SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.08 PM IST

നൂറ്റാണ്ടുകൾ പിന്നിട്ട് ദസ്തയേവ്സ്കി

destovsky

മൃഗത്തിന് ഒരിക്കലും മനുഷ്യനെപ്പോലെ ക്രൂരനാവാൻ കഴിയില്ല - എന്നു പറഞ്ഞ ദസ്തയേവ്‌‌സ്‌കി മനുഷ്യമനസിന്റെ ഉള്ളകറകളിലേക്കാണ് നിരന്തരം സഞ്ചരിച്ചത്. മനുഷ്യൻ ഒരു മഹാരഹസ്യമാണെന്നും ആ രഹസ്യം തേടലാണ് തന്റെ സർഗസഞ്ചാരത്തിന്റെ ലക്ഷ്യമെന്നും ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കി (Fyodor Mikhaylovich Dostoyevsky)​ കരുതിയിരുന്നു. അതിനായി സ്വയം ഹോമിച്ച ദസ്തയേവിസ്കിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ചേർന്നു പിന്നിട്ട 200 വർഷങ്ങൾ അതിവേഗ പരിവർത്തനങ്ങളുടെ കാലമായിരുന്നു. മനുഷ്യജീവിതത്തിലും ജീവിതസങ്കല്പങ്ങളിലും ശാസ്ത്ര സാങ്കേതികരംഗങ്ങളിലും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇടപെടലുകളിലുമെല്ലാം അത് പ്രകടമായി.

ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ടുള്ളതുപോലെ 'സിദ്ധാന്തങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത പ്രകൃതിക്ഷോഭമായിരുന്നു ദസ്തയേവ്സ്കി. അതിന്റെ തരംഗങ്ങൾ അവസാനത്തെ മനുഷ്യരെ വരെ പ്രകമ്പനം കൊള്ളിക്കുകതന്നെ ചെയ്യും.'

റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളിനീക്കുന്ന റാസ്കോൾനിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ്, ലോകചരിത്രത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായ 'കുറ്റവും ശിക്ഷയും' രൂപപ്പെടുന്നത്. ക്രൂരയായ വീട്ടുടമസ്ഥയെ കൊന്നശേഷം സൈബീരിയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുകയാണ് ദസ്തയേവ്സ്കി. മനസിനെ കീറിമുറിച്ച് വിശദാംശങ്ങൾ കണ്ടെടുക്കുന്ന മനഃശാസ്ത്രജ്ഞനാണ് ദെസ്തയേവ്സ്കി എന്ന് ബോദ്ധ്യപ്പെടുത്തുന്ന ഈ നോവൽ 1866ലാണ് വായനക്കാരുടെ കൈകളിലെത്തിയത്.

ഒരു ഉയിർത്തെഴുന്നേല്‌പ്പായിരുന്നു ദസ്തയേവ്സ്കിയുടെ ജീവിതവും. 'കുറ്റവും ശിക്ഷയും' പ്രസിദ്ധീകരിക്കുമ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗിൽ വേനൽക്കാലമായിരുന്നു. ദസ്തയേവ്സ്കിയുടെ ജീവിതം ദുരിതച്ചുഴിയിൽ കടപുഴകിനിന്ന കാലം. ആദ്യഭാര്യ മരിയയും സഹോദരൻ മിഖായിലും മരിച്ചു. ചൂതുകളിയിൽ സമ്പാദ്യമെല്ലാം നഷ്ടമായി. സഹോദരൻ നടത്തിയിരുന്ന മാസികയുടെ ബാദ്ധ്യതകൾ കൂടി ദസ്തയേവ്സ്കിയുടെ തലയിലായി. അപസ്മാരവും കഠിനമായി. പണം തിരികെ നല്‌കിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടിവരുമെന്ന് കടക്കാരുടെ ഭീഷണി.

ജയിൽ എന്നു കേട്ടാൽ ഹൃദയം സ്തംഭിച്ചുപോകുന്ന ഓ‌ർമ്മകളുണ്ടായിരുന്നു ദസ്തയേവ്സ്കിക്ക്. സാർ ചക്രവർത്തിക്കെതിരായ വിപ്ലവശ്രമങ്ങളുടെ പേരിൽ 1849 ൽ അറസ്റ്റു ചെയ്യപ്പെട്ടവർക്കൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി ദസ്തയേവ്സ്കിയെയും വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അക്കൊല്ലം ഡിസംബർ 22ന് പീറ്റേഴ്സ് ബർഗിലെ സെംവേനോവ് സ്ക്വയറിൽ വധശിക്ഷ നടപ്പിലാക്കാനായി അവരെ നിരത്തിനിറുത്തി. അണിയാൻ വെള്ളവസ്ത്രങ്ങളും ചുംബിക്കാൻ കുരിശും നൽകി. ആദ്യത്തെ മൂന്നുപേരെ സ്തൂപത്തിൽ പിടിച്ചുകെട്ടി. രണ്ടാമത്തെ ബാച്ചിലായിരുന്നു ദസ്തയേവ്സ്കി. പട്ടാളക്കാർ കാഞ്ചിയിൽ വിരലമർത്താൻ ഒരുങ്ങവേ വെളുത്ത കൈലേസ് വീശി ഒരു ഓഫീസർ ഓടിയെത്തി. വധശിക്ഷ ഒഴിവാക്കിയതായുള്ള ചക്രവർത്തിയുടെ കല്പനയുമാണ് വന്നത്. സൈബീരിയയിലെ ഒരു ലേബർ ക്യാമ്പിൽ നാലുവർഷം കഠിനതടവായിരുന്നു പകരം ശിക്ഷ. ഭീതിദമായ ആ ശിക്ഷയുടെ ഓർമ്മവിട്ടുമാറാതെ നില്‌ക്കെ, 'പാപ്പർസ്യൂട്ട് ' എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു ദസ്തയേവ്സ്കി. അപ്പോഴാണ് ഫിയോദോർ സ്റ്റെല്ലോവ്‌സ്‌കി എന്ന പ്രസാധകൻ പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ നിലയിൽ 60 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പണം ഒടുക്കി കടക്കാരിൽനിന്ന് രക്ഷിക്കാൻ അദ്ദേഹം സന്നദ്ധനായി. പകരം അടുത്ത നവംബർ ആകുമ്പോഴേക്കും 175 പേജിൽ കുറയാത്ത ഒരു നോവൽ എഴുതി നല്‌കണം. അതായിരുന്നു വ്യവസ്ഥ. അതു നടന്നില്ലെങ്കിൽ, അതുവരെയുള്ള എല്ലാ രചനകളുടെയും പകർപ്പവകാശം സ്റ്റെല്ലോവ്‌സ്‌കിക്ക് സ്വന്തമാവും. മുദ്രപ്പത്രത്തിൽ ഒപ്പിട്ടുകൊടുത്ത ശേഷമാണ് തന്നെ കടക്കെണിയിലാക്കാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞതും ആ മനുഷ്യൻ തന്നെയെന്ന് ദസ്തയേവ്സ്കി അറിഞ്ഞത്.

പക്ഷേ, കരാർ പ്രകാരം നൽകാൻ തീരുമാനിച്ചിരുന്ന ചൂതുകളിഭ്രമം പ്രമേയമായ 'ഗാംബ്ലർ' എന്ന നോവൽ 1866 സെപ്തംബർ ആയിട്ടും ഒരു പേജുപോലും എഴുതാനായില്ല. അവശേഷിക്കുന്നത് നാലഞ്ചാഴ്ച മാത്രം. എന്തു ചെയ്യും ? സ്റ്റെനോഗ്രാഫി പഠിപ്പിക്കുന്ന ഒരു സ്നേഹിതനുണ്ട്. ദസ്തയേവ്സ്കി അദ്ദേഹത്തെ ചെന്നുകണ്ട് പറഞ്ഞു: 'ഒരു നല്ല ടൈപ്പിസ്റ്റിനെ ഒരു മാസത്തേക്ക് വിട്ടുതരണം. നോവൽ ഡിക്ടേറ്റ് ചെയ്യാനുണ്ട്. തല പോവുന്ന കേസാണ്, സഹായിക്കണം.'

ദസ്തയേവ്സ്കിയുടെ ഭ്രാന്തമായ ജീവിതത്തിനുമേൽ പില്‌ക്കാലത്ത്, പ്രണയത്തിന്റെ പൂമഴ ചൊരിഞ്ഞ അന്നയ്ക്ക് അന്ന് 20 വയസ് പ്രായം. സ്വന്തം കാലിൽ നില്‌ക്കണമെന്ന മോഹവുമായി ടൈപ്പ് പഠിച്ച അവൾക്ക് ദസ്തയേവ്സ്കിയുടെ എഴുത്തകത്തേക്കുള്ള യാത്ര വലിയ സന്തോഷമായി. അന്നയുടെ അമ്മാവന്റെ ഇഷ്ടനോവലിസ്റ്റായിരുന്നു ദസ്തയേവ്സ്കി. വിഖ്യാതനായ ആ എഴുത്തുകാരന്റെ പുതിയ നോവൽ, അദ്ദേഹത്തിൽ നിന്നുതന്നെ, കേട്ടെഴുതുക! ആ അസുലഭ അവസരത്തെക്കുറിച്ചുള്ള ചിന്തകൾപോലും അന്നയ്ക്ക് പകർന്ന ആഹ്ലാദം അളവറ്റതായിരുന്നു.

അടുത്ത ദിവസം രാവിലെ പതിനൊന്നരയ്ക്ക് അന്ന ദസ്തയേവ്സ്കിയുടെ വീട്ടിലെത്തി. നാലുമണിവരെയാണ് ഡിക്ടേഷൻ. ഇടയ്ക്ക് ചായയും നുറുങ്ങു സംഭാഷണങ്ങളും. കർക്കശമായിരുന്നു അന്നയോടുള്ള ദസ്തയേവ്സ്കിയുടെ സമീപനം. അനുദിനം അതിന് അയവു വന്നു.

അവൾ ദസ്തയേവ്സ്കിയുടെ കുഞ്ഞുമാടപ്രാവായി. ഏറ്റവും ഇഷ്ടമുളളവരെ ദസ്തയേവ്സ്കി വിളിക്കുമായിരുന്ന ചെല്ലപ്പേരാണ് അത്.

ജോലിയിൽ അന്ന പ്രകടിപ്പിച്ചിരുന്ന ഗൗരവവും എഴുതാനുള്ള മനോനില സാദ്ധ്യമാക്കാനുള്ള വൈഭവവും ദസ്തയേവ്സ്കിക്ക് അനുഗ്രഹമായി. അതിനിടയിൽ എപ്പോഴോ വന്നുപെട്ട പ്രണയത്തിന്റെ നേർത്ത തൂവലുകൾ തങ്ങളെ സ്പർശിക്കുന്നതും മെല്ലെ, വളരെ മെല്ലെ തലോടുന്നതും ഇരുവരും അറിഞ്ഞതേയില്ല. എഴുതുക, എഴുതി പൂർത്തിയാക്കുക അതിൽ മാത്രമായിരുന്നു അന്നയുടെ ശ്രദ്ധയും കരുതലും.

കെ. സുരേന്ദ്രന്റെ ‘ദസ്തയേവ്സ്കിയുടെ കഥ’, ജി.എൻ. പണിക്കരുടെ- ' ദസ്തയേവ്സ്കി- ജീവിതവും കൃതികളും' പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ തുടങ്ങിയ കൃതികൾ ഈ മഹാപ്രതിഭയ്ക്ക് മലയാളം നൽകിയ ഈടുറ്റ സമ്മാനങ്ങളാണ്. ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന മൂന്നാഴ്ചക്കാലത്ത് ദസ്തയേവ്സ്കിയും അന്നയും അനുഭവിച്ച സംഘർഷങ്ങളുടെയും നൊമ്പരങ്ങളുടെയും അതിലൂടെ രൂപപ്പെട്ട അചുംബിതമായ പ്രണയത്തിന്റെയും ആവിഷ്കാരമായ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിൽ ദസ്തയേവ്സ്കി ചോദിക്കുന്നു- എന്താണ് ജീവിതം? ശൂന്യതയിലേക്കെന്നപോലെ അന്ന മിഴിച്ചുനിൽക്കുമ്പോൾ ദസ്തയേവ്സ്കി പറഞ്ഞു: "ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കുനോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു കളി! ആ അർത്ഥത്തിൽ ചിന്തിച്ചുനോക്കുമ്പോൾ ജീവിതം ഒരു ചൂതുകളി തന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. അഹന്തയുണ്ട്. ദൈന്യമുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ഇല്ലേ? ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കുകൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നില്‌ക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?"

-എന്തിലും ജീവിതം കാണുക എന്നത് കലയുടെ അടിസ്ഥാന സ്വഭാവമാണ്. ദസ്തയേവ്സ്കി ചൂതാട്ടത്തിലും അതു കണ്ടു. അനുഭവിച്ചു. അതിലൂടെ രൂപപ്പെട്ടുവന്ന കഥയും കഥാപാത്രങ്ങളും അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായ ഒരു എഴുത്തുകാരനെക്കൂടി അനാവൃതമാക്കുന്നതായിരുന്നു. എന്നാൽ, 'ദരിദ്രനും നിസഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാൻ, ഈ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത് ? ' എന്നു വിഹ്വലപ്പെടുന്ന എഴുത്തുകാരനെയാണ് ദസ്തയേവ്സ്കിയിൽ പെരുമ്പടവം ശ്രീധരൻ ദർശിച്ചത്. 'ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ' എന്ന് ദസ്തയേവ്സ്കിയെ അദ്ദേഹത്തിന് വിശേഷിപ്പിക്കാനായതും അതുകൊണ്ടാണ്. ചൂതാട്ടം എഴുതി പൂർത്തിയാക്കാനെടുത്ത 1866 ഒക്ടോബർ നാല് മുതൽ 29 വരെയുള്ള 26 ദിവസത്തെയാണ്, കവിതയിൽ വൈലോപ്പിള്ളി സാദ്ധ്യമാക്കിയ ഭാഷാചാതുര്യത്തോടെ പെരുമ്പടവം പുനഃസൃഷ്ടിച്ചത്.

1821 നവംബർ 11 ന് റഷ്യൻ സാമ്ര്യാജ്യത്തിലെ മോസ്കോയിൽ ജനിച്ച ദസ്തയേവ്സ്കി 1881 ഫെബ്രുവരി ഒൻപതിന് സെന്റ് പീറ്റേഴ്സ്ബർഗിലെ വീട്ടിൽ മരണത്തിന് കീഴടങ്ങുമ്പോൾ ലോകമെങ്ങുമുള്ള സഹൃദയർ, പ്രണയിച്ചു തീരാത്ത ആ ഹൃദയത്തിനുമേൽ അശ്രുപൂജ ചെയ്യുകയായിരുന്നു. ജീവിതം സ്വന്തം കൈപ്പിടിയിലൊതുങ്ങാതെ,​ എന്നും ഏതോ ഭൂതാവേശത്തിലായിരുന്ന ദസ്തയേവ്സ്കിക്ക് മരണമില്ലെന്ന് പ്രാർത്ഥിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DESTOVSKY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.