SignIn
Kerala Kaumudi Online
Wednesday, 06 July 2022 10.22 AM IST

പ്രശ്നരഹിതമാകട്ടെ തീർത്ഥാടന കാലം

sabarimala-reveiew-petiti

കൊവിഡ് മഹാമാരി പൂർണമായും വിട്ടുമാറാത്ത സാഹചര്യം സൃഷ്ടിക്കുന്ന ആശങ്കകൾക്കു നടുവിലാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ശബരിമല മണ്ഡലക്കാലം തുടങ്ങുന്നത്. കഴിഞ്ഞ ഒരുമാസമായി തുടരുന്ന പേമാരിയും പ്രളയവും ഉരുൾപൊട്ടലുകളുമൊക്കെ ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും കാർമേഘങ്ങൾ പരത്തുന്നുമുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെങ്കിലും അയ്യപ്പസന്നിധിയിലെത്തി സായൂജ്യം തേടാൻ ഭക്തകോടികൾ ക്ഷമയോടെ കാത്തിരിക്കുകയാണ്. അവർക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ആവുംമട്ടിൽ ശ്രമിക്കുന്നുമുണ്ട്. പ്രതിദിനം മുപ്പതിനായിരം ഭക്തർക്ക് തത്‌കാലം ദർശനാനുമതി നൽകാനാണ് തീരുമാനം. സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് ഇതിൽ മാറ്റങ്ങൾ വരുത്തും. ഭക്തർ പവിത്രമെന്നു കരുതുന്ന പമ്പാസ്നാനത്തിനു നൽകിയിരുന്ന അനുമതിയും പ്രളയനില കണക്കിലെടുത്ത് പിൻവലിച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഈ നിയന്ത്രണവും ഉപേക്ഷിച്ചേക്കും.

ഭക്തരുടെ സംഖ്യ കർശനമായി നിയന്ത്രിക്കുന്നത് ലക്ഷക്കണക്കിനു പേർക്ക് കടുത്ത ഇച്ഛാഭംഗമുണ്ടാക്കുമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതല്ലാതെ വേറെ വഴിയില്ലെന്നോർത്ത് സമാധാനിക്കുകയാണു വേണ്ടത്. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷയാണു പരമപ്രധാനം. മഹാമാരി വിട്ടൊഴിയാത്തതിനാൽ അങ്ങേയറ്റം കരുതലും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലേക്കു നീങ്ങും. ദർശനത്തിനെത്തുന്നവർ വാക്സിനേഷൻ എടുത്തതിന്റെ തെളിവു നൽകേണ്ടിവരും. കുത്തിവയ്പ് എടുത്തിട്ടില്ലാത്തവർ രോഗമില്ലെന്നു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൊലീസിന് കടുത്ത ജോലിഭാരവും വെല്ലുവിളിയും ഉയർത്തുന്ന ചുമതലയാണിതെന്നു പ്രത്യേകം പറയേണ്ടതില്ല. ശബരിമല ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസ് സേനാംഗങ്ങളുടെ ക്ഷമയെയും സേവന സന്നദ്ധതയെയും ആശ്രയിച്ചാണ് ഇതിന്റെയൊക്കെ വിജയമിരിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടുപിടിച്ചു ശബരിമലയിലേക്ക് നിയോഗിക്കാൻ മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണം. പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് അടുത്തകാലത്തായി ധാരാളം പരാതികൾ ഉയരാറുണ്ട്. പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരിൽ നിന്ന്. ഇത് ഒഴിവാക്കാൻ ഉന്നതതലത്തിൽത്തന്നെ നടപടികളുണ്ടാകണം.

പ്രശ്നങ്ങളില്ലാത്ത തീർത്ഥാടന കാലത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന അവകാശവാദം പതിവുപോലെ ഉയർന്നിട്ടുണ്ട്. തീർത്ഥാടകരുടെ ബാഹുല്യം കൂടുമ്പോൾ പരാതികളും ഉയരുമെന്നത് സ്വാഭാവികം മാത്രം. മുമ്പുണ്ടായിരുന്ന പല സൗകര്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിവാക്കേണ്ടിവന്നത് സഹിക്കാൻ ഏവരും തയ്യാറാകണം. അതേസമയം നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങൾക്കൊപ്പം തീർത്ഥാടന പാതകളിലെല്ലാം ആവശ്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യാൻ അധികൃതർക്കു കഴിയണം. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും തകർന്നു തരിപ്പണമായിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണി നടത്താൻ പോലും കാലാവസ്ഥ മെച്ചപ്പെടേണ്ടതുണ്ട്. തീർത്ഥാടകർ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടാൻ പോകുന്നതും യാത്രയുടെ കാര്യത്തിലാകും. മഴയ്ക്കു മുന്നേ നടത്തിയ മുന്നൊരുക്കങ്ങൾ പലതും വെള്ളത്തിൽ ഇല്ലാതായിട്ടുണ്ട്. അവയൊക്കെ പൂർവസ്ഥിതിയിലാക്കാൻ യുദ്ധകാല സമാനമായ ഒരുക്കങ്ങൾ തന്നെ വേണ്ടിവരും.

ശബരിമലയിലെ ഒരു തീർത്ഥാടന കാലത്തെ വരുമാനമാണ് ദേവസ്വം ബോർഡിനെ സ്വന്തം കാലിൽ നിൽക്കാനും മറ്റു ചെറു ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവുകൾ നിർവഹിക്കാനും സഹായിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്തിന് പലവിധത്തിലുമുള്ള വരുമാനവും തീർത്ഥാടനകാലം സമ്മാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തീർത്ഥാടന വരുമാനം നാമമാത്രമായിരുന്നു. നിയന്ത്രണങ്ങളോടുകൂടിയാണെങ്കിലും തീർത്ഥാടനകാലം പ്രശ്നരഹിതമായി കടന്നുപോകണമെന്നാശിക്കുന്നതും അതുകൊണ്ടാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.