SignIn
Kerala Kaumudi Online
Friday, 19 April 2024 5.28 AM IST

നാടകത്തെ ഓർമ്മിപ്പിക്കുന്ന നിവിൻ ചിത്രം; കനകം കാമിനി കലഹം റിവ്യൂ

kalaham

അത്യാവശ്യം ചിരിയും ചിന്തയും സമ്മേളിച്ച സിനിമ, 'കനകം കാമിനി കലഹം" എന്ന നിവിൻപോളി ചിത്രത്തെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആൻഡ്രോയിഡ് കുഞ്ഞപ്പന്‌ ശേഷം രതീഷ് ബാലകൃഷ്‌ണ പൊതുവാൾ ഒരുക്കിയ രണ്ടാമത്തെ സിനിമ, കുടുംബപ്രേക്ഷകരുടെ പ്രിയതാരം നിവിൻപോളി ഹാസ്യവേഷത്തിലെത്തുന്ന ചിത്രം, ഇതു രണ്ടുമായിരുന്നു കനകം കാമിനി കലഹത്തിന്റെ റിലീസിനായി പ്രേക്ഷകരെ പിടിച്ചിരുത്തിയ കാര്യങ്ങൾ. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ചിരിയുടെ മേമ്പൊടി അല്ലാതെ സിനിമ ഒരു പരിധിക്കപ്പുറത്തേക്ക് ഉയരുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമാണ്.

സംവിധായകന്റെ ഒരു പരീക്ഷണ സിനിമ എന്ന് വേണമെങ്കിൽ പറയാം. പലപ്പോഴും അതിനാടകീയത കടന്നു കൂടുന്നുണ്ട്. നിവിൻപോളിയുടെ പവിത്രൻ എന്ന കഥാപാത്രവും ഭാര്യ വേഷത്തിലെത്തുന്ന ഗ്രേസ് ആന്റണിയുടെ ഹരിപ്രിയയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഹരിപ്രിയ ഒരു സീരിയൽ ആർട്ടിസ്റ്റാണ്. പവിത്രനാകട്ടെ, ജൂനിയർ ആർട്ടിസ്റ്റും കൂട്ടത്തിൽ ആക്‌ടിംഗ് സ്‌കൂൾ ഇൻസ്ട്രക്‌ടറുമാണ്. പഠിതാക്കളായി ആകെയുള്ളത് രണ്ടേ രണ്ടു പേർ. പവിത്രന്റെയും ഹരിപ്രിയയുടെയും ജീവിതത്തിലെ താളപ്പിഴകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

kalaham

വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും ഒട്ടും റൊമാന്റിക്ക് അല്ല തന്റെ ഭർത്താവെന്ന ഹരിപ്രിയയുടെ പരാതിയിൽ ചുറ്റിലുമുള്ള പല ജീവിതങ്ങളും നിഴലിക്കുന്നുണ്ട്. അത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയവും. ദാമ്പത്യത്തിലെ താളപ്പിഴകൾ പരിഹരിക്കാനായി പവിത്രൻ ആസൂത്രണം ചെയ്യുന്ന പദ്ധതി ഒരു യാത്രയാണ്. വയനാട്ടിലേക്ക് പോകാമെന്ന ഭാര്യയുടെ ഇഷ്‌ടത്തെ മറികടന്ന് മൂന്നാറിലേക്ക് വച്ചു പിടിക്കുന്നു. അവിടത്തെ ഹിൽടോപ്പ്‌ഹോട്ടലിൽ മുറിയെടുക്കുന്നതോടെ കാര്യങ്ങൾ വീണ്ടും താളം തെറ്റുകയാണ്.

പവിത്രന്റെ വലിയൊരു കള്ളത്തരം ഒളിപ്പിച്ചു വയ്‌ക്കാൻ കൂടിയുള്ളതാണ് ആ യാത്ര. അവിടെ എത്തുന്നതോടെ ഭർത്താവ് ആദ്യമായി സമ്മാനിച്ച ഹരിപ്രിയയുടെ ജിമിക്കി കമ്മൽ കാണാതെ പോവുകയാണ്. അതിന്റെ പേരിൽ നടക്കുന്ന പ്രശ്‌നങ്ങളും അന്വേഷണങ്ങളുമാണ് രണ്ടാം പകുതിയിൽ. ഹോട്ടലിൽ എത്തുന്നതോടെ കഥ പഴയ പ്രിയദർശൻ സിനിമകളെ ഓർമ്മിപ്പിക്കും. ഒരു കൂട്ടം 'ഭ്രാന്തന്മാ"രാണ് അവിടത്തെ ജീവനക്കാർ. ചെന്നെത്തുന്നവരും ഏതാണ്ട് അതേ അവസ്ഥയിലുള്ളവർ. സിനിമയുടെ രസച്ചരട് പൊട്ടാതിരിക്കാനായി കൊണ്ടുവന്ന ശ്രമമാണെങ്കിലും ഇടയ്‌ക്കെല്ലാം ക്ലീഷേകളും കടന്നു കൂടിയിട്ടുണ്ട്.

സിനിമ അണിയിച്ചൊരുക്കിയതിൽ പുതുമയുണ്ട്. നാടകത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ തുടക്കം. അണിയറ പ്രവർത്തകരുടെ പേരുകൾ എഴുതി കാട്ടുന്നതിന് പുറമേ നാടകത്തിന്റെ അനൗൺസ്‌മെന്റ് രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അതേ രീതി സിനിമയിലുടനീളം പിന്തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ പരീക്ഷണം വിട്ട് സ്ഥിരം രീതികളായി ചുരുങ്ങിപ്പോയി.

kalaham

തന്നേക്കാൾ എക്സ്പീരിയൻസും ജനങ്ങൾ അത്യാവശ്യം തിരിച്ചറിയുകയും ചെയ്യുന്ന സീരിയൽ താരമാണ് ഭാര്യ എന്നത് ജൂനിയർ ആർട്ടിസ്റ്റായ നായകനെ പലസമയത്തും അപകർഷതാബോധത്തിൽ ആഴ്‌ത്തുന്നുണ്ട്. ഒരു ഫ്‌ളോപ്പ് ആർട്ടിസ്റ്റിന്റെയും ഭർത്താവിന്റെയും ജീവിതം നിവിൻ പോളിക്ക് അവതരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ല. പക്ഷേ, ഗംഭീരം എന്ന് പറയാനായി ഒന്നുമില്ല. രൂപത്തിൽ കൊണ്ടു വന്ന മാറ്റമല്ലാതെ അഭിനയത്തിൽ സ്ഥിരം ശൈലിക്ക് അപ്പുറത്തേക്ക് കടക്കുന്നില്ല. ഗ്രേസ് ആന്റണി പതിവുപോലെ തന്റെ ഭാഗം മനോഹരമായി അവതരിപ്പിച്ചു. വിവാഹത്തോടെ സ്വയം ഒതുങ്ങിപോകുന്ന സ്ത്രീയുടെ സങ്കടങ്ങളും പരാതികളും കൃത്യമായി കൊണ്ടു വരുന്നുണ്ട്. അതേസമയം, ഭർത്താവിന്റെ 'ഹണീ..." എന്ന സ്‌നേഹം പതപ്പിച്ച വിളിയിൽ ഇടയ്ക്കെല്ലാം അലിഞ്ഞുപോകുന്നുമുണ്ട്.

മനാഫ് ഖാനായി തിളങ്ങിയ രാജേഷ് മാധവന്റെ പ്രകടനം എടുത്തു പറയണം. സമൂഹത്തിന്റെ സ്ഥിരം രീതികളെ ചോദ്യം ചെയ്യുന്ന കഥാപാത്രമാണ്. സംശയം നിഴലിക്കുന്ന മുഖവും അഭിനയവുമായി പ്രേക്ഷകരെ പിടിച്ചിരുത്താൻ കക്ഷിക്ക് കഴിയുന്നുണ്ട്. നിവിൻപോളി സിനിമയാണെന്ന്‌ തോന്നുമെങ്കിലും അത്രയും തന്നെയോ ഒരുപടി മുകളിലോ വിനയ്‌ഫോർട്ടിനും പ്രാധാന്യമുണ്ട്. അദ്ദേഹം ഗംഭീരമായി തന്നെ തന്റെ റോൾ ചെയ്‌തിട്ടുമുണ്ട്. ഹോട്ടൽ മാനേജരായും 'ഫോണിലെ" കാമുകി കഥാപാത്രത്തെ പ്രണയിക്കുന്ന അസലൊരു 'കാമുക"നായും പരകായപ്രവേശം നടത്തുന്നുണ്ട്.

kalaham

ഹാസ്യത്തോടൊപ്പം പലയിടങ്ങളിലും പലതരം ചിന്തകളും കൊണ്ടു വരുന്നുണ്ട്. സിനിമാക്കാരോടുള്ള സമൂഹത്തിന്റെ താത്പര്യവും കൃത്യമായ ശമ്പളം കിട്ടാതെ പണിയെടുക്കേണ്ടി വരുന്ന ജീവനക്കാരുടെ അവസ്ഥയും ചിത്രത്തിൽ തുറന്നുകാട്ടുന്നു. അതിലുപരി ഒരു ജൂനിയർ ആർട്ടിസ്റ്റ്‌ നേരിടുന്ന പ്രശ്‌നങ്ങളെയും പറയുന്നുണ്ട്. കോമഡി തലത്തിലേക്ക് സിനിമയെ ഉയർത്താൻ ശ്രമിച്ചതോടെ പലയിടങ്ങളിലും തമാശ വലിച്ചു നീട്ടുന്നതായി തോന്നും. പ്രത്യേകിച്ചും ജാഫർ ഇടുക്കിയുടെ മദ്യപാനിവേഷത്തിൽ. സുധീഷ്, ജോയ് മാത്യു, ശിവദാസ് കണ്ണൂർ എന്നിവരും തങ്ങളുടെ വേഷത്തോട് നീതി പുലർത്തിയിട്ടുണ്ട്.

യാക്‌സൻ ഗാരി പെരേരയുടെയും നേഹ നായരുടേതുമാണ് സംഗീതം. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറ പ്രേക്ഷകരെ മൊത്തത്തിൽ സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നുണ്ട്. ദാമ്പത്യജീവിതത്തിലെ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി ചേർക്കാവുന്ന ഒരു സാധാരണ ചിത്രം. അതാണ്, കനകം കാമിനി കലഹം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOVIE, FILM, REVIEW, KANAKAM, NIVINPAULY, HOTSTAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.