തിരുവനന്തപുരം: ഇന്ധന വില വർദ്ധനവും മഴയിലുണ്ടായ തമിഴ്‌നാട്ടിലെ കൃഷി നാശവും കാരണം സംസ്ഥാനത്ത് പച്ചക്കറിക്ക് കൈപൊള്ളുന്നു. ശബരിമല സീസണിൽ ആവശ്യക്കാർ കൂടുന്നതും മഴയും കാരണം വരും ദിവസങ്ങളിൽ വില ഉയരാനാണ് സാദ്ധ്യത. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികൾക്കും വില കൂടി. ഇവിടെ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി.
ഒരാഴ്ച മുൻപ് പൊതുവിപണിയി കിലോയ്‌ക്ക് 60 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ വില 80. 30 രൂപയായിരുന്ന കാരറ്റിന് 50. പയറിനും ബീൻസിനും ക്യാരറ്റിനുമെല്ലാം വില കൂടി. ലോറി വാടക കൂടിയതോടെ ചാക്കൊന്നിന് 100 മുതൽ 140 രൂപ വരെ വർദ്ധിച്ചെന്നാണ് വ്യാപാരികൾ പറയുന്നത്.
വിലകൂടിയതോടെ പച്ചക്കറി കടകളിൽ നിന്ന് 50 രൂപയ്‌ക്കും 100നും നൽകിയിരുന്ന വെട്ടു മലക്കറി നൽകാൻ കച്ചവടക്കാരും തയ്യാറാകുന്നില്ല. വില കൂടിയതോടെ കിലോ കണക്കിലാണ് ഓരോ ഇനത്തിന്റെയും വില്പന. 12 മുതൽ 15 വരെ സംസ്ഥാനത്ത് 550 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. 62,991 ഹെക്ടർ കൃഷിഭൂമിയിലാണ് നഷ്ടം.
ഏത്തന് വിലയില്ല
സംസ്ഥാനത്ത് വാഴക്കൃഷി വർദ്ധിച്ചതോടെ ഏത്തനടക്കമുള്ള പഴ വർഗങ്ങൾക്ക് വില കുറഞ്ഞു. ഒരാഴ്‌ച മുമ്പ് വരെ കിലോയ്‌ക്ക് 40 രൂപയുണ്ടായിരുന്ന ഏത്തന് ഇപ്പോൾ വില 32. കപ്പ, രസകദളി എന്നിവയ്‌ക്കും വില കുറഞ്ഞു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം വാഴക്കൃഷി വർദ്ധിച്ചതാണ് വില കുറയാൻ കാരണം.
പച്ചക്കറി ഇനം...........പൊതുവിപണിയിലെ വില.........ഹോർട്ടികോർപ്പ് വില
വെണ്ട -80 -52
വെള്ളരി -55-48
കാരറ്റ് -50- 40
മുരിങ്ങക്കായ -110 -89
ബീൻസ് -60 -55
തക്കാളി -80 -100
സവാള -65-46
വഴുതനങ്ങ -80-72
ചെറിയ ഉള്ളി- 80-50