SignIn
Kerala Kaumudi Online
Friday, 19 April 2024 11.34 AM IST

സണ്ണി ഇഫിയിൽ നവ.24 ന് വൈകിട്ട് 5ന് , 'എന്റെ മനസാണ് എന്റെ സിനിമ '

a

" ഇന്ത്യൻ പനോരമയിലേക്ക് സണ്ണി തിരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്.ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളുടെ പരിശ്ചേദമാണല്ലോ പനോരമയിൽ പ്രദർശിപ്പിക്കുക.ആദ്യമായി എന്റെയൊരു ചിത്രം പനോരമയിൽ വന്നതിൽ എനിക്കുമാത്രമല്ല,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലവർക്കും സന്തോഷമുണ്ട്." സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നു.

എല്ലാം അവസാനിച്ചുവെന്നു കരുതുമ്പോഴും ജീവിതം പെട്ടെന്ന് വഴിതിരിയുമെന്ന പ്രതീക്ഷ പകരുന്ന ചിത്രം കൂടിയാണ് സണ്ണി.ഗോവയിൽ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഇഫി ) നവംബർ 24 ന് വൈകിട്ട് അഞ്ചുമണിക്കാണ് സണ്ണിയുടെ പ്രദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പാസഞ്ചറിൽ തുടങ്ങിയ രഞ്ജിത് ശങ്കറിന്റെ പതിമൂന്നാമത്തെ ചിത്രമാണ് സണ്ണി.

ഈ വേളയിൽ സംവിധായകൻ രഞ്ജിത് ശങ്കർ സണ്ണിയെക്കുറിച്ചു സംസാരിച്ചു.

" കഴിഞ്ഞവർഷം മാർച്ചിൽ പ്രധാനമന്ത്രി ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ചല്ലോ.അന്നുരാത്രിയാണ് സണ്ണിയുടെ കഥ എന്റെ മനസിൽ വരുന്നത്.ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യൻ.അവന് വീണ്ടും ഒരു ക്വാറന്റൈൻ എന്നു പറയുന്നത് പരിഹാസമല്ലേ.ജീവിക്കാൻ ആഗ്രഹമില്ലാത്ത ഒരാളെ നമ്മൾ ക്വാറന്റൈനിൽ ഇടുക. ആ ആൾ പരിപൂർണ്ണമായ നിരാശയിൽ നിന്ന് എങ്ങനെ ജീവിതത്തിലേക്ക് മടങ്ങുന്നു...നമ്മൾ വലിയ ബഹളങ്ങളില്ലാതെ ഒറ്റയ്ക്ക് ഇരുന്നാൽ, പ്രശ്നങ്ങൾ കുറേ മാറുമെന്ന് പറയാറുണ്ട്. ഏഴുദിവസം ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ അയാൾ എങ്ങനെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരുന്നു എന്നുള്ളതാണ് ഇതിന്റെ ഒറ്റവരിക്കഥ.

ഒരു ആക്ടർ

ഒരു അഭിനേതാവ് മാത്രമുള്ള സിനിമ ചെയ്യണമെന്ന് എനിക്ക് ഒരുപാട് നാളായി ആഗ്രഹമുണ്ട്.ഏഴെട്ടുവർഷമായി ഞാൻ ആ തരത്തിൽ ഒരുപാട് കഥകൾ ആലോചിക്കുകയും ഒരുപാട് ആക്ടേഴ്സിനോട് സംസാരിക്കുകയും ചെയ്തിരുന്നു.പിന്നീടെന്തോ ഞാൻ തന്നെ അതെല്ലാം വേണ്ടെന്നുവച്ചു.കാരണം അങ്ങനെ ആലോചിച്ചതെല്ലാം ത്രില്ലേഴ്സായിരുന്നു .ഒരാൾ ഒരിടത്ത് പെട്ടുപോകുന്നു.രക്ഷപ്പെടുമോ ഇല്ലയോ എന്നരീതിയിലുള്ള കഥകൾ.അങ്ങനെ പലപ്രമേയങ്ങളും വന്നിട്ടുള്ളതിനാൽ വീണ്ടുമത് ചെയ്യുന്നതിന് ഒരു സാധ്യതയില്ലെന്ന് തോന്നി.ചെയ്യാൻ വേണ്ടി ചെയ്തുവെന്ന ഒരു ചീത്തപ്പേര് കേൾക്കാനും സാധ്യതയുണ്ട്.അങ്ങനെയിരിക്കുമ്പോഴാണ് ലോക്ഡൗൺ വന്നപ്പോൾ ഏകാന്തതയെപ്പറ്റി ഇതിലും വലിയൊരു കഥ ഉണ്ടാകാനില്ലല്ലോയെന്ന് ചിന്തിച്ചത്.അത് സിനിമയായെടുക്കാൻ കഴിഞ്ഞാൽ ഗംഭീരമായിരിക്കുമെന്ന തോന്നലിൽ നിന്നാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്.മാർച്ച് മുതൽ ഒക്ടോബർ വരെ ഞാനിത് എഴുതിക്കൊണ്ടേയിരുന്നു.ജയസൂര്യയെയൊന്നും മനസിൽ ആലോചിച്ചിരുന്നില്ല.ഒരു ഡ്രാഫ്റ്റ് എഴുതി. വായിച്ചുനോക്കിയപ്പോൾ ഇഷ്ടമായി . ലിറ്ററേച്ചർ എന്നനിലയിൽ ഓ.കെ.യാണ്.സിനിമ എന്നരീതിയിൽ വരുമ്പോൾ ആൾക്കാരെ അത് എൻഗേജ് ചെയ്യിക്കുന്നില്ല.ഒരുപാട് ലെയേഴ്സും ഷെയ്ഡ്സുമൊക്കെ ഈ കാരക്ടറിൽ വന്നാലേ നന്നാകൂയെന്ന് മനസിലായി.ഒരു ആക്ടറോട് ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതിന്റെ കാരണം സംസാരിച്ചാൽ ഉടൻതന്നെ അതൊരു പ്രോജക്ടായി മാറും.ഷൂട്ടും തീയതിയുമൊക്കെ അങ്ങനെ തീരുമാനിക്കും.എന്റെ എല്ലാ സിനിമകളും അങ്ങനെ ഉണ്ടായതാണ്.അങ്ങനെ ചെയ്യേണ്ട ഒരുസിനിമയല്ലിത്.എഴുതി കോൺഫിഡൻസ് വരാതെ ചെയ്താൽ വലിയ മണ്ടത്തരമായിപ്പോകും .അതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല.ആറുമാസം ഞാനും ജയനും (ജയസൂര്യ) മറ്റുപലകാര്യങ്ങളും സംസാരിച്ചിരുന്നെങ്കിലും ഇങ്ങനെ ഒരുസിനിമയെഴുതുന്നതിനെക്കുറിച്ച് പറഞ്ഞതേയില്ല.ഞാൻ ഏഴെട്ടു ഡ്രാഫ്റ്റ് എഴുതി. അവസാനത്തെ ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞപ്പോൾ ആത്മവിശ്വാസം തോന്നിയെന്നു മാത്രമല്ല ചെയ്യണമെന്ന വലിയ ആഗ്രഹവുമുണ്ടായി..ഒരുസമയത്ത് ഇതൊരു തിരക്കഥയായി പ്രസിദ്ധീകരിച്ചാലോയെന്ന് ആലോചിച്ചു.എന്നാൽ പിന്നീട് ചെയ്യണമെന്നു തന്നെ വിചാരിച്ചു.എഴുതിക്കഴി‌ഞ്ഞപ്പോൾ എഴുതുകയെന്നതാണ് ഏറ്റവും വലിയ ചാലഞ്ച് എന്നുകരുതി.എന്നാൽ പിന്നീട് മനസിലായി ഇത് ഷൂട്ട് ചെയ്യുകയെന്നതാണ് വെല്ലുവിളിയെന്ന് .ആൾക്കാരെ ബോറടിപ്പിക്കാതെയിരിക്കണമല്ലോ.ആക്ടർക്കും ബോറടിക്കരുതല്ലോ. വലിയ ബുദ്ധിമുട്ടുള്ള കഥാപാത്രം.അഡീഷണൽ ഒന്നുമില്ല.മൊട്ടത്തലയോ,വിക്കോ ഒന്നുമില്ല.ഒരു ഗംഭീര ആക്ടറിനെക്കൊണ്ടേ അഭിനയിപ്പിക്കാൻ കഴിയുകയുള്ളു. ആദ്യമായി അഭിനയിക്കുന്ന ആളിനൊപ്പം പറ്റില്ല.ആക്ടർക്ക് വലിയ റോളുണ്ട്.ആ സമയത്ത് ജയനെക്കണ്ടപ്പോൾ അഞ്ചാറുമാസമായി താടിയൊക്കെ വളർത്തിയിരിക്കുന്നു.അപ്പോൾ തോന്നിയതാണ് ജയന് ഇതുപറ്റുമെന്ന്.ഞങ്ങൾ സംസാരിച്ചു.പത്തുപതിനഞ്ച് ദിവസത്തിനകം ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ആ സമയത്ത് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ സണ്ണി ചെയ്യുമായിരുന്നില്ല.

ക്വാറന്റൈൻ

ക്വാറന്റൈൻ എന്നു പേരിടാനായിരുന്നു എനിക്കിഷ്ടം.ആ പേര് ആരോ രജിസ്റ്റർ ചെയ്തിരുന്നു.അപ്പോൾ ജയനാണ് സണ്ണി എന്ന പേര് നിർദ്ദേശിച്ചത്. സണ്ണി എന്നു പറയുമ്പോൾ വലിയൊരു പ്രതിക്ഷയുണ്ട്.

പുണ്യാളൻ

പുണ്യാളന് ( പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ) ഇനി ഒരു പാർട്ട് കൂടി ചെയ്യുമോയെന്ന് അറിയില്ല.എന്റെ ഒരു പ്രത്യേക മാനസികാവസ്ഥയിൽ ചെയ്ത ചിത്രമാണതിന്റെ രണ്ടാം ഭാഗം . നമ്മുടെ നാട്ടിൽ വല്ലാത്തൊരു അന്തരീക്ഷമായിരുന്നു ആ സമയത്ത്.നോട്ട് നിരോധനം, ജി.എസ്.ടി, തിയറ്ററിൽപ്പോയാൽ എഴുന്നേറ്റ് നിൽക്കണം അങ്ങനെ നമ്മളൊരു സ്വതന്ത്രരാഷ്ട്രത്തിലാണോ ജീവിക്കുന്നതെന്ന് എനിക്കുതന്നെ സംശയം തോന്നിത്തുടങ്ങി.അങ്ങനെയൊക്കെ തോന്നിയപ്പോഴാണ് ആ സിനിമ ചെയ്തത്.അതൊരു സിനിമയേക്കാൾ വലിയൊരു ഡയലോഗാണ്. എന്റെ രാഷ്ട്രീയമാണോ എന്റെ സിനിമയെന്ന് ചോദിച്ചാൽ അങ്ങനെ പറയാൻ പറ്റില്ല.എന്റെ മാനസീകാവസ്ഥകളാണ് എന്റെ സിനിമ." -രഞ്ജിത് ശങ്കർ പറയുന്നു.അടുത്തസിനിമ ആലോചനയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RENJITH SANKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.