താഷ്‌കെന്റ് (ഉസ്ബക്കിസ്ഥാൻ): വനിതാ ഫുട്‌ബാൾ മത്സരത്തിൽ പുരുഷ ഗോൾകീപ്പറെ ഇറക്കി ഇറാൻ കളി ജയിച്ചെന്ന ആരോപണവുമായി ജോർദാൻ. ഇറാൻ വനിതാ ടീമും ജോർദാൻ വനിതാ ടീമും തമ്മിൽ സെപ്റ്റംബർ 25-ന് നടന്ന വനിതകളുടെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിന്റെ പേരിലാണ് പുതിയ വിവാദം.
ഇറാൻ ഷൂട്ടൗട്ടിൽ ജയിച്ച മത്സരത്തിൽ അവർക്കായി ഗോൾവല കാത്ത സൊഹ്‌റ കൗദേയി പുരുഷനാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ജോർദാൻ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റും ജോർദാൻ രാജാവിന്റെ മകനുമായ അലി ബിൻ ഹുസൈനാണ്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഇറാന്റെ വിജയം. ഇതിൽ രണ്ടു പെനാൽറ്റികൾ ഉൾപ്പെടെ നിരവധി സേവുകൾ കൗദേയി നടത്തിയിരുന്നു. ഈ ജയത്തോടെ ഇറാൻ ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
പുരുഷനായ കൗദേയി വനിതാ താരമായി വേഷംകെട്ടിയതാണെന്ന് അലി ബിൻ ഹുസൈൻ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോർദാൻ ഫുട്‌ബാൾ അധഃസ്ഥിതൻ, അധഃകൃതൻ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ വനിതാ ഫുട്‌ബാൾ ടീമുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്‌നങ്ങൾ മുമ്പും ഉയർന്നിട്ടുണ്ടെന്നും അലി ബിൻ ഹുസൈൻ ചൂണ്ടിക്കാട്ടി.
എന്നാൽ കൗദേയിക്കെതിരേ ഉയർന്ന ആരോപണം ഇറാൻ സെലക്ടർ മറിയം ഇറാൻദൂസ്ത് തള്ളി. തങ്ങളുടെ മെഡിക്കൽ സംഘം ദേശീയ ടീമിലെ ഓരോ കളിക്കാരുടെയും ഹോർമോൺ പരിശോധന നടത്തിയതാണെന്ന് മറിയം വ്യക്തമാക്കി. വിഷയത്തിൽ ഏത് അന്വേഷണമുണ്ടായാലും പൂർണമായും സഹകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.