കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു നേതാക്കൾക്കെതിരെ നടപടി. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാങ്കാവ് ബ്ലോക്ക് മുൻ പ്രസിഡന്റ് അഡ്വ.ജി.സി.പ്രശാന്ത് കുമാർ, അരക്കിണർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് കീച്ചമ്പ്രയെ പരസ്യമായി താക്കീത് ചെയ്യും. ഡി.സി.സി മുൻ പ്രസിഡന്റ് യു.രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കും.
അക്രമത്തിന് നേതൃത്വം നൽകിയെന്ന് കമ്മിഷന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണിത്. സ്ഥലത്തുണ്ടായിട്ടും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിൽ യു.രാജീവൻ വീഴ്ചവരുത്തിയെന്ന് കമ്മിഷൻ കണ്ടെത്തി.
കെ.പി.സി.സി മുൻ എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി.വി.കുഞ്ഞികൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. നാലാം ദിവസം കമ്മിഷൻ ഡി.സി.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടും ഡി.സി.സിയുടെ ശുപാർശയും കൂടി പരിഗണിച്ചാണ് നടപടി തീരുമാനിച്ചത്.