SignIn
Kerala Kaumudi Online
Tuesday, 24 May 2022 3.06 AM IST

ഗ്ലാസ്‌ഗോയിൽ ഒത്തുകൂടിയ ഒട്ടകപ്പക്ഷികൾ

cop-26

COP-26 എന്നപേര് വിളിച്ച കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടി ബ്രിട്ടനിലെ ഗ്ലാസ്‌ഗോ നഗരത്തിൽ നടക്കുകയും പ്രത്യേകിച്ചൊന്നും നേടാതെ സമാപിക്കുകയും ചെയ്തു. 2015 ലെ പാരീസ് ഉച്ചകോടിയിൽ നേടാനായ ആശയസമവായം ഗ്ലാസ്‌ഗോയിൽ നേടാനായില്ല. ആഗോളതാപനം രണ്ട് ഡിഗ്രിയ്‌ക്കോ കഴിയുമെങ്കിൽ 1.5 ഡിഗ്രിക്കോ താഴെ കൊണ്ടുവരണമെന്നായിരുന്നു ആറ് വർഷങ്ങൾക്കു മുൻപ് പാരീസ് കരാറിലുണ്ടായ ധാരണ. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എന്തൊക്കെ നടപടികൾ വേണമെന്ന തീരുമാനങ്ങളാണ്‌ ലോകം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ നിന്ന് പ്രതീക്ഷിച്ചത് . ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഹരിതവാതക ബഹിർഗമനത്തിൽ നെറ്റ് സീറോ സ്ഥിതി കൈവരിക്കണം എന്നതായിരുന്നു ഒരു ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും ഹേതുവാകുന്ന കാർബൺ ഡൈയോക്‌സൈഡ്, മീഥേൻ എന്നീ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പുറന്തള്ളുന്നതിൽ നിന്ന് രാജ്യങ്ങൾ പിന്നോക്കം പോയെങ്കിലേ ഈ നേട്ടങ്ങൾ സാദ്ധ്യമാവൂ. ഉപഭോഗകേന്ദ്രിതമായ ജീവിതശൈലിയും അതിനു കാരണമായ കൽക്കരി, പെട്രോൾ, ഡീസൽ എന്നിങ്ങനെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുകയും അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലേ ഈ ലക്ഷ്യത്തിലേക്ക് നീങ്ങാനാവൂ. ചില രാജ്യങ്ങളൊക്കെ ഇതിനു തയ്യാറായാണെങ്കിലും, അന്തരീക്ഷ മലിനീകരണ ഭീമന്മാരായ ചൈനയും റഷ്യയും ഇന്ത്യയും ഇക്കാര്യത്തിൽ വലിയ ആവേശം കാണിച്ചില്ല. ചൈനയിലെയും റഷ്യയിലെയും സമുന്നത നേതാക്കൾ പങ്കെടുത്തില്ല എന്നതും ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ പ്രയോജന മൂല്യത്തിന് മങ്ങലേല്‌പ്പിച്ചു. 2070 ആകുമ്പോൾ കാർബൺ നെറ്റ് സീറോ കൈവരിക്കുമെന്നു ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഗ്ലാസ്‌ഗോ സമ്മേളനത്തെ അർത്ഥപൂർണമാക്കുന്നതിനു സഹായിച്ചില്ല.

മനുഷ്യരാശിയുടെ ഭൂമുഖത്തുള്ള സാന്നിദ്ധ്യത്തെ തന്നെ ബാധിക്കുന്ന നിർണായക വിഷയത്തിൽ ഇത്ര ഉദാസീനരാകാൻ ലോകനേതാക്കൾക്ക് എങ്ങനെ സാധിക്കുന്നു? ഇത്തരത്തിലുള്ള ആഗോളസമ്മേളനങ്ങളിലെല്ലാം പ്രകടമാവുന്ന ചില പരിചിതബുദ്ധി കൗശലങ്ങളുണ്ട്. സ്വന്തം രാഷ്ട്ര താത്‌പര്യങ്ങളും സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധവും എന്തുവില കൊടുത്തും പരിരക്ഷിക്കാനാണ് പങ്കെടുക്കുന്ന എല്ലാവരും സദാ ശ്രമിച്ചുകൊണ്ടിരിക്കുക. സമ്മേളനത്തിന്റെ കേന്ദ്രലക്ഷ്യം പലപ്പോഴും ഈ 'ചതുരംഗക്കളി'യിൽ മറന്നുപോവും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളിലെല്ലാം ഉയർന്നുകേൾക്കുന്ന നിലപാട് ഇതാണ്: വികസിത രാജ്യങ്ങൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയാണല്ലോ പരിസ്ഥിതിയെ നശിപ്പിച്ചതും ഈ വിപത്തുകൾ വരുത്തിവച്ചതും. അതുകൊണ്ടു അവർ ആദ്യം ഈ നിയന്ത്രണങ്ങൾ സ്വയം പാലിക്കട്ടെ. സാമ്പത്തികമായി സമ്പന്നമല്ലാത്ത രാജ്യങ്ങളെ സഹായിക്കാൻ അവർ ബാധ്യസ്ഥരാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ വേണ്ടിയുള്ള ത്യാഗങ്ങളിൽ വികസിക്കുന്ന രാജ്യങ്ങൾക്ക് കിട്ടേണ്ട സാമ്പത്തിക സഹായത്തെക്കുറിച്ചും ധാരണയായില്ല.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നല്ല പ്രഭാഷണങ്ങൾക്കു ഉച്ചകോടിയിൽ ഒരു പഞ്ഞവും ഉണ്ടായില്ല. പക്ഷെ ഹരിത ഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനോ കൽക്കരി ഉപയോഗവും വനനശീകരണവും അവസാനിപ്പിക്കുന്നതിനോ, നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള പ്രഖ്യാപനമൊന്നും ഗ്ലാസ്‌ഗോയിൽ നിന്നുയർന്നില്ല. പസഫിക് ദ്വീപുകളിൽ നിന്നു വന്ന നേതാക്കൾ 'ഞങ്ങൾ മുങ്ങുകയാണ് ' എന്ന് ആശങ്കാകുലരായി പ്രഖ്യാപിച്ചിട്ടും , ഗ്രേറ്റ തുൻബർഗിനെപ്പോലെ അനേകം യുവ കാലാവസ്ഥ പ്രവർത്തകർ തങ്ങൾക്കു ജീവിക്കേണ്ട ഈ ഗ്രഹത്തെ രക്ഷിക്കാനുള്ള ധാർമ്മികതയെക്കുറിച്ചു ഓർമ്മപ്പെടുത്തിയിട്ടും, തെരുവുകളിൽ അനേകായിരം പരിസ്ഥിതി പ്രവർത്തകർ 'ഈ ഭൂമിയെ രക്ഷിക്കൂ ' എന്ന ആവശ്യവുമായി പ്രകടനങ്ങൾ നയിച്ചിട്ടും ഉച്ചകോടിയിൽ പറന്നെത്തിയ ലോകരാഷ്ട്രനേതാക്കൾ ഒട്ടകപ്പക്ഷികളായിപ്പോയത് എന്തുകൊണ്ടാണ്? എന്തായാലും വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചുള്ള അജ്ഞതയല്ല അവരുടെ നിസഹായതയ്ക്കു കാരണം.

കരുത്തുറ്റ ആഗോള മുതലാളിത്തമാണ് ഇന്ന് മിക്കവാറും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നത്. ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അധികാരവും ആഗോള മുതലാളിത്തവും 'ഭായിഭായി' തന്നെയാണ്. ആ താത്‌പര്യങ്ങളെ പെട്ടെന്ന് കുടഞ്ഞുകളയാൻ വേണ്ട ബൗദ്ധികമോ ധാർമ്മികമോ രാഷ്ട്രീയമോ ആയ ഔന്നത്യം അവകാശപ്പെടാൻ കഴിയുന്ന നേതാക്കൾ ഇന്ന്‌ ലോകത്തുണ്ടോ എന്ന ചോദ്യത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന മറുപടിയാണ് ഗ്ലാസ്‌ഗോ ഉച്ചകോടി മറനീക്കി കാട്ടിത്തന്നത്. വനനശീകരണം വരും വർഷം നിറുത്തിയാൽ ആ തീരുമാനം ആരുടെയൊക്കെ കച്ചവട താത്‌പര്യങ്ങളെ ബാധിക്കുമെന്നാണ് അവർ ആദ്യം കണക്കാക്കുക. കൽക്കരിയുടെ ഉപയോഗം നിറുത്തിയാൽ അതെത്ര കമ്പനികൾക്കു എന്തുമാത്രം നഷ്ടമുണ്ടാക്കും എന്നാണ് ആശങ്ക. നിലവിലുള്ള വികസന മാതൃകഭേദഗതി ചെയ്ത് തോത് കുറച്ചാലുണ്ടാകുന്ന വളർച്ചാ നിരക്കിലെ ഇടിവ് അവരുടെ ഉറക്കം കെടുത്തും.

താത്‌കാലിക ലാഭനഷ്ടങ്ങൾക്കപ്പുറം കാണാനും മനുഷ്യരാശിക്ക് മുഴുവൻ ഗുണകരമായ ധീരതീരുമാനങ്ങളെടുക്കാനും സാധിക്കണമെങ്കിൽ, നിർമ്മലമായ മനുഷ്യസ്‌നേഹം അവരെ നയിക്കണം. നന്മ ചെയ്യാനുള്ള ധർമ്മധീരതയുണ്ടാവണം. ആ നന്മയും ധീരതയും സന്മനോഭാവവും ഓരോ പ്രവൃത്തിയിലും പ്രതിഫലിക്കണം. ഓരോ നയവും പരിപാടിയും നടപ്പിലാക്കുമ്പോൾ അത് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി വിലയിരുത്താൻ കഴിയണം. സമ്പന്ന രാജ്യങ്ങളുടെയും അയൽ രാജ്യങ്ങളുടെയും നിലപാടുകൾ എന്തുമാകട്ടെ, മനുഷ്യ നന്മയ്ക്കും നിലനില്‌പിനും അനിവാര്യമെന്നതിനാൽ, ഇതാ എന്റെ രാജ്യത്തിന്റെ ദേശീയ ഹരിത പരിപാടി' എന്ന് പ്രഖ്യാപിക്കാൻ ധീരതയുള്ള ഒരു നേതാവുണ്ടായിരുന്നെങ്കിൽ ഗ്ലാസ്‌ഗോ ഉച്ചകോടി ഇത്രകണ്ട് ശുഷ്‌കമാകുമായിരുന്നില്ല. ഈജിപ്തിൽ നടക്കേണ്ട അടുത്ത ഉച്ചകോടിയിൽ വൃഥാ പ്രതീക്ഷയർപ്പിച്ച് കാലം കളയാതെ നമുക്ക് തന്നെ നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്താം. വരുത്താൻ സാധിക്കും. ആ മാറ്റങ്ങളുടെ മേൽ മാത്രമേ നമുക്ക് സ്വാധീനമുള്ളൂ. ഷി ജിൻ പിങ്ങിനെയോ ജോ ബൈഡനെയോ സ്വാധീനിക്കാൻ നമുക്കാവുമോ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GLASGOW
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.