SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.34 PM IST

അവിശ്വസനീയമായ ഒരു ജയിൽചാട്ടം

df

ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിപ്പോന്നിരുന്ന ജയിലുകളിൽ ഒന്നിൽനിന്ന് അതിവിദഗ്ദ്ധമായി മൂന്ന് കുറ്റവാളികൾ രക്ഷപ്പെടുക,​ അവർ രക്ഷപ്പെട്ടോ പാതിവഴിയിൽ വീണ് മരിച്ചോ എന്ന് ഇന്നും ലോകത്തിന് അജ്ഞാതമായി തുടരുക... അവിശ്വസനീയമായ ഒരു ജയിൽചാട്ടക്കഥ...

♦ 1934 മുതൽ 1964 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്ന് 1.25 മൈൽ അകലെ അൽക്കട്രാസ് ദ്വീപിൽ 12 ഏക്കറിലായിരുന്നു ജയിൽ. ദ്വീപിന്റെ പേരിൽ തന്നെ ജയിലും അൽക്കട്രാസ് ജയിൽ എന്ന് അറിയപ്പെട്ടു. അകത്തുനിന്നോ പുറത്തുനിന്നോ ഒരീച്ചപോലും ഉള്ളിലേക്കോ പുറത്തേക്കോ കടക്കാത്ത വിധത്തിലായിരുന്നു ജയിലിന്റെ നിർമാണം. അത്രമാത്രം സുരക്ഷാസംവിധാനങ്ങളായിരുന്നു ജയിലിൽ. നാലുവശവും മരംകോച്ചുന്ന തണുപ്പ് ജലമുള്ള കടൽ. ഉയരംകൂടിയ കമ്പിവേലികളും കോൺക്രീറ്റ് മതിലുകളും. കുറ്റവാളികൾക്ക് കുളിക്കാൻ ചൂടുവെള്ളം മാത്രം. കുളിക്കാൻ ചൂടുവള്ളം നൽകിയിരുന്ന ഒരേയൊരു ജയിലായിരുന്നു അൽക്കട്രാസ്. ദിവസവും ചൂടുവെള്ളത്തിൽ കുളിച്ച് ശീലിച്ച കുറ്റവാളികളിൽ ആരെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ചാൽ കടലിലെ കഠിനമായ തണുപ്പ് വെള്ളത്തിൽ അവർക്ക് അതിജീവിക്കാനുള്ള ശേഷി ഇല്ലാതാക്കുകയാണ് ഈ ചൂടുവെള്ളത്തിലെ കുളിയുടെ തന്ത്രം. മാനസിക പ്രശ്നങ്ങളുള്ള സീരിയൽ കൊലപാതകികൾ, മറ്റു ജയിലുകളിൽ നിന്നും തടവ് ചാടാൻ ശ്രമിച്ച് പരാജയപ്പെട്ടവർ... ഇങ്ങനെയുള്ള കൊടുംകുറ്റവാളികളുടെ അവസാന കുടുക്കായിരുന്നു, അൽക്കട്രാസ് ജയിൽ . ജയിലിന്റെ ഓരോ മൂലയിലും സദാസമയവും തോക്കുകളുമായി ഉന്നം പിഴയ്ക്കാത്ത നിരവധി ഉദ്യോഗസ്ഥർ ഉണ്ടാകും. ഉള്ളിൽ മൂന്ന് ബ്ലോക്കുകളുള്ള വലിയ ജയിലിൽ ഏത് സമയത്തും ഉദ്യോഗസ്ഥർ വരാന്തയിൽ റോന്ത് ചുറ്റുന്നുണ്ടാകും. ഇടയ്ക്കിടെയുള്ള അപ്രതീക്ഷിതമായ പരിശോധന വേറെ. ഇതിനെയെല്ലാം മറികടന്ന് ഒരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് പ്രത്യക്ഷത്തിൽ ആത്മഹത്യാശ്രമത്തിനു തുല്യമായിരുന്നെങ്കിലും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. 30ലേറെ ജയിൽചാട്ട ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും 29ഉം പരാജയപ്പെട്ടു. അവരിൽ ചിലരെ കാവൽക്കാർ വെടിവച്ച് കൊന്നു. മറ്റു ചിലർ കടലിൽ മുങ്ങിമരിച്ചു. എന്നാൽ, ഒരു ജയിൽചാട്ടം ചരിത്രമായി. ആ ചരിത്രത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് പിന്നീട് ലോകത്തിനോ ചരിത്രകാരന്മാർക്കോ യാതൊരു അറിവുമില്ല.

തയാറെടുപ്പുകൾ

ആംഗ്ലിൻ സഹോദരന്മാർ ( ജോൺ ആംഗ്ലിൻ & ക്ലാറെൻസ് ആംഗ്ലിൻ) രണ്ടുപേരും അറിയപ്പെട്ട മോഷ്ടാക്കളായിരുന്നു .ഇരുവരും ഒരുമിച്ചായിരുന്നു എല്ലാ പദ്ധതികളും പ്ലാൻ ചെയ്തിരുന്നത്. ഒരു ബാങ്ക് കൊള്ളയ്ക്കിടയിൽ പിടിക്കപ്പെട്ട ഇവർ അറ്റ്ലാന്റയിലെ ജയിലിൽ നിന്ന് (Atlanta federal prison) രക്ഷപ്പെടാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടു. ആ ശ്രമം അവരെ 1960 ഒക്ടോ.21 നു അൽക്കട്രാസിലെത്തിച്ചു. ഫ്രാങ്ക് മോറിസ് അനാഥനായിരുന്നു. വളരെ ചെറുപ്പം മുതൽ കുറ്റവാളിയായ ഫ്രാങ്കും അതേ ജയിലിൽനിന്ന് തടവറ ചാടാൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടതാണ് 1960 അൽക്കട്രാസിലെത്താൻ കാരണം . ജയിൽ ജീവിതം ആരംഭിക്കവേ അവിടെ വെച്ച് അലെൻ വെസ്റ്റ് (Allen west) എന്നൊരാളുമായി ഇവർ പരിചയപ്പെട്ടതു മുതലാണ് അൽക്കട്രാസിലെ ജയിൽചാട്ട ചരിത്രം ആരംഭിക്കുന്നത്. ഇവരേക്കാൾ മൂന്ന് വർഷം മുമ്പേ അവിടെ എത്തിയ അലനു ജയിലിന്റെ ഭൂപ്രകൃതി നന്നായി അറിയാമായിരുന്നു. ഒരിക്കൽ ജയിൽ ബ്ലോക്കിന്റെ മേല്കൂര വൃത്തിയാക്കുമ്പോൾ ഒരു ചെറിയ വെന്റിലേറ്റർ അലന്റെ ശ്രദ്ധയിൽപെട്ടു. അലൻ അത് സൂക്ഷ്മമായി പരിശോധിച്ചു. പൊടിപിടിച്ചു വൃത്തികേടായ അതിനുള്ളിലൂടെ ഒരാൾക്ക് കഷ്ടിച്ച് ശരീരം കടത്താം. അതിലൂടെ കയറിയാൽ അൽക്കട്രാസ് ജയിലിന്റെ മേല്ക്കൂരയിലെത്താം എന്ന് അലൻ മനസിലാക്കി. അടുത്തടുത്ത സെല്ലുകളിലുള്ള നാൽവർസംഘം അങ്ങനെ ജയിൽചാട്ടത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി. മെസ്സിൽ നിന്നും മോഷ്ടിച്ച സ്പൂൺ ആയിരുന്നു മുഖ്യആയുധം. സ്പൂൺ ഉപയോഗിച്ച് കോൺക്രീറ്റ് ചുരണ്ടുമ്പോൾ ശബ്ദം പുറത്തുള്ള പാറാവുകാർ കേൾക്കാതിരിക്കാൻ അവർ ഒരു വിദ്യയും പ്രയോഗിച്ചു ,ഒരാൾ ചുരണ്ടുമ്പോൾ മറ്റേ ആൾ ഉച്ചത്തിൽ ഏതെങ്കിലും വാദ്യോപകരണം വായിക്കും. രാത്രി അല്പസമയം സംഗീത ഉപകരണങ്ങൾ വായിക്കാൻ അവർക്കു അനുമതിയുണ്ടായിരുന്നു. ഏതു സമയത്തായാലും ഒരാൾ ജോലി ചെയ്യുമ്പോൾ മറ്റേയാൾ കാവൽ നില്ക്കും. ഇടനാഴിയിലെ പൊലീസ് സെല്ലിന് അടുത്തെത്താറാകുമ്പോൾ കാവൽ നിൽക്കുന്നയാൾ അടുത്തുള്ളവന് പ്രത്യേക സിഗിനൽ കൈമാറും . മാത്രമല്ല കോൺക്രീറ്റ് മതിലിൽ അവർ നടത്തിയ കലാപരിപാടികൾ മറയ്ക്കാനായി മതിലിന്റെയും വെന്റിലെറ്ററിന്റെയും ഒരു കൃത്രിമ രൂപം കാർഡ്ബോർഡിൽ നിർമിച്ച് അതേ നിറത്തിൽ അതിനു ചായവും പൂശി അതേസ്ഥാനത്ത് വച്ചു.

തയാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക്

നിരവധി മാസങ്ങൾ പിന്നിട്ടപ്പോൾ ഒരാളുടെ ശരീരം കഷ്ടിച്ച് പുറത്ത് കടത്താവുന്ന രൂപത്തിൽ അവർ ഒരു ദ്വാരം നിർമിച്ചു. മാസങ്ങളുടെ പരിശ്രമഫലമായി തങ്ങൾ താമസിക്കുന്ന സെല്ലിന്റെ പുറത്തെത്താനുള്ള വഴിയൊരുക്കാൻ അവർക്കു കഴിഞ്ഞു. അതിലൂടെ കടന്നു ജയിൽ ബ്ലോക്കിന്റെ മുകളിലെത്തി നേരത്തെ കണ്ട ദ്വാരത്തിലൂടെ ജയിലിന്റെ മേല്ക്കൂരയിലെത്തി താഴെയിറങ്ങി പുറത്ത് കടന്നാലും തങ്ങളുടെ മുമ്പിലുള്ള കടലിനെ മറികടക്കാനും വഴികണ്ടെത്തണം. അവിടെയും ബുദ്ധി ഉണർന്നു. ജയിലിലെ ജാക്കറ്റുകൾ മോഷ്ടിച്ച് അവ ഉപയോഗിച്ച്, അവർ ചങ്ങാടമുണ്ടാക്കി.

1962 ജൂൺ 11.തിങ്കൾ രാത്രി 9.30 ന് ജയിലിൽ ഉറങ്ങാനായി ലൈറ്റ് അണച്ചപ്പോൾ നാല് പേരും രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു. ഡമ്മി കട്ടിലിൽ വെച്ച് മോറിസാണ് ആദ്യം പുറത്തുകടന്നത്. നിർഭാഗ്യവശാൽ പദ്ധതിയുടെ മുഖ്യ സൂത്രധാരകനായ അലെൻ വെസ്റ്റിനു അന്ന് ശരീരത്തെ തന്റെ സെല്ലിന്റെ അകത്തെ വെന്റിലേറ്ററിനകത്തൂടെ കടത്താൻ കഴിഞ്ഞില്ല. ബ്ലോക്കിനു മുകളിലെത്തിയ മൂന്നു പേരും തങ്ങൾ നേരത്തെ കണ്ടുവെച്ച വഴിയിലൂടെ അൽക്കട്രാസ് ജയിലിന്റെ മേല്ക്കൂരയിലെത്തി. അവിടെനിന്നും ജയിലിന്റെ താഴെയിറങ്ങി കടലിനരികെയെത്തി. ചങ്ങാടം വെള്ളത്തിലിറക്കി , ഈ സമയമായപ്പോഴേക്കും അലൻ പുറത്ത് കടന്നു ജയിൽ ബ്ലോക്കിന്റെ മുകളിലെത്തിയിരുന്നു. പക്ഷെ സമയം വൈകിയിരുന്നു . മറ്റുള്ളവർ ചങ്ങാടം ഇറക്കി യാത്രയാകുമ്പോൾ പദ്ധതിയുടെ മുഖ്യആസൂത്രകന് നിരാശയോടെ തന്റെ ജയിലറയിലേക്ക് തന്നെ മടങ്ങി വരേണ്ടിവന്നു.

പിറ്റേന്ന് രാവിലെ മുതൽ അന്വേഷണം

കടലിൽനിന്ന് രക്ഷപ്പെട്ടവരുടേതെന്ന് കരുതുന്ന കുറേ വിലപിടിപ്പുള്ള രേഖകൾ കിട്ടി. ചങ്ങാടം തകർന്ന് പ്രതികൾ മൂവരും മരണപ്പെട്ടിരിക്കും എന്ന ശക്തമായ നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥരിൽ പലരും. പക്ഷേ, ഇന്നുവരെ മൂവർസംഘത്തെ മൃതശരീരമായോ ജീവനോടെയോ ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല. ഇന്നും അവിശ്വസനീയമായ ജയിൽചാട്ട കഥകളിൽ ഒന്നാംസ്ഥാനമാണ് ഈ ജയിൽചാട്ടത്തിനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EZHUTHU LOKAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.