SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.24 PM IST

ബ്ളേഡ് മാഫിയകളെ നിലയ്ക്ക് നിറുത്തണം

kk

ബ്ളേഡ് മാഫിയ എന്നറിയപ്പെടുന്ന കൊള്ളപ്പലിശക്കാർ നാട്ടിലെങ്ങും അരങ്ങുവാഴുന്നതിന്റെ ചില ഉദാഹരണങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മറ്റു വഴികളെല്ലാം അടയുമ്പോഴാണ് അറ്റകൈ എന്ന നിലയ്ക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കുന്നത്. അത് ഒടുവിൽ വലിയ കെണിയായി മാറും. ഇത്തരത്തിൽ ബ്ളേഡ് മാഫിയകൾക്ക് തലവച്ച് വഴിയാധാരമാകുന്ന കുടുംബങ്ങൾ നിരവധിയുണ്ട്. പലപ്പോഴും കടക്കെണിയിൽ മുങ്ങി ജീവനൊടുക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാകും അത് സമൂഹ ശ്രദ്ധയിൽ ഇടംപിടിക്കുന്നത്. കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ നിയമവും സർക്കാർ സംവിധാനങ്ങളും ഇല്ലാഞ്ഞിട്ടല്ല. നിയമം നടപ്പാക്കേണ്ടവരിൽ ചിലരും ബ്ളേഡ് മാഫിയയ്ക്കൊപ്പം ചൂഷണത്തിനു കൂട്ടുനിൽക്കാറുണ്ടെന്നതാണ് ഞെട്ടിക്കുന്ന സത്യം.

മനുഷ്യർക്ക് പണത്തിന്റെ ആവശ്യം എപ്പോഴാണുണ്ടാവുകയെന്ന് പറയാനാകില്ല. ബാങ്ക് ബാലൻസോ വരുമാന സ്രോതസോ ഒന്നുമില്ലാത്തവരാണ് അധികവും. മക്കളുടെ വിവാഹം, പഠനാവശ്യങ്ങൾ, ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, വീട്ടുകാര്യങ്ങൾ എന്നിവയ്ക്കായി പലപ്പോഴും പണം വേണ്ടിവരും. നാട്ടിൽ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുമൊക്കെ മുട്ടിനുമുട്ട് ഉണ്ടെങ്കിലും വായ്പ കിട്ടാൻ കർശന നിബന്ധനകളുണ്ട്. മതിയായ ഈടില്ലാതെ ഒരിടത്തുനിന്നും വായ്പ ലഭിക്കില്ല. ഇവിടെയാണ് കൊള്ളപ്പലിശക്കാർ തലപൊക്കുന്നത്. ഇവരും ഒന്നും കാണാതെ പണം വായ്‌പയായി നൽകില്ല. വീടും പറമ്പും ചെക്കും ഒപ്പുവച്ച മുദ്രക്കടലാസുമൊക്കെ ഈടായി സ്വീകരിച്ച ശേഷമേ കൊള്ളപ്പലിശക്കാരും വായ്പ നൽകാൻ തയ്യാറാവുകയുള്ളൂ. പലിശയുടെ കാര്യത്തിൽ അമ്പരപ്പിക്കുന്ന നിരക്കുകളാകും ഈടാക്കുന്നത്. പത്തുദിവസമെന്ന കാലാവധിവച്ച് പലിശ ഈടാക്കുന്നവരുണ്ട്. പലിശ ഗഡു മുടങ്ങിയാൽ അത് മുതലിനോട് ചേർക്കപ്പെടും. ചുരുക്കത്തിൽ ആറുമാസം കൊണ്ടുതന്നെ കടമെടുത്തതിന്റെ ഇരട്ടിയിലധികമാകും തിരിച്ചടയ്ക്കേണ്ട മുതൽ.

പലിശക്കാരുടെ പക്കൽനിന്ന് വായ്‌പയെടുത്ത് മടക്കി നൽകാനാവാതെ കിടപ്പാടം പോലും നഷ്ടപ്പെടുത്തേണ്ടിവന്ന ഹതഭാഗ്യർ നിരവധിയാണ്. എല്ലാ വഴിയുമടഞ്ഞ് ജീവിതം അവസാനിപ്പിക്കുന്നവരുടെ വിവരങ്ങൾ മാത്രമേ പുറത്തുവരാറുള്ളൂ.

ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കുമെല്ലാം ധാരാളം പണം വായ്പാ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. രാജ്യത്തിനു മാതൃകയായ അയൽക്കൂട്ടം വഴി അതിൽ അംഗങ്ങളായവർക്ക് അത്യാവശ്യം കൈവായ്‌പ ലഭിക്കാനുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്. ഇത് ഒന്നുകൂടി വിപുലപ്പെടുത്തിയാൽ ബ്ളേഡ് പലിശക്കാരുടെ ചൂഷണം കുറയ്ക്കാൻ കഴിയും. കൂടുതൽ സ്വയം സഹായ സംഘങ്ങളുണ്ടാവുകയും ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഉദാരമായി വായ്പ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്താൽ അത്യാവശ്യത്തിന് പലിശക്കാരെ തേടി പോകേണ്ടിവരില്ല. ഓരോ ഗ്രാമത്തിലും ആൾക്കാർ പരസ്പരം ജാമ്യം നിൽക്കുന്ന സഹായസംഘങ്ങൾ രൂപീകരിക്കാവുന്നതാണ്.

പാവപ്പെട്ടവന് ഒന്നോ രണ്ടോ ലക്ഷം രൂപയുടെ വായ്പ നൽകാൻ നടപടിക്രമങ്ങളിൽ മുറുകെ പിടിക്കുന്നവർ ഒരു ഈടുമില്ലാതെ സ്വന്തക്കാർക്കും ചാർച്ചക്കാർക്കും പാർട്ടിക്കാർക്കും കോടാനുകോടികൾ അനുവദിക്കും. അതൊക്കെ ഒടുവിൽ കിട്ടാക്കടമായി ശേഷിക്കുകയും ചെയ്യും. സത്യസന്ധരും കടം ഏതുവിധേനയും വീട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണക്കാരെ പുറത്തുനിറുത്തിയാണ് ഇതൊക്കെ നടക്കുന്നത്.

കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ കർക്കശ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ മാത്രം പോര. ചെയ്യുകയും വേണം. വർഷങ്ങൾക്കു മുൻപ് മുൻ സർക്കാരിന്റെ കാലത്തു തുടങ്ങിവച്ച 'കുബേര" ഓപ്പറേഷൻ വീണ്ടും പൊടിതട്ടിയെടുക്കാവുന്നതാണ്. അന്ന് നല്ല ഫലമുണ്ടാക്കാൻ കഴിഞ്ഞ നടപടിയായിരുന്നു അത്. ബ്ളേഡ് പലിശക്കാർ ഒന്നടങ്ങിയതുമാണ്. നടപടി കടുപ്പിക്കുമെന്നു കണ്ടാലേ ബ്ളേഡ് മാഫിയകൾ കുറച്ചെങ്കിലും പത്തി താഴ്‌‌‌ത്തുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.