിയുണ്ട്. മിക്കവീടുകളോടും ചേർന്ന് ഓലക്കൂരകൾ. കത്തുന്ന ചൂടിൽ കോൺക്രീറ്റു വീടിനുള്ളിൽ പ്രവേശിക്കുന്നത് അസഹനീയമെന്നറിയുന്നവരുടെ ആശ്വാസയിടമാണ് നിലമ്പറ്റിയുള്ള ഈ കൂരകൾ.

എലിയെ പിടിക്കും. മാളങ്ങളിലുള്ള എലിയെയാണ് ഇവർ വയലുകളിൽ നിന്ന് പിടിക്കാറ്. മാളം കണ്ടാൽ അതിനുചുറ്റും കുഴിയെടുത്താണ് സാധാരണ എലിയെ പിടിക്കുന്നത്. വയൽ വരമ്പിലായിരിക്കും എലി മാളം. മാളങ്ങളിൽ എലികൾ ശേഖരിച്ച നെൽക്കതിരുകൾ ഉണ്ടാവും. ഇങ്ങനെ കിട്ടുന്ന നെല്ലിന്റെ അവകാശികൾ ഇവരാണ്. വലിയവരമ്പിൽ മണ്ണ് പുറത്തേക്ക് തള്ളിയത് കണ്ടാൽ അറിയാം അവിടെ എലിയുണ്ടെന്ന്. മുതലാളിമാർ വന്ന് എലിയെപ്പിടിക്കാൻ പറഞ്ഞാൽ അവിടെപ്പോയി മണ്ണ് വെട്ടിമാറ്റി പണിതുടങ്ങും. വെള്ളമൊഴിച്ച് എലിയെ പുറത്തേക്ക് വരുത്തും. വടികൊണ്ട് തല്ലിയോ കൈകൊണ്ട് കഴുത്ത് ഞെരിച്ചോ എലിയെ കൊല്ലും. എലിയെ പിടിച്ചാൽ മുതലാളിമാർ കൂലി തരും. ഇപ്പോൾ അൻപത് രൂപ വരെ കിട്ടും. ഇങ്ങനെ പിടിക്കുന്ന എലിയെ ചിലപ്പോൾ ഞങ്ങൾ തിന്നും. ഇപ്പോൾ അങ്ങനെയല്ല. എലിപ്പനിയുണ്ടാവുമെന്ന് കേട്ടതിനു ശേഷമാണ് തീറ്റ കുറച്ചത്. കൊന്നുകൊണ്ടുവരുന്ന എലിയുടെ രോമം തീയിൽ കരിക്കും. അല്ലെങ്കിൽ തോൽ അപ്പാടെ പൊളിച്ചെടുക്കും. കോഴിവെക്കുന്നതപോലെ വേവിക്കും.

 നായാടികളുടെ സാമൂഹ്യ മുന്നേറ്റത്തിന്

നാട്ടിൻ പുറങ്ങളിലെ, നഗരങ്ങളിലെ അപരിഷ്കൃത വിഭാഗമെന്ന നിലയ്ക്ക് പ്രത്യേക സാമൂഹ്യ പദ്ധതി നടപ്പാക്കുകയാണ് പ്രധാനം. അടിമത്തം, ഭിക്ഷാടനം എന്നിവയെക്കുറിച്ച് നായാടി സമുദായത്തിനിടെയിൽ ബോധവത്കരണം നടത്തണം. വിദ്യാഭ്യാസ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നിശ്ചിത കാലത്തേക്ക് എല്ലാ ആനൂകൂല്യങ്ങളും സൗജന്യമായി നൽകുന്നതും പരിഗണിക്കണം. തദ്ദേശ സ്വയം ഭരണം സ്ഥാപനങ്ങളുടെ ഫണ്ടുകൾ നായാടികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഭൂമിയടക്കമുള്ള സൗകര്യങ്ങൾ അനുവദിച്ച് കൃഷി അടക്കമുള്ള വരുമാന മാർഗങ്ങൾ ഈ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാൻ വകുപ്പ് തലങ്ങളിൽ നടപടിയെടുക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADAN DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.