SignIn
Kerala Kaumudi Online
Thursday, 25 April 2024 3.08 AM IST

ആലപ്പുഴ - ചേർത്തല കനാലിൽ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്നു

photo

ആലപ്പുഴ: പൈതൃക പദ്ധതിയിൽ ഉൾപ്പടുത്തി നവീകരണം നടക്കുന്ന ആലപ്പുഴ-ചേർത്തല കനാലിന്റെ കരയിലെ റോഡിന്റെ സംരക്ഷണ ഭിത്തി രണ്ടിടത്ത് ഇടിഞ്ഞു താഴ്ന്നു. വാഹനഗതാഗതം നിയന്ത്രിച്ചിരുന്ന ഭാഗമായതിനാൽ ദുരന്തം ഒഴിവായി. കലവൂർ പാലത്തിന് തെക്ക് മുമ്പ് ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്ന് പുനർനിർമ്മിച്ച സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു തുടങ്ങി.

കനത്തമഴയിൽ റോഡിലൂടെ വെള്ളം ശക്തിയായി ഒഴുകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് കലവൂർ ആനകുത്തി പാലത്തിനു സമീപം 20 മീറ്റർ നീളത്തിലും പാം ഫൈബറിനു പിന്നിൽ 22 മീറ്റർ നീളത്തിലും സംരക്ഷണ ഭിത്തി തകർന്നത്. ഇതിനോട് ചേർന്ന് നിന്ന വൈദ്യുതി തുണുകൾ നിലംപൊത്തുന്ന അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി എ.എസ് കനാലിന്റെ തീരത്ത് അടുത്തകാലത്താണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. നവീകരണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് കനാലിൽ നിന്ന് മണലും ചെളിയും നീക്കം ചെയ്തിരുന്നു. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചപ്പോൾ അടിഭാഗം ബലപ്പെടുന്നതിലുണ്ടായ വീഴ്ചയാണ് ഭിത്തി തകരാൻ കാരണം. സംരക്ഷണ ഭിത്തി തകർന്നതോടെ ഇതിനോട് ചേർന്ന് പുതുതായി വീതി വർദ്ധിപ്പിച്ച റോഡും ഇടിഞ്ഞ് താഴ്ന്നു. മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ 9 പാലങ്ങളും കനാലിന്റെ ആഴം വർദ്ധിപ്പിക്കലുമാണ് പദ്ധതിയിലുള്ളത്. ഇതിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. പാലം നിർമ്മാണത്തിന്റെ ഭാഗമായി കനാലിൽ സ്ഥാപിച്ചിരുന്ന മണൽബണ്ടുകൾ കഴിഞ്ഞ ദിവസം ഒലിച്ചു പോയി.

രണ്ടാമത് നിർമ്മിച്ച ഭിത്തിയും വീണു

കലവൂർ പാലത്തിന് തെക്ക് ഭാഗത്ത് നിർമ്മിച്ച സംരക്ഷണഭിത്തിയും റോഡും മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞു താഴുകയും റെഡിമിക്സുമായി വന്ന വാഹനം കനാലിൽ വീഴുകയും ചെയ്തതിനെത്തുടർന്ന്, ഇവിടെ പുതിയ സംരക്ഷഭിത്തി കെട്ടിയെങ്കിലും കഴിഞ്ഞ ദിവസം അതിലും വിള്ളലുണ്ടായി. റോഡിന്റെ കലവൂർ പാലം മുതൽ വലിയ കലവൂർ ക്ഷേത്രം വരെയുള്ളയിടങ്ങളിലെ സംരക്ഷണഭിത്തിയാണ് തുടർച്ചയായി ഇടിയുന്നത്. കിഫ്ബി ഫണ്ടിൽപ്പെടുത്തിയാണ് ആലപ്പുഴ - ചേർത്തല കനാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡും സംരക്ഷണഭിത്തിയും നിർമ്മിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ്. ഇതിനകം പലയിടങ്ങളിലായി അഞ്ച് സ്ഥലങ്ങളിലാണ് സംരക്ഷണഭിത്തി തകർന്നത്. ഇവ വീണ്ടും പുനർനിർമ്മിക്കാനുള്ള നടപടി അധികാരികൾ ആരംഭിച്ചു. പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പോളയും പായലും പഴയപടി

മട്ടാഞ്ചേരി പാലം മുതൽ കലവൂർ ജംഗ്ഷൻ വരെ നവീകരണം പൂർത്തീകരിച്ച ഭാഗത്തു കനാലിൽ വീണ്ടും പോളയും പായലും നിറഞ്ഞ് പഴയ അവസ്ഥയിലായി. മട്ടാഞ്ചേരി പാലം മുതൽ കൊമ്മാടി പാലം വരെ പോളയും പായലും വള്ളിയും കൊണ്ട് നിറഞ്ഞു. നീരൊഴുക്ക് കുറവായതാണ് അടിക്കടി പോള നിറയാൻ പ്രധാന കാരണം.

"കനാൽ നവീകരണത്തിന്റെ ഭാഗമായുള്ള സരക്ഷണ ഭിത്തയല്ല തകർന്നത്. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചതാണ് ഇത്. എ.എസ് കനാൽ നവീകരണ ജോലികൾ നടന്നുവരുന്നു

- എം.ഡി, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ

"നിർമ്മാണപ്രവർത്തനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് റോഡ് പുനനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണം.

-പ്രദീപ്, പ്രദേശവാസി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.