കാഠ്മണ്ഡു: നേപ്പാളിൽ വാഹനം നിയന്ത്രണം തെറ്റി തടാകത്തിലേയ്ക്ക് മറിഞ്ഞ് 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദക്ഷിണ നേപ്പാളിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള റൗത്തഹത്ത് ജില്ലയിൽ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബീഹാർ സ്വദേശികളായ ദിനനാഥ് സാഹ് (25), അരുൺ സാഹ് (30), ദിലീപ് മഹാതോ (28) , അമിത് മഹാതോ (27) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ആശുപത്രിയിൽ ചികിത്സയിലാണ്.
നേപ്പാളിലെ യമുനാമൈ റൂറൽ മുൻസിപ്പാലിറ്റിയിലെ ഗൗർചന്ദ്രപൂർ റോഡിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയ വാഹനം അടുത്തുള്ള തടാകത്തിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ബിനോദ് ഗിമിരെ പറഞ്ഞു. പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി വാഹനത്തിന്റെ ചില്ല് തകർത്ത് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും 4 പേർ മരണമടഞ്ഞിരുന്നു. ക്രെയ്ൻ ഉപയോഗിച്ചാണ് വാഹനം തടാകത്തിൽ നിന്ന് ഉയർത്തിയത്. കൊല്ലപ്പെട്ടവരെ അവരുടെ ആധാർ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |