SignIn
Kerala Kaumudi Online
Saturday, 20 April 2024 2.31 AM IST

എന്നേ വരേണ്ടിയിരുന്ന ഒരു നിയമ നിർമ്മാണം

niyamasabha

നിയമനിർമ്മാണങ്ങൾക്കായി മാത്രം വിളിച്ചുകൂട്ടിയ ഇത്തവണത്തെ നിയമസഭാ സമ്മേളനം ലക്ഷ്യം കണ്ടുവെന്നത് അഭിനന്ദനീയമാണ്. കൊണ്ടുവന്ന 35 ബില്ലുകളിൽ മുപ്പത്തിനാലും പാസാക്കിയെടുക്കാൻ കഴിഞ്ഞു. വഴക്കും വക്കാണവും ഇറങ്ങിപ്പോക്കും ബഹിഷ്‌കരണവുമൊക്കെ തരാതരം പോലെ അരങ്ങേറിയെങ്കിലും ഇത്രയേറെ ബില്ലുകൾ പാസാക്കിയെടുക്കാൻ പ്രതിപക്ഷവും അകമഴിഞ്ഞു പിന്തുണ നൽകി.അവതരിപ്പിക്കപ്പെട്ട 35 ബില്ലുകളിലൊന്ന് പൊതുജനാരോഗ്യരംഗവുമായി ബന്ധപ്പെട്ടതായിരുന്നു. കൂടുതൽ വിശദമായ പരിഗണന വേണ്ടതിനാൽ അത് സബ്‌ജക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. സഭ കടന്ന 34 ബില്ലുകളിൽ മുപ്പതും ഏകകണ്ഠമായാണ് പാസാക്കിയെന്നതും പുതുമയായി.നിയമ നിർമ്മാണ സഭ എങ്ങനെ കൂടുതൽ ചൈതന്യവത്താക്കാമെന്ന് കാണിച്ചുതരുന്നതാണ് ഈ അപൂർവ സഹകരണം.

സഭ പാസാക്കിയ ബില്ലുകളിൽ അതീവ പ്രാധാന്യമർഹിക്കുന്നവ നിരവധിയുണ്ട്. അവയിൽ ഏറ്റവും എടുത്തു പറയാവുന്ന ഒന്ന് സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകൾക്ക് ഏകീകൃത സ്വഭാവം വരുത്തുന്നതിനുവേണ്ടിയുള്ള ബില്ലാണ്. വളരെ മുൻപേതന്നെ കൊണ്ടുവരേണ്ടിയിരുന്ന നിയമ നിർമ്മാണമാണിത്. വിദ്യാഭ്യാസ മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നിട്ടതോടെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇവിടെയും സ്വാശ്രയ വിദ്യാഭ്യാസ മേഖല തഴച്ചുവളർന്നുകഴിഞ്ഞു. സർക്കാർ - എയ്‌ഡഡ് സ്ഥാപനങ്ങളുടെ പല മടങ്ങു വരും അവയുടെ സംഖ്യ. ഉന്നത വിദ്യാഭ്യാസ മേഖല ആർക്കും കൈയെത്താവുന്ന തരത്തിൽ സാദ്ധ്യമാക്കിയത് സ്വാശ്രയ മേഖല നിലവിൽ വന്നതോടെയാണെന്നു പറയാം. അതീവ മിടുക്കന്മാർക്കു മാത്രമാണ് രണ്ടു പതിറ്റാണ്ടിനു മുൻപ് മെഡിക്കൽ - എൻജിനിയറിംഗ് വിദ്യാഭ്യാസം സാദ്ധ്യമായിരുന്നതെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി.

സ്വാശ്രയ കോളേജുകൾ ധാരാളമായി വന്നെങ്കിലും അവിടെ ജോലിയെടുക്കുന്ന അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവന - വേതന വ്യവസ്ഥ ഒട്ടും തന്നെ തൃപ്തികരമാണെന്നു പറയാനാവില്ല. പഠിപ്പിക്കുന്നത് കോളേജിലാണെങ്കിലും നഴ്‌സറി അദ്ധ്യാപകരുടെ വേതനം പോലും ലഭിക്കാത്ത നിരവധി പേർ ഈ രംഗത്തുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. . അനദ്ധ്യാപക ജീവനക്കാരുടെ കാര്യത്തിലാണെങ്കിൽ വലിയ വിവേചനമാണു നിലനിൽക്കുന്നത്. നിയമസഭ പാസാക്കിയ ബിൽ നിയമമായി പ്രാബല്യത്തിൽ വരുന്നതോടെ സ്വാശ്രയ കോളേജുകളിൽ ഏകീകൃത സേവന വ്യവസ്ഥ നിലവിൽ വരുമെന്നു കരുതാം.

സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെയും അദ്ധ്യാപകേതര ജീവനക്കാരുടെയും സേവന വ്യവസ്ഥകൾ സർക്കാർ - എയ്‌ഡഡ് കോളേജുകളിൽ പ്രവൃത്തിയെടുക്കുന്ന ജീവനക്കാരുടേതിനു തുല്യമാകാൻ പോവുകയാണ്. ജോലിസമയം, അവധി ആനുകൂല്യങ്ങൾ എന്നിവയ്ക്കു പുറമെ നിയമന സമയത്തുതന്നെ നിശ്ചിതമായ വേതന ഘടനയും ഉറപ്പുവരുത്താൻ നിയമത്തിൽ വ്യവസ്ഥ ഉണ്ടാകും. ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, പ്രൊമോഷൻ, നിയമന കാലാവധി, ജോലിസമയം തുടങ്ങിയവ സംബന്ധിച്ച് നിയമന വേളയിൽത്തന്നെ മാനേജുമെന്റുമായി കരാർ ഒപ്പിടണം. ജീവനക്കാർക്കെതിരെ മാനേജ്‌മെന്റിന് അച്ചടക്ക നടപടി സ്വീകരിക്കാൻ അവകാശമുണ്ടാകുമെങ്കിലും അതിനെതിരെ സർവകലാശാലയ്ക്കു പരാതി നൽകി പരിഹാരം കാണാൻ ജീവനക്കാരന് അവകാശമുണ്ടായിരിക്കും. 1957-ലെ പ്രസിദ്ധമായ വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിനുശേഷം പിറവിയെടുക്കുന്ന അഭിമാനകരമായ ബില്ലാണ് സ്വാശ്രയ മേഖലയിലെ ജീവനക്കാർക്കായി കൊണ്ടുവന്നിരിക്കുന്നതെന്ന സർക്കാരിന്റെ അവകാശവാദം അക്ഷരം പ്രതി സാധൂകരിക്കുന്നതാണ് അതിലെ വ്യവസ്ഥകൾ. സ്കൂൾ തലത്തിലും പ്രീ സ്‌കൂൾ തലത്തിലും കൂടി സമാന രീതിയിൽ അദ്ധ്യാപകർക്ക് സംരക്ഷണം നൽകാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും അടിയന്തര നടപടി ഉണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.