SignIn
Kerala Kaumudi Online
Friday, 19 April 2024 7.20 PM IST

വീണ്ടെടുക്കാം, ആ മാമ്പഴക്കാലം

kuttiattor

കണ്ണൂർ തറികളുടെയും തെയ്യങ്ങളുടെയും നാട് മാത്രമല്ല . മധുരമൂറുന്ന കുറ്റ്യാട്ടൂർ, കണ്ണപുരം മാങ്ങകളുടെയും നാട് കൂടിയാണ്.

നാട്ടിലും നഗരങ്ങളിലും ഒരു പോലെ ഗൃഹാതുരത്വത്തിന്റെ ശീതളച്ഛായ പകർന്നിരുന്ന മാമ്പഴക്കാലം കണ്ണൂരിന് മധുരമൂറുന്ന ഓർമ്മയാണ്. എന്നാൽ ഈ മാമ്പഴക്കാലം തിരിച്ചുപിടിക്കാനും പുതുതലമുറയിലേക്ക് ആ മധുരം പകർന്നു നൽകാനുമായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്.

കണ്ണൂരുകാർക്ക് മാങ്ങയെന്നാൽ കുറ്റിയാട്ടൂർ കഴിഞ്ഞേയുള്ളൂ. നമ്പ്യാർ മാങ്ങ എന്നും പേരുണ്ട് ഈ മാമ്പഴത്തിന്. കുറ്റിയാട്ടൂർ പഞ്ചായത്തിലെ ഇരുന്നൂറിലേറെ ഹെക്ടറിലാണ് മാമ്പഴം കൃഷി ചെയ്തുവരുന്നത്. ആ മാമ്പഴ സമൃദ്ധിക്ക് ഈയിടെ ഭൗമസൂചിക പദവി കൂടി ലഭിച്ചതോടെ ഒരു ഗ്രാമത്തിന് തന്നെ വലിയ അംഗീകാരമായി മാറി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിൽ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതൽ ഗുണഫലങ്ങൾ പുറംലോകം അറിഞ്ഞത്. കുറ്റിയാട്ടൂർ ഇനത്തിൽ ഏറ്റവും കൂടുതൽ നാരുകളുണ്ടെന്നും രുചിയിൽ ഏറെ മുന്നിലാണെന്നും കണ്ടെത്തിയിരുന്നു. കുറ്റിയാട്ടൂർ ഗ്രാമത്തിന്റെ പേരും പെരുമയും ലോകമെമ്പാടും എത്തിക്കാൻ സാധിക്കുന്ന കുറ്റിയാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിക്കുന്ന വഴി സാധാരണ കർഷകർക്ക് അവരുടെ വരുമാനമാർഗമായ മാമ്പഴത്തിന് കയറ്റുമതി വഴി വിദേശനാണയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമം.

അല്‌പം പുരാവൃത്തം

നാല് നൂറ്റാണ്ട് മുമ്പാണ് ഒരു വരദാനം പോലെ ആ മാമ്പഴക്കാലം കുറ്റ്യാട്ടൂരിന് സ്വന്തമാകുന്നത്. ഇവിടുത്തെ ചത്തോത്ത് തറവാട്ടിലും വേശാല കവില്ലത്തുമാണ് ഈ മാവുകൾ ആദ്യം നട്ടുപിടിപ്പിച്ചിരുന്നത്. അക്കാലത്ത് വധുവിനെ ഭർതൃവീട്ടിലേക്ക് അയയ്ക്കുമ്പോൾ കൂടെ ഏതെങ്കിലും ഫലവൃക്ഷത്തൈകൾ കൂടി നൽകുന്ന രീതി ഉണ്ടായിരുന്നുവെന്ന് പുരാരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

കാസർകോട് ജില്ലയിലെ നീലേശ്വരം രാജകൊട്ടാരത്തിൽ നിന്നു സ്ത്രീധനമായാണ് ഈ മാവ് കണ്ണൂരിലെ കുറ്റിയാട്ടൂരിൽ എത്തിയതെന്നും പഴമൊഴി. അക്കാലത്ത് നമ്പ്യാർ സമുദായത്തിൽപ്പെട്ട ചത്തോത്ത് തറവാട്ടിലെ ഒരംഗം ആഴ്ചതോറും മാങ്ങ ഇരിക്കൂർ ടൗണിൽ കൊണ്ടുവന്ന് വില്പന നടത്തിയതോടെ ഈ മാമ്പഴത്തിന് നമ്പ്യാർ മാങ്ങയെന്ന ജാതിപ്പേരും വീണു. ഭൂപരിഷ്‌കരണം വന്നതോടെ ചെങ്കല്ല് നിറഞ്ഞ കുറ്റിയാട്ടൂരിന്റെ മണ്ണിൽ ഈ മാവുകൾ വ്യാപകമായി.

കുറ്റ്യാട്ടൂർ പഞ്ചായത്ത്, കൃഷി വകുപ്പ്, കുറ്റിയാട്ടൂർ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തിൽ വർഷങ്ങളായി പദവി ലഭിക്കുന്നതിനുള്ള പരിശ്രമം തുടരുകയായിരുന്നു.

വിപണി കൂടും

ഈ മാമ്പഴം കുറ്റിയാട്ടൂർ, കൂടാളി, കുഞ്ഞിമംഗലം, മയ്യിൽ, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടറിൽ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്ന കുറ്റിയാട്ടൂർ മാങ്ങയ്‌ക്ക് രജിസ്‌ട്രേഷൻ ലഭിച്ചതോടെ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും. പഞ്ചായത്തിലെ മാങ്ങ കർഷകർക്കാവശ്യമായ സാമ്പത്തിക സഹായവും വർദ്ധിക്കും. ക്ലസ്റ്റർ രൂപീകരിച്ചുള്ള പ്രവർത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര ഭൗമസൂചിക രജിസ്‌ട്രേഷൻ കമ്മിറ്റിക്ക് മുൻപിൽ കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ സവിശേഷതകളും പ്രത്യേകതകളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വിശദമായി പഠിക്കുകയും മാങ്ങയുടെ ഗുണമേന്മകൾ പരിശോധിക്കുകയും ചെയ്തത്തിന്റെ ഫലമായിട്ടാണ് ഇപ്പോൾ കുറ്റിയാട്ടൂർ മാമ്പഴത്തിനു ഭൗമസൂചിക പദവി നൽകിയിട്ടുള്ളതെന്ന് കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ.കെ. ആദർശ് പറഞ്ഞു.

കണ്ണപുരം മാമ്പഴത്തെ തേടി

ദേശീയഅംഗീകാരവും

കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതിനു പിന്നാലെ ദേശീയ പുരസ്കാരമായ നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് കണ്ണപുരംനാട്ടു മഞ്ചോട്ടിൽ കൂട്ടായ്മ നേടിയതും കണ്ണൂരിന്റെ മാമ്പഴക്കാലത്തിന് പുത്തനുണർവ് പകരുന്നതായി. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണ കമ്മ്യൂണിറ്റി അവാർഡാണിത്.
നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണാത്മക പഠനം എന്നിവ മുൻനിറുത്തി കഴിഞ്ഞ അഞ്ചുവർഷക്കാലമായി നാട്ടുമഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ ബഹുമുഖമായ പ്രവർത്തനങ്ങൾക്കാണ് ദേശീയ അംഗീകാരം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി വരുന്ന നോമിനേഷനുകൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയാണ് ഇതിൽ ഒരു കമ്മ്യൂണിറ്റിയെ അവാർഡിനായി പരിഗണിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കണ്ണപുരം,ചെറുകുന്ന്,പാപ്പിനിശ്ശേരി,കല്യശ്ശേരി,പട്ടുവം,മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ട് പഞ്ചായത്തുകളിലായി നാട്ടു മഞ്ചോട്ടിൽ കൂട്ടായ്മയ്ക്ക് വേണ്ടി നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നടത്തിയ പഠനത്തിൽ വ്യത്യസ്തമായ ഇരുന്നൂറോളം നാട്ടുമാവിനങ്ങൾ കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം സവിശേഷതകൾ ചിത്രസഹിതം ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കുകയും ഇതിൽ 160 ഓളം ഇങ്ങളുടെ പുതിയ തൈകൾ ഉണ്ടാക്കി ജില്ലയ്ക്ക് അകത്തുംപുറത്തും വിവിധ പദ്ധതികളിലൂടെ നട്ട് സംരക്ഷിക്കുകയും ചെയ്തു. ഇതിൽ കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ നിന്ന് മാത്രം നൂറിലധികം നാട്ടുമാവിനങ്ങൾ കണ്ടെത്തുകയുണ്ടായി.

മിനിമം 30 സെന്റ് എങ്കിലും ഭൂമിയിൽ നാട്ടുമാവുകൾ നട്ടുപരിപാലിക്കാൻ സന്നദ്ധരായ ആളുകൾക്ക് വേണ്ടിയുള്ളതാണ്. ഈ രീതിയിൽ അമ്പതിലധികം ഇനങ്ങൾ നട്ടുപരിപാലിച്ചു കൊണ്ടുള്ള മൂന്ന് ചെറുമാന്തോപ്പുകളുടെ നടീൽ പൂർത്തിയാവുകയും പതിനഞ്ചോളം ചെറുമാന്തോപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനം നടന്നുവരികയും ചെയ്യുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ നോമിനിയായാണ് ഇപ്പോൾ ജിനോം സേവ്യർ അവാർഡ് ലഭിച്ചിട്ടുള്ളത്.

നാട്ടുമാമ്പഴ സംരക്ഷണത്തിന് പദ്ധതി

ഇതിനകം 44 ഇനങ്ങളുടെ സാമ്പിളുകളുടെ കെമിക്കൽ അനാലിസിസ് നടത്തിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം വിവിധ ഗവൺമെന്റ് ഏജൻസികൾ വഴിയുള്ളതായതിനാൽ നാട്ടുമാവ് സംരക്ഷിക്കാൻ സന്നദ്ധമായി മുന്നോട്ടുവരുന്ന സ്വകാര്യ വ്യക്തികളെക്കൂടി കണ്ടെത്തിക്കൊണ്ടുള്ള പുതിയൊരു പദ്ധതിക്ക് രൂപം നല്‌കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.