SignIn
Kerala Kaumudi Online
Friday, 19 April 2024 4.07 AM IST

യേശുദാസിനായി 'ഗോപുരവാതിൽ' തുറക്കാം

yesudas

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച് കണ്ണനെ വണങ്ങമെന്ന ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ആഗ്രഹം സഫലമാകുമോ? വരുന്ന ജനുവരിയിൽ 82 വയസാകുന്ന അദ്ദേഹത്തിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാകും.

'ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും, ഗോപുരവാതിൽ തുറക്കും, ഞാൻ ഗോപകുമാരനെ കാണും"

1970 ൽ 'ഒതേനന്റെ മകൻ" എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് ഈ ഗാനം പാടിയതു മുതൽ തന്നെ അദ്ദേഹത്തിന്റെ 'ശാരീരം" ഗുരുവായൂരമ്പല നടയിൽ സ്വച്ഛന്ദം അലയടിക്കുന്നുണ്ടെങ്കിലും ശരീരത്തിനു മാത്രമാണ് ഉള്ളിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്തത്.

വയലാർ ഈ ഗാനം എഴുതിയത് തന്നെ യേശുദാസിനു വേണ്ടിയാണെന്ന് അന്ന് പറഞ്ഞിരുന്നു. 1970 കളിൽ സജീവ ചർച്ചാ വിഷയമായിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന യേശുദാസിന്റെ ആഗ്രഹം ഇനിയും സാദ്ധ്യമായിട്ടില്ല. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ശിവഗിരിയിൽ പുതുതായി ചുമതലയേറ്റ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായ പ്രകടനമാണ് വിഷയം ഇപ്പോൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.

എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും 25 തവണ സംസ്ഥാന അവാർഡും മറ്റു നിരവധി അവാർഡുകളും കൂടാതെ പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ച ഒരു മഹാഗായകൻ ഇന്ത്യയിൽ വേറെയുണ്ടോ എന്ന് സംശയമാണ്. ആലാപനത്തിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് തേൻമഴ പോലെ ഒഴുകിയെത്തുന്ന ആ ശബ്ദത്തിന് നവംബ‌ർ 14 ന് 60 ആണ്ട് തികഞ്ഞു. ഇതുപോലൊരു നവംബർ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കാഡ് ചെയ്തത്. 1961 ലെ നവംബറിൽ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് '

എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ് സൂക്തം എം.ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ 'കാല്പാടുകൾ" എന്ന ചിത്രത്തിനു വേണ്ടി പാടിയ യേശുദാസ് പിന്നെ മലയാള സിനിമയിൽ മാത്രമല്ല, വിവിധ ഭാഷാ സിനിമകളിലും പാട്ടിന്റെ കൊടുമുടികൾ കീഴടക്കുകയായിരുന്നു. യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന വാദത്തോട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പൊതുസമൂഹത്തിലെ ഏതാണ്ട് എല്ലാവരും അനുകൂലമായിത്തന്നെ പ്രതികരിച്ചു കഴിഞ്ഞു.

എല്ലാ ജന്മദിനത്തിലും കുടുംബസമേതം മൂകാംബികാ ദേവീ സന്നിധിയിലെത്തി ഗാനാർച്ചന നടത്തുന്ന അദ്ദേഹം സുപ്രഭാതമായെന്ന് പാടി ശ്രീരാമനെയും പരമശിവനെയും വിഘ്നേശ്വരനെയും നിദ്ര‌യിൽ നിന്നുണർത്തുന്നു. ശബരിമല ശ്രീ ധർമ്മശാസ്താവ് എല്ലാദിവസവും നിദ്രയെ പുൽകുന്നത് യേശുദാസിന്റെ 'ഹരിവരാസനം" ശ്രവിച്ചാണ്. 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ, ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം" എന്നു പാടുന്ന ദേവഗായകനെ ഗുരുവായൂർ കണ്ണനും ഇഷ്ടമാകാതിരിയ്ക്കില്ല. മുമ്പ് ശബരിമലയിലും യേശുദാസ് പതിവായി ദർശനം നടത്തുമായിരുന്നു. സംഗീത ചക്രവർത്തിയും ഗുരുനാഥനുമായ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. തന്നോടൊപ്പം നാലമ്പലത്തിനു പുറത്ത് ശിഷ്യനെ അദ്ദേഹം പാടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്ന് പ്രവേശിക്കണമെന്ന മോഹവുമായി യേശുദാസ് കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ആചാരങ്ങളെ തച്ചുടയ്ക്കാതെ തന്നെ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് പൂർത്തീകരണം ഉണ്ടാകണമെന്നാണ് സംഗീതാസ്വാദകർ കാംക്ഷിക്കുന്നത്.
കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് അഹിന്ദുക്കളുടെ പ്രവേശനത്തെ കർശനമായി വിലക്കുന്നത്. ഈ ക്ഷേത്രങ്ങളിലൊക്കെ കാലങ്ങളായി അഹിന്ദുക്കൾ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ അതത് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കും കഴിയുമെന്ന് തോന്നുന്നില്ല.1952 ലെ തിരുവിതാംകൂർ ദേവസ്വം ആക്ടാണ് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കുന്നത്. എന്നാൽ അന്യമതസ്ഥനായ ഒരാൾ തനിക്ക് ഹിന്ദുമതാചാരങ്ങളിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുണ്ടെന്ന് രേഖാമൂലം എഴുതി നൽകിയാൽ ആ ആളിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനും ആക്ട് അനുവദിക്കുന്നുണ്ട്. അത് പ്രകാരം യേശുദാസ് നല്‌കിയ അപേക്ഷ പരിഗണിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ 2017 സെപ്തംബർ 19 ന് ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അനുമതി നൽകിയിരുന്നു. കമ്മിറ്റി ഏകകണ്ഠമായാണ് അനുമതി നൽകിയതെങ്കിലും എന്ത് കാരണത്താലെന്നറിയില്ല, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ യേശുദാസ് പിന്നീട് മുതിർന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യേശുദാസ് ഇതുവരെ രേഖാമൂലം അപേക്ഷ നൽകിയിട്ടില്ല.

1972 ൽ ആലപ്പുഴ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ യേശുദാസിന്റെ സംഗീതക്കച്ചേരി നിശ്ചയിച്ചിരുന്നു. എന്നാൽ യേശുദാസ് അഹിന്ദുവാണെന്നും ക്ഷേത്രത്തിൽ സംഗീതകച്ചേരി നടത്താൻ അനുവദിയ്ക്കരുതെന്നും ആവശ്യപ്പെട്ട് ഒരു ഭക്തൻ ഹൈക്കോടതിയെ സമീപിച്ചു. വിഷയം പിന്നീട് പരിഗണിയ്ക്കാമെന്നും തത്‌കാലം സംഗീതപരിപാടി നടക്കട്ടെ എന്നുമായിരുന്നു കോടതി ആദ്യം സ്വീകരിച്ച നിലപാട്. അതുപ്രകാരം സംഗീത കച്ചേരി നടക്കുകയും ചെയ്തു. 1975 ൽ ഇതുസംബന്ധിച്ച ഒരു ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിയുണ്ടായി. യേശുദാസിന് ഹിന്ദു ക്ഷേത്രങ്ങളിൽ കയറാൻ തടസമില്ലെന്നായിരുന്നു ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ഉത്തരവിൽ പറഞ്ഞത്. യേശുദാസ് താനൊരു ഹിന്ദു വിശ്വാസി കൂടിയാണെന്ന് ഒരു പത്രത്തിൽ നൽകിയ പരസ്യമാണ് കോടതി എടുത്തുകാട്ടിയത്. എന്നാൽ ഈ വിധി സർക്കാർ വക ക്ഷേത്രങ്ങൾക്കാണ് ബാധകം. സ്വകാര്യ ക്ഷേത്രങ്ങളെ സംബന്ധിച്ച് അതിന്റെ ഭരണസമിതിക്കാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനുള്ള വിവേചനാധികാരം. അക്കാലത്ത് ഗുരുവായൂർ ക്ഷേത്രവും സ്വകാര്യ ട്രസ്റ്റിനു കീഴിലായിരുന്നതിനാൽ യേശുദാസിനെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം എടുക്കാനായില്ല.

ഗുരുവായൂർക്ഷേത്രം പിന്നീട് സർക്കാരിന്റെ ദേവസ്വം ബോർഡിനു കീഴിലാക്കിയതോടെ 1975 ലെ ഹൈക്കോടതി വിധി പ്രകാരം യേശുദാസിന് നടയ്ക്കകത്ത് കയറി ഭഗവദ്‌ ദർശനത്തിന് തടസമില്ലെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ഇനിയും അത് നടക്കാത്ത കാര്യമായി അവശേഷിക്കുന്നു.

യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വിപ്ളവകവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ താൻ കെ.പി.എ.സി നാടകസമിതി അംഗങ്ങളുമായി ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 'ഒതേനന്റെ മകനി"ലെ ഗാനം ആ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി എഴുതിയതാണെങ്കിലും അത് യേശുദാസിനുവേണ്ടി എഴുതിയതാണെന്ന് വയലാർ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ വയലാറിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും 1975 ഒക്ടോബർ 27 ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. അതിനു ശേഷം യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് കാര്യമായ ചർച്ചകളൊന്നും നടന്നുമില്ല.
യേശുദാസ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി എന്ന തരത്തിൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഒരു ട്വീറ്റ് 2016 ജൂലായ് ആറിന് പുറത്തു വന്നിരുന്നുവെങ്കിലും യേശുദാസിന്റെ ഭാര്യ പ്രഭ അത് നിഷേധിച്ചിരുന്നു. ജന്മം കൊണ്ട് ക്രൈസ്തവനെങ്കിലും ക‌ർമ്മം കൊണ്ട് സനാതന ധർമ്മത്തെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന യേശുദാസിന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് അനുമതി നൽകുന്നതിൽ ഹിന്ദുമതത്തിലെ ആരെങ്കിലും എതിർപ്പ് പ്രകടിപ്പിക്കുമെന്ന് തോന്നുന്നില്ല. യാഥാസ്ഥിതികവും സങ്കുചിതവുമായ ചിന്തകൾ മാറ്റിവച്ച് യേശുദാസിന്റെ കാര്യത്തിൽ അനുകൂല തീരുമാനം കൈക്കൊണ്ടാൽ മതേതര കേരളത്തിന് അത് മറ്റൊരു പൊൻതൂവലായി മാറുമെന്നുറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESUDAS GURUVAYOOR TEMPLE ENTRY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.