SignIn
Kerala Kaumudi Online
Friday, 19 April 2024 10.49 AM IST

ലഹരി മരുന്നും നിയമങ്ങളും

narcotoc

ശിക്ഷ വർദ്ധിപ്പിച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയില്ല. ഉത്തമ മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭിക്കുകയും പൗരനെന്ന നിലയിൽ സമൂഹത്തോടുള്ള കടമയും കടപ്പാടും ബോധവത്‌കരണത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും ബോദ്ധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഏതൊരു രാജ്യത്തും കുറ്റകൃത്യങ്ങൾ കുറയുന്നത്. കിരാതമായ വധശിക്ഷകൾ നിലവിലുള്ള രാജ്യങ്ങളിൽ പോലും കുറ്റകൃത്യങ്ങൾ അപ്രത്യക്ഷമായിട്ടില്ല. ശിക്ഷയെ സംബന്ധിച്ച ഭയം ഒരു പരിധിവരെ കുറ്റകൃത്യങ്ങളിൽനിന്ന് വ്യക്തികളെ അകറ്റിനിറുത്താൻ ഉപകരിക്കുമെന്നത് ശരിയാണ്. അതേസമയം ശിക്ഷയുടെ തോത് അടിയ്ക്കടി വർദ്ധിപ്പിച്ചുകൊണ്ടിരുന്നാൽ കുറ്റകൃത്യങ്ങൾ കുറഞ്ഞുവരും എന്ന് കരുതുന്നത് തെറ്റാണെന്നാണ് അനുഭവ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഉദാഹരണമായി ലഹരി മരുന്ന് ഉപയോഗവും വില്പനയും മറ്റുമായി ബന്ധപ്പെട്ട് നിലവിൽ വധശിക്ഷ വരെയുണ്ട്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും ലഹരിമരുന്നിന് അടിമയാകുന്നവരുടെ എണ്ണവും ഇതിന്റെ വില്പനരംഗത്ത് പ്രവർത്തിക്കുന്നവരുടെ എണ്ണവും കൂടിവരികയാണെന്ന് സർക്കാരിന്റെ തന്നെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് ബോദ്ധ്യപ്പെട്ടതുകൊണ്ട് കൂടിയാകാം ഇക്കാര്യത്തിൽ ഒരു മാറിയ സമീപനം വേണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് തോന്നിയത്. അതിന്റെ ഭാഗമായാണ് ലഹരി, മയക്കുമരുന്ന് അടിമകളെ കുറ്റവാളികളാക്കാതെ ഇരകളായി കാണണമെന്ന നിർദ്ദേശം ഈ വകുപ്പ് മുന്നോട്ടുവച്ചത്. ഇതുപ്രകാരമാണ് മയക്കുമരുന്ന് ചെറിയ തോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനും മയക്കുമരുന്നിന്റെ കടത്തും വില്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും കേന്ദ്രം നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. നിരപരാധികളെ കേസിൽ കുടുക്കുന്നവർക്കും കടുത്ത ശിക്ഷ ഉണ്ടാകും. നിയമത്തിന്റെ കരട് തയ്യാറായി വരുന്നതേ ഉള്ളൂ. ലഹരി മരുന്ന് വിഷയത്തോട് കൂടുതൽ യാഥാർത്ഥ്യബോധമുള്ള ഒരു സമീപനമായി വേണം ഈ മാറ്റത്തെ

വിലയിരുത്താൻ.

നടൻ ഷാരൂഖ്‌ഖാന്റെ മകൻ ആര്യൻഖാനെതിരെയുള്ള മയക്കുമരുന്ന് കേസിന്റെ പശ്ചാത്തലത്തിൽ പുതിയ തലമുറയെ പിടിച്ചാലുടനെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം രാജ്യവ്യാപകമായി ഉയർന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നിയമത്തിൽ മാറ്റം വരുന്നത്. ഈ മാസം തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമത്തിലെ മാറ്റം സംബന്ധിച്ച ബിൽ അവതരിപ്പിച്ചേക്കും.

പലപ്പോഴും മയക്കുമരുന്ന് കേസുകളിൽ വലിയ സ്രാവുകളൊന്നും വലയിലാവാറില്ല. അത് ഉപയോഗിക്കുന്നവരും ഇടനിലക്കാരുമാണ് പിടിയിലാവുന്നത്. മയക്കുമരുന്ന് ഉത്ഭവിച്ച സ്രോതസിലേക്ക് അന്വേഷണം നീളാറില്ല. ചെറുകിടക്കാർ പിടിയിലാവുന്നതിന് വമ്പിച്ച വാർത്താപ്രാധാന്യം ലഭിക്കുകയും പിടിയിലായവർക്ക് കോടതികൾ നിലവിലുള്ള നിയമം അനുസരിച്ച് കനത്ത ശിക്ഷകൾ നൽകുകയും ചെയ്യാറുണ്ട്. എന്നാൽ മയക്ക് മരുന്നിന്റെ വ്യാപനവും കച്ചവടവും ഇതിനാൽ കുറയാറില്ല. ഇതിന്റെ പ്രധാന കാരണം യഥാർത്ഥ കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെടുന്നില്ല എന്നതിനാലാണ്. ശതകോടികളുടെ ഇടപാടുകളായതിനാൽ ഉദ്യോഗസ്ഥന്മാർ പോലും ഒരു പരിധി കഴിഞ്ഞ് മുന്നോട്ട് നീങ്ങാറില്ല. ഇതിൽ മാറ്റം വരണം. ഇങ്ങേയറ്റത്തെ ഇത്തിൾക്കണ്ണികളല്ല യഥാർത്ഥ കുറ്റവാളികൾ എന്ന അവബോധം സമൂഹത്തിലും ഉണ്ടായി വരണം. പുതിയ നിയമത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡി അഡിക്‌ഷൻ ബോധവത്‌കരണം നടത്താനുള്ള നിർദ്ദേശവും സ്വാഗതാർഹമാണ്. ഭാവിയിൽ ഫലപ്രദമായി മാറുന്ന ഇടപെടലായി ഇത് മാറുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.