കൊല്ലം: കനത്ത നാശംവിതച്ച് തുടർച്ചയായി പെയ്യുന്ന മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തീരദേശമേഖല. കാലാവസ്ഥാമുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട് ഒരാഴ്ചയാവുന്നു. തൊഴിലാളി കുടുംബങ്ങൾ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മത്സ്യം കൂടുതലായി ലഭിക്കുമായിരുന്ന സീസൺ കാലത്ത് ഒന്നര മാസമെങ്കിലും മോശം കാലാവസ്ഥ കാരണം കടലിൽ പോകാൻ കഴിയാതെയായി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ സീസൺ കാലത്ത് മത്സ്യലഭ്യതയും തീരെ കുറവായിരുന്നു. ന്യൂനമർദ്ദംമൂലം കാല വ്യത്യാസമില്ലാതെ തുടർച്ചയായി മഴയും കാറ്റുമുണ്ടാകുന്നത് മത്സ്യബന്ധനത്തിന് വിലങ്ങുതടിയാണ്.
ഓഖി മുതൽ ദുരിതങ്ങൾ മാറാതെ
ഓഖി ദുരന്തത്തിന് മുൻപ് കാലാവസ്ഥാമുന്നറിയിപ്പ് അവഗണിച്ചും തൊഴിലാളികൾ കടലിൽ പോയിരുന്നു. ഒാഖിക്ക് ശേഷം കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ മുന്നറിയിപ്പുള്ളപ്പോൾ കടലിൽ പോകാൻ കഴിയാതെയായി. രണ്ടും മൂന്നും ദിവസത്തേക്ക് കടലിൽ പോകുന്ന വലിയ ബോട്ടുകളും കാലാവസ്ഥാമുന്നറിയിപ്പ് വന്നാൽ തിരികെ പോരേണ്ടി വരും. ഉൾക്കടലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആയിരം ലിറ്റർ ഡീസലെങ്കിലും വേണ്ടിവരും. ഒരു ലക്ഷം രൂപയോളമാണ് ഇതിന് ചെലവ് വരുന്നത്. ബോട്ടിൽ വാങ്ങി സൂക്ഷിക്കുന്ന 25,000 രൂപയുടെയെങ്കിലും ഐസും നഷ്ടമാകും. കൊവിഡ് കാലത്ത് കടുത്ത ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ ജീവിതം തുടർമഴകൾ മൂലം കൂടുതൽ ദുസഹമാവുകയാണ്. ഡീസലിനും മണ്ണെണ്ണയ്ക്കും ഉണ്ടായ വില വർദ്ധനവും ഈ മേഖലയെ കുടുതൽ പ്രതിസന്ധിയിലാക്കി.
തുടർച്ചയായ മഴ മത്സ്യത്തൊഴിലാളികളുടെ ജിവിതം കുടുതൽ ദുരിത പൂർണമാക്കുകയാണ്. നിരവധി കുടുംബങ്ങൾ പട്ടിണിയിലാണ്. കാലംതെറ്റി വരുന്ന കാറ്റും മഴയും കാരണം തൊഴിൽ സ്ഥിരത ഇല്ലാതായി. ഓഖിക്ക് ശേഷം കാലാവസ്ഥാ മുന്നറിയിപ്പുള്ളപ്പോൾ തൊഴിലാളികൾ കടലിൽ പോകാനും ധൈര്യപ്പെടുന്നില്ല.
ജോർജ് ഡി. കാട്ടിൽ, കൗൺസിലർ, പോർട്ട് വാർഡ്, കൊല്ലം
മത്സ്യമേഖലയിലെ പ്രശ്നങ്ങൾ ഗുരുതരമാണ്. യാനങ്ങൾ കടലിൽ പോകുന്നത് നിറുത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട്. വലിയ ബോട്ടുകളെയും വള്ളങ്ങളെയും രണ്ടായി തിരിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം.
പീറ്റർ മത്യാസ്, ബോട്ടുടമ
കൊല്ലത്തെ മത്സ്യത്താഴിലാളികൾ: ഏകദേശം 1 ലക്ഷം
യന്ത്രവത്കൃത ബോട്ടുകൾ: 1000
വള്ളങ്ങൾ: 5000