SignIn
Kerala Kaumudi Online
Friday, 29 March 2024 8.09 PM IST

കലക്കവെള്ളത്തിൽ ചൂണ്ടയിട്ട് ഓൺലൈൻ പലിശ മാഫിയ

online-

കൊവിഡ് കാലവും കൊവിഡാനന്തരകാലവും വറുതിയുടേതാണെന്നത് ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തങ്ങളും ദുരിതങ്ങളും മഹാമാരികളുമുണ്ടാകുമ്പോൾ തട്ടിപ്പുകാരും വക്രബുദ്ധിക്കാരും കൂടുമെന്നതും നമ്മൾ കണ്ടറിയുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓൺലൈനിൽ പെരുകുന്ന തട്ടിപ്പുകൾ. ഉപ്പുതൊട്ടു കർപ്പൂരം വരെയുളള സാധനങ്ങൾ മുതൽ ചില്ലറ വായ്പകൾ വരെ ഓൺലൈനിൽ നിന്ന് കിട്ടും. ഇതിന്റെയെല്ലാം മറവിൽ വലിയ വഞ്ചനയും നടക്കുന്നുണ്ടെന്നതാണ് സത്യം. കൊള്ളപ്പലിശ ഈടാക്കി അത്യാവശ്യക്കാരന് പണം വായ്പ നൽകുന്ന നാടൻ ബ്ലേഡ് കമ്പനിക്കാരെപ്പോലും കടത്തിവെട്ടുന്ന ഓൺലൈൻ പലിശ മാഫിയ ഒരു വശത്ത് പിടിമുറുക്കുമ്പോൾ, തട്ടിപ്പിന് ചുക്കാൻ പിടിക്കാൻ ചൈനീസ് ആപ്പുകൾ വരെ സജീവം. ഓൺലൈൻ ലോൺ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

അവയെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും വിലക്കുകയും ചെയ്തു. എന്നാൽ പുതിയ തരം ആപ്പുകൾ സോഷ്യൽ മീഡിയ ലിങ്ക് വഴിയാണ് പ്രചരിക്കുന്നത്. ചില ആപ്പുകളുടെ പേരും ഐക്കണും മാറി, പ്ലേ സ്റ്റോറിൽ തന്നെ വീണ്ടും സ്ഥാനം പിടിച്ചു. പണത്തിന് ആവശ്യമുള്ള സമയത്ത്, ആരുടെ മുന്നിലും കൈനീട്ടാതെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുന്നു എന്നതാണ് ഓൺലൈൻ മാഫിയകളുടെ പ്രധാന ആകർഷണം. പക്ഷേ പണം ആവശ്യക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതോടെ അവർ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയിൽ അയാൾ വീണിരിക്കും.

ഗൂഗിൾ പോലുള്ള ഓൺലൈൻ സേർച്ച് എൻജിനുകൾ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ ആണ് ഓൺലൈൻ ലോൺ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾ അറിയുന്നത്. ആകർഷകമായ പരസ്യങ്ങളിലും, വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകർഷിക്കപ്പെട്ട് പണം ആവശ്യമുള്ളവർ അതിൽ ക്ലിക്ക് ചെയ്യും. തുടർന്ന് ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. പണം അത്യാവശ്യമുള്ളയാളുകൾ എത്ര പണമാണോ ആവശ്യപ്പെടുന്നത് അത് നൽകും. അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സെൽഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടുന്നു. മൊബൈൽ ഫോണിലെ ഗ്യാലറിയിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റ് സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ഫോൺ നമ്പറുകൾ, എന്നിവ മുഴുവൻ കരസ്ഥമാക്കുകയും, ഫോൺ കോൾ, എസ്.എം.എസ്, കാമറ എന്നിവ പ്രവർത്തിപ്പിക്കാനുള്ള അനുവാദം നേടുകയും ചെയ്യും. ഓരോരുത്തരുടെയും ക്രയശേഷി നോക്കിയാണ് ലോൺ തുക പാസാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ പെടുന്ന അത്യാവശ്യക്കാർ ഏത് വിധേനയും ലോൺ തരപ്പെടുത്തുന്നതിന് അവർ ആവശ്യപ്പെടുന്നതെന്തും നൽകാൻ തയ്യാറാകും.

ബ്ളേഡ് ഒന്നുമല്ല

ഉപഭോക്താവ് ആവശ്യപ്പെടുന്നത് 10,000 രൂപയാണെങ്കിൽ നൽകുന്നത് രണ്ടായിരം രൂപ കിഴിച്ച് 8000 രൂപയാകും. മുൻകൂർ പിടിക്കുന്നത് 2000 രൂപയും. മുഴുവൻ തുകയുടെയും തിരിച്ചടവ് കാലാവധി ഒരു മാസമാണ്. തിരിച്ചടച്ചില്ലെങ്കിൽ ഫോണിൽ വിളിച്ചും വാട്‌സ് ആപ്പ് സന്ദേശമയച്ചും സോഷ്യൽ മീഡിയയിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തും. പണം വാങ്ങി തിരിച്ചു നൽകാത്തയാളാണെന്ന് സുഹൃത്തുക്കളെയും ഉപഭോക്താവ് ജോലി ചെയ്യുന്ന സ്ഥാപനമുടമയെയും വിളിച്ചറിയിക്കും. അവർക്ക് വാട്‌സ്ആപ്പ് സന്ദേശമയയ്‌ക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഭയന്ന് ഭൂരിഭാഗം ആളുകളും എങ്ങനെയെങ്കിലും പണം തിരിച്ചടക്കും. ഭീഷണികൾ വിലപ്പോയില്ലെങ്കിൽ ഉപഭോക്താവിന്റെ ഫോണിലെ ഗാലറിയിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുമെന്ന ഭീഷണി സന്ദേശങ്ങൾ അയയ്‌ക്കുകയും, പലിശയും പണവും തിരിച്ചടയ്ക്കാത്തവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും അവർ പ്രചരിപ്പിക്കുകയും ചെയ്യും. ചുരുക്കത്തിൽ നാട്ടിലുളള ബ്ളേഡ് കമ്പനിക്കാരേക്കാൾ പതിൻമടങ്ങ് അപകടകാരികളാണിവർ.

പരസ്യങ്ങൾ പലവിധം

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ഓൺലൈൻ വഴിയുളള ലോൺ തട്ടിപ്പുകൾ കൂടുന്നതായാണ് സൈബർ പൊലീസ് പറയുന്നത്. എസ്.എം.എസ് വഴിയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വാരിക്കോരി നൽകുന്ന പരസ്യങ്ങളിലൂടെയുമാണ് തട്ടിപ്പുകളേറെയും. ഒരു തട്ടിപ്പ് രീതി പിടിക്കപ്പെട്ടാൽ മറ്റ് ശൈലികളിലേക്ക് കടക്കും. സ്ത്രീകൾക്ക് ഒരു ശതമാനവും പുരുഷൻമാർക്ക് രണ്ട് ശതമാനവും പലിശ നിരക്കിൽ ലോൺ ശരിയാക്കാമെന്ന മോഹന വാഗ്ദാനം നൽകിയായിരുന്നു എസ്.എം.എസ് വഴി തട്ടിപ്പ് നടത്തിയിരുന്നത്. കുടുങ്ങുന്നവരെ എക്‌സിക്യൂട്ടീവ് ഏജന്റ് എന്നു പരിചയപ്പെടുത്തി സംസാരിച്ച് ആധാർ, പാൻ കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ വാട്‌സാപ്പിലൂടെ വാങ്ങും. ലോൺ അംഗീകരിച്ചതായി അയച്ചു കൊടുക്കും. വിവിധ സാമ്പത്തികസ്ഥാപനങ്ങളുടെ വെബ് വിലാസങ്ങളിൽ നിന്ന് ലഭിക്കുന്ന എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് അയയ്ക്കും. എഗ്രിമെന്റ് ഫീസ് അടയ്ക്കാൻ ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റു വിവരങ്ങളും നൽകും. എഗ്രിമെന്റ് ഫീസ് അടച്ചു കഴിഞ്ഞാൽ വാട്‌സാപ്പിലൂടെ അനുമതിരേഖ അയച്ചു കൊടുക്കും. ലോൺ തുക അക്കൗണ്ടിലേക്കു കയറുന്നില്ലെന്നും ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും അതിന് വീണ്ടും തുക വേണമെന്നും പറഞ്ഞ് പണം ഈടാക്കും. എ.ടി.എം കാർഡ് വഴി പണം പിൻവലിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യും. ഇങ്ങനെ തട്ടിപ്പ് നടത്തിയ രണ്ട് ഡൽഹി സ്വദേശികളെ തൃശൂർ സൈബർ പൊലീസ് പിടികൂടിയിരുന്നു. ആളുകളെ ആകർഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ ലിങ്കുകളും നൽകും.

മൂന്ന് രീതികൾ

പ്രലോഭനം, ഭീഷണി, ആൾമാറാട്ടം എന്നിങ്ങനെ മൂന്ന് രീതികളാണ് തട്ടിപ്പുസംഘങ്ങൾക്കുളളത്. എസ്.ബി.ഐയുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് വരെ നിരവധി പണം തട്ടിപ്പുകളുണ്ടായി. വെബ്സൈറ്റുകൾ വ്യാജമായി നിർമ്മിക്കുന്നത് വ്യാപകമായിട്ടുണ്ട്. അക്കൗണ്ട് പ്രവർത്തന രഹിതമായെന്നും എത്രയും വേഗം കെ.വൈ.സി വിവരം നൽകണമെന്ന മെസേജുകൾ വഴിയായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ഈ മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്‌സൈറ്റിലേക്കാണ്. സാധാരണഗതിയിൽ ആർക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരം കൊടുത്താൽ ഒ.ടി.പി പോലും നൽകാതെ അക്കൗണ്ടിൽ നിന്ന് പണം പോകും.

തട്ടിപ്പിനെതിരെ പൊരുതാൻ

സൈബർ പൊലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് തട്ടിപ്പിനെതിരെയുളള പോംവഴി. സോഫ്റ്റ് വെയറുകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക, ആന്റിവൈറസ് ഫയർവാളുകൾ ഉപയോഗിക്കുക, പാസ് വേഡുകൾ ശക്തമാക്കുക, ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക, അപരിചിതമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യാതിരിക്കുക, പബ്‌ളിക് വൈഫൈ ഉപയോഗിച്ചുളള ബാങ്കിംഗ് ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ ഡാറ്റ ബാക്ക് അപ്പ് ചെയ്യുക, വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക, സംശയകരമായ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാൻ അക്കൗണ്ട് നിരീക്ഷിക്കുക എന്നിവയാണ് പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ. സൈബർ തട്ടിപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമ്പോൾ ടോൾഫ്രീ നമ്പർ 155260 ലേയ്ക്ക് വിളിക്കാം. https://cybercrime.gov.in. ഇതിൽ തട്ടിപ്പുകൾ അറിയിക്കാനും കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.