പത്തനംതിട്ട: 2018ലെ മഹാപ്രളയത്തിൽ പമ്പാ നദിയിലടിഞ്ഞ മണൽ ലേലം ചെയ്ത് വിൽക്കാനുള്ള ശ്രമം പാളിയതോടെ വനംവകുപ്പ് നീക്കം ഉപേക്ഷിച്ചു. ചക്കുപാലത്ത് വനത്തിനുള്ളിൽ കൂട്ടിയിരിക്കുന്ന മണൽ ഇനി എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. മണൽ കെട്ടിട നിർമാണത്തിന് അനുയോജ്യമെന്ന് പറഞ്ഞാണ് ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ, ചെളിയും എക്കലും കലർന്ന മണൽ വേർതിരിച്ചെടുക്കുന്നത് ചെലവേറിയതായതിനാൽ ആരും മുന്നോട്ട് വന്നില്ല. ഇനി ലേലം നടത്തേണ്ടെന്നാണ് തീരുമാനം.
2019 ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്ന് തവണ ലേലത്തീയതി നിശ്ചയിച്ചിരുന്നു. കെട്ടിട നിർമാണത്തിന് മണൽ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ലേലം അറിയിപ്പിൽ വനംവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ചെളിയും എക്കലും കൂടിക്കലർന്നതിനാൽ 30 ശതമാനം മാത്രമേ ഉപയോഗിക്കാവുന്ന മണൽ ഉണ്ടാവുകയുള്ളൂവെന്ന റിപ്പോർട്ട് മറച്ചുവച്ചാണ് ലേലം വിളിച്ചത്. കരാറുകാർ സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് പരിശോധിച്ചപ്പോഴും ഇതുതന്നെയാണ് കണ്ടെത്തിയത്. മണൽ വേർതിരിച്ചെടുക്കാൻ വൻചെലവ് വരും. തുടർന്നാണ് ലേലംകൊള്ളാനെത്തിയവർ
പിന്മാറിയത്. മണൽക്കൂനയുടെ ഒരുഭാഗം മഴയത്ത് വീണ്ടും പമ്പയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
1.29 ലക്ഷം
ക്യുബിക് മീറ്റർ മണ്ണാണ് പമ്പയിൽ നിന്ന് ശേഖരിച്ചത്
# വിവാദം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ ഡി.ജി.പി ലോക് നാഥ് ബഹ്റ എന്നിവരുടെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ടിന് ഈ മണൽ നൽകാൻ നടത്തിയ നീക്കം വിവാദമായിരുന്നു. കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാൽ മണൽ നീക്കാനാവില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. അനുമതി ലഭ്യമായപ്പോഴേക്കും സ്ഥാപനം പിൻമാറി. തുടർന്നാണ് വനംവകുപ്പ് നേരിട്ട് ലേലം വിളിച്ചത്.