SignIn
Kerala Kaumudi Online
Thursday, 25 April 2024 3.03 PM IST

ലുലു മാൾ ഉദ്‌ഘാടനം കഴിഞ്ഞില്ല, അതിനുമുമ്പേ കോളടിച്ചത് തിരുവനന്തപുരം കോർപ്പറേഷന്, കിട്ടിയത് കോടികൾ

lulu-mall

തിരുവനന്തപുരം: തലസ്ഥാനത്തിന് ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാൾ ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഉദ്‌ഘാടനത്തിന് മുമ്പു തന്നെ ലുലു മാൾ കാരണം കോളടിച്ചിരിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനാണ്. 3.5 കോടി രൂപയാണ് നികുതി ഇനത്തിൽ കോർപ്പറേഷനിലേക്ക് ലുലു അധികൃതർ കഴിഞ്ഞദിവസം അടച്ചത്. കൃത്യമായി പറഞ്ഞാൽ ലൈബ്രറി സെസും, സേവന നികുതിയും ഉൾപ്പടെ 3,51,51,300 രൂപ.

കെട്ടിടനിർമ്മാണം പൂർത്തിയായെന്ന് എൻജിനീയറിംഗ് വിഭാഗം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മാർച്ച് 19നാണ്. അസസ്‌മെന്റ് പൂർത്തിയായ ദിവസം മുതൽ നികുതി നിർണയിക്കണമെന്നുള്ളതിനാലാണ് ഈ സാമ്പത്തിക വർഷത്തെ കെട്ടിട നികുതി മുഴുവനായി അടയ‌ക്കേണ്ടി വന്നത്.

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് തിരുവനന്തപുരത്തേത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്‌നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്‌ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എന്റർടെയിന്മെന്റ് സെന്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ട്, എന്നിവ മാളിന്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെയുള്ള മാളിന്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്‌മെന്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്.

മാളിന്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇന്റർനാഷണലാണ് മാളിന്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ അറിയിച്ചു,കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17 വെള്ളിയാഴ്ച മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LULUMALL, TRIVANDRUM LULU MALL, CORPORATION TAX, YUSAFF ALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.