SignIn
Kerala Kaumudi Online
Thursday, 19 May 2022 5.27 AM IST

വേണമെന്നു വച്ചാൽ നടക്കും

rain
തമ്പാനൂരിൽ മഴക്കാലത്ത് ഉണ്ടാകാറുള്ള വെള്ളക്കെട്ട് (ഫയൽചിത്രം)​

തോരാമഴയും അതു സൃഷ്ടിച്ച രൂക്ഷമായ വെള്ളക്കെട്ടും സംസ്ഥാനത്തെമ്പാടും വലിയ ദുരിതം വിതച്ചിരിക്കുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് അനേകം കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നിർബന്ധിതരായിട്ടുണ്ട്. മഴ മാറുകയും വെയിൽ പരക്കുകയും ചെയ്യുന്നതോടെ ഈ ദുസ്ഥിതിക്കു പരിഹാരമാകും. എന്നാൽ മഴയിൽ സ്വന്തം കൂര നഷ്ടപ്പെടേണ്ടിവന്നവരുടെ ദുഃഖവും ദുരിതവും ഉടനൊന്നും തീരാൻ പോകുന്നില്ല. സർക്കാരിന്റെ കരുണ കാത്തിരിക്കുന്നവരാണവർ. എല്ലാ വർഷവും ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളിലൊന്നാണിത്.

റോഡുകൾ നിർമ്മിക്കുമ്പോഴും പഴയവ പുതുക്കുമ്പോഴും വെള്ളം കെട്ടിനിൽക്കാത്തവിധം രൂപകല്പന ചെയ്താൽ മഴക്കാലത്ത് വാഹന യാത്രക്കാർക്കു മാത്രമല്ല പാതയോരങ്ങളിലെ താമസക്കാർക്കും വലിയ ഉപകാരമാകും. അന്തരീക്ഷമൊന്നു കറുത്താൽ തലസ്ഥാന നഗരത്തിലെ ഹൃദയഭാഗങ്ങളിലൊന്നായ തമ്പാനൂരും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയായിരുന്നു പതിവ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്ഥിതി തുടരുകയായിരുന്നു. എന്നാൽ ഇക്കുറി ദിവസങ്ങൾ നീണ്ട പേമാരിയിലും തമ്പാനൂർ, കിഴക്കേകോട്ട ഭാഗങ്ങൾ പൂർണമായും വെള്ളക്കെട്ടിൽനിന്നു മുക്തമായത് നഗരവാസികൾക്ക് അവിശ്വസനീയ കാഴ്ചയാണ്.

നഗരങ്ങളിലെ കാനകളെല്ലാം മാലിന്യം നിറഞ്ഞതുകൊണ്ടാണ് എവിടെയും വെള്ളക്കെട്ടുണ്ടാകുന്നതെന്നു കണ്ടെത്താൻ പ്രത്യേകിച്ചു ഗവേഷണമൊന്നും ആവശ്യമില്ല. നഗരങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കേണ്ടത് നഗരസഭയുടെ പ്രാഥമിക ചുമതലയാണെങ്കിലും അതിൽ ഗുരുതരമായ അനാസ്ഥയും വീഴ്ചയും സ്ഥിരമായി സംഭവിക്കുന്നതുകൊണ്ടാണ് നഗരജീവിതം ഓരോ മഴയിലും ദുരിതമയമാകുന്നത്. തലസ്ഥാന നഗരത്തിലെ മഴവെള്ളം ഒഴുകി കടലിൽ ചെന്നുചേരാൻ വേണ്ടി നിർമ്മിതമായ ആമയിഴഞ്ചാൻ തോട് മാലിന്യനിക്ഷേപ വാഹിനിയായി മാറിയതോടെയാണ് നഗരം ചെറിയൊരു മഴയിൽ കുളമായി മാറുന്നത്. ഇതു മനസിലാക്കി ആമയിഴഞ്ചാൻ തോടും അനുബന്ധ ജലവാഹിനികളും മാലിന്യമുക്തമാക്കിയതുകൊണ്ടാണ് ദിവസങ്ങൾ നീണ്ടുനിന്ന മഴ പെയ്തിട്ടും തമ്പാനൂരും കിഴക്കേകോട്ടയും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെടാതിരുന്നത്. മുപ്പതുകോടി രൂപയിലധികം ചെലവു വേണ്ടിവന്നെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായി . തലസ്ഥാന നഗരി ശുദ്ധിയും വെടിപ്പുമുള്ളതാകണമെന്നു മനസാൽ ആഗ്രഹിക്കുന്ന ഇവിടത്തുകാർ തന്നെയായ രണ്ടു മന്ത്രിമാരുടെ നേതൃത്വം കൂടി ലഭിച്ചതാണ് എല്ലാം സുഗമമായി നടക്കാൻ സഹായകമായതെന്ന് എടുത്തുപറയാവുന്നതാണ്. മന്ത്രിമാരായ വി. ശിവൻകുട്ടിക്കും ആന്റണി രാജുവിനും നഗരത്തിലെ വെള്ളക്കെട്ടു സൃഷ്ടിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇവിടെ ജനിച്ചുവളരുന്നവരാണവർ. ആമയിഴഞ്ചാൻ തോടിന്റെ പുനരുജ്ജീവനത്തിനു കൈക്കൊണ്ട നടപടികളാണ് തമ്പാനൂരിനെയും കിഴക്കേകോട്ടയെയും ഇത്തവണ രക്ഷിച്ചതെന്നു പറയാം. ഒപ്പം തന്നെ നഗരത്തിലെ മുഴുവൻ ഓടകൾ മാലിന്യം നീക്കം ചെയ്ത് വെള്ളം ഒഴുകിപ്പോകാൻ പാകത്തിലാക്കിയതും ഗുണകരമായി. ഇതൊക്കെ സ്ഥിരമായി നിർവഹിക്കേണ്ട ചുമതലകൾ തന്നെയാണ്. തോടുകൾക്കു വീതിയും ആഴവും വർദ്ധിപ്പിച്ചും സംരക്ഷണഭിത്തികൾ നിർമ്മിച്ചും നദീസംരക്ഷണം ഉറപ്പാക്കിയാൽ മഴക്കാലത്ത് രൂക്ഷമായ കെടുതികളുണ്ടാകുന്നത് നിയന്ത്രിക്കാനാവും. ഇതിനൊക്കെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സമയബന്ധിതമായി ഏറ്റെടുത്തു പൂർത്തിയാക്കാനും വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. ആമയിഴഞ്ചാൻ പുനരുദ്ധാരണ പദ്ധതിക്ക് ഈ ഏകോപനം ഉറപ്പാക്കാൻ കഴിഞ്ഞതാണ് വിജയത്തിലെത്താൻ സഹായിച്ചത്. മരാമത്തു മന്ത്രി മുഹമ്മദ് റിയാസ്, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരുടെ പിന്തുണ കൂടി ലഭിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമായി. നേതൃത്വം വഹിക്കാൻ ആളുണ്ടെങ്കിൽ ഇതുപോലുള്ള സംരംഭങ്ങൾ കുറഞ്ഞ സമയം കൊണ്ടുതന്നെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. വെള്ളക്കെട്ടിൽ വീർപ്പുമുട്ടുന്ന സംസ്ഥാനത്തെ മറ്റു നഗരങ്ങൾക്കും മാതൃകയാക്കാൻ പറ്റുന്ന പദ്ധതിയാണ് തലസ്ഥാന നഗരിയിൽ ഏറ്റെടുത്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.