SignIn
Kerala Kaumudi Online
Friday, 29 March 2024 5.44 PM IST

കിഴക്കൻ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം,​ കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി നാളെ സമർപ്പിക്കും

pumb-house

ചിറ്റൂർ: വൃക്ഷവിളകൾക്കായുള്ള ഇന്ത്യയിലെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി കരടിപ്പാറയിൽ 16ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വണ്ണാമട അരുണാചല കൗണ്ടർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ സ്വിച്ച് ഓൺ കർമവും കൃഷി മന്ത്രി പി.പ്രസാദ് ഫെർട്ടിഗേഷൻ സംവിധാനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും.

മഴനിഴൽ പ്രദേശങ്ങളായ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞമ്പാറ പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് ശാശ്വതപരിഹാരമായാണ് കരടിപ്പാറ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി വരുന്നത്. ജലവിഭവ വകുപ്പിന് കീഴിലെ പൊതമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് 3.10 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കിയത്. 2021 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതി ലക്ഷ്യമിട്ടതിലും ആറുമാസം മുൻപേയാണ് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്.

171 ഏക്കർ പ്രദേശത്തുള്ള 54 കർഷകരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പൂർത്തിയാക്കിയിട്ടുള്ളത്. ഓരോ വിളകൾക്കും ഒരുദിവസം വേണ്ടുന്ന വെള്ളവും വളവും വിനിമയ നഷ്ടം കൂടാതെ വിളകളുടെ വേരുപടലങ്ങളിലേക്കു നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിയുടെ ചെലവിൽ ഇതുമൂലം ഗണ്യമായ കുറവുണ്ടാകും. അമിത ജലസേചനം കൊണ്ട് ഉണ്ടാകുന്ന കുമിൾ രോഗങ്ങൾ, മണ്ണിന്റെ ലവണാംശം വർദ്ധിക്കൽ, വിളവ് കുറവ് എന്നിവയും ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

ജലവിതരണം ഇപ്രകാരം

എല്ലായിടത്തും ജലസേചനസൗകര്യം എത്തിക്കുന്നതിനായി പി.വി.സി പൈപ്പുകൾ, ജലസേചന കുഴലുകൾ, നിയന്ത്രണ വാൽവുകൾ, വളപ്രയോഗത്തിനുള്ള വെൻച്യുറി വാൽവുകൾ, വെള്ളത്തിന്റെ അളവും മർദ്ദവും അളക്കുന്ന മീറ്ററുകൾ തുടങ്ങിയവ ഓരോ കൃഷിയിടത്തിലും സ്ഥാപിച്ചിട്ടുണ്ട്. രണ്ടര ഏക്കർ വിസ്തീർണമുള്ള ജലാശയത്തിൽ നിന്നുള്ള വെള്ളം കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാൽവുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പവർ യൂണിറ്റുകളിൽ നിന്നുള്ള വൈദ്യുതിയാണ് ഇതിനുപയോഗിക്കുന്നത്. നിരകളായി സ്ഥാപിച്ചിട്ടുള്ള വിവിധ അരിപ്പകളിലൂടെ അരിച്ച് ശുദ്ധിയാക്കിയാണ് ജലസേചന കുഴലുകളിൽ വെള്ളം എത്തിക്കുന്നത്.

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായ കർഷകരുടെ സമിതിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ആദ്യ മൂന്നുവർഷം അറ്റകുറ്റപ്പണികൾ നിർവ്വഹണ ഏജൻസി തന്നെ നടത്തും. കർഷകർക്കു ആവശ്യമായ പരിശീലനവും നല്കും. തുടർന്ന് പദ്ധതി ഗുണഭോക്തൃ സമിതിക്കു കൈമാറും.

കരടിപ്പാറയ്ക്കു പിന്നാലെ മൂങ്കിൽമട, വലിയേരി, നാവിതൻകുളം, കുന്നങ്കാട്ടുപതി, അത്തിച്ചാൽ മുണ്ടൻകൊല്ലി എന്നിവിടങ്ങളിലും സാമൂഹ്യസൂക്ഷ്മ ജലസേചന പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ആദ്യ മൂന്നെണ്ണം ഈ ഡിസംബറോടെയും രണ്ടെണ്ണം അടുത്ത മാർച്ചിലും പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DRINKING WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.