വാഷിംഗ്ടൺ: മാർവലിന്റെ പുതിയ സൂപ്പർഹീറോ ചിത്രമായ ഷാംഗ് ചി : ദ ലജൻഡ് ഒഫ് ടെൻ റിംഗ്സ് ഹിന്ദിയിൽ മൊഴിമാറ്റി ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ നായകനായ ഷാംഗ് ചിയെ അവതരിപ്പിക്കുന്ന സിമു ലിയുവും കാറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വാഫിനയും വിമാനത്തിൽ സഞ്ചരിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ എയർഹോസ്റ്റസ് ഇരുവരോടും എന്ത് ഭക്ഷണമാണ് വേണ്ടത് എന്ന് ചോദിക്കുമ്പോൾ ബീഫ് മാത്രം ലഭ്യമായതിനാൽ അത് മതിയെന്ന് അക്വാഫിന മറുപടി നൽകുന്നു. ഹിന്ദിയിൽ മൊഴിമാറ്റി വന്നപ്പോൾ ബീഫിന് പകരം അത് വെജ് ബിരിയാണിയായി. മാംസാഹാരം ലഭ്യമല്ലെന്നും എയർഹോസ്റ്റസ് പറയുന്നു. മതവികാരം കണക്കിലെടുത്ത് ഹോട്ട്സ്റ്റാർ ബുദ്ധിപൂർവം പ്രവർത്തിച്ചതാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഉയരുന്ന പ്രതികരണം. ചിത്രം മലയാളത്തിലും തമിഴിലും മൊഴിമാറ്റിയാൽ യഥാക്രമം ബ്രഡ് ഓംലെറ്റും ഉപ്പുമാവുമാകുമെന്നും ചില വിരുതന്മാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിയ്ക്കുന്നുണ്ട്. അതേസമയം, മാർവലിന്റെ മറ്റൊരു ചിത്രമായ എറ്റേണൽസിൽ സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള ചുംബന രംഗമുള്ളതിനാൽ സൗദി അറേബ്യയും ഖത്തറും കുവൈറ്റുമടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |