തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെ 23 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശാസ്തമംഗലം സ്വദേശി കലകുമാറാണ് അറസ്റ്റിലായത്. 1999ൽ ശാസ്തമംഗലത്തിന് സമീപത്തെ ഒരു വീട്ടിൽ നിന്ന് എട്ട് പവനും 2000 രൂപയും മോഷ്ടിച്ചുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചു. സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്തു. അതിൽ കലകുമാറുമുണ്ടായിരുന്നു. എന്നാൽ മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആ അന്വേഷണത്തിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ ഇയാൾ സ്ഥലംവിട്ട് പോകുകയും ചെയ്തു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ കേസ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് കലകുമാർ വീണ്ടും ശാസ്തമംഗലത്തെത്തിയെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. തുടർന്ന് കലകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് 23 വർഷം മുൻപുള്ള കേസിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.