SignIn
Kerala Kaumudi Online
Friday, 19 April 2024 2.00 AM IST

ചൂതുകളിച്ച് ഒടുങ്ങല്ലേ...

game

ഓൺലൈനിൽ ചൂതുകളിച്ച് ലക്ഷങ്ങൾ കളഞ്ഞുകുളിച്ച് ജീവിതം അവസാനിപ്പിക്കുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കൂടിവരികയാണ്. മറുവശത്ത് കളിക്കുന്നത് മനുഷ്യനാണോ കമ്പ്യൂട്ടറാണോ എന്നുപോലുമറിയാതെ, കടംവാങ്ങിയും വിറ്റുപെറുക്കിയും ഓൺലൈനിൽ ഗെയിമുകളിൽ ചൂതാടി ജീവിതം തുലയ്ക്കുകയാണ് യുവാക്കൾ. ലോക്ക്ഡൗണിലെ വിരസത മുതലെടുത്ത് വിപണി പിടിച്ച ഓൺലൈൻ ചൂതാട്ടം, ലാഭം പ്രതീക്ഷിച്ച് കളിക്കാനിറങ്ങിയവരുടെ ജീവനെടുക്കുന്ന സ്ഥിതിയാണിപ്പോൾ. ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിന്നാലുകാരൻ വരെ അരഡസനോളം പേർ ഓൺലൈനിൽ ചൂതാടി പണം നഷ്ടമായി ജീവനൊടുക്കിയിട്ടുണ്ട്.

തമിഴ്നാട്,അസം, തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളവും ഓൺലൈൻ റമ്മി നിരോധിച്ച് വിജ്ഞാപനമിറക്കിയതാണ്. യുവാക്കൾ ഏറ്റവുമധികം പണം കളയുന്നത് റമ്മികളിച്ചാണ്. അതിനാലാണ് ആദ്യം റമ്മി നിരോധിച്ചത്. പക്ഷേ, അതിശക്തരായ ഗെയിമിംഗ് കമ്പനി ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തി സർക്കാരിന്റെ നിരോധനം റദ്ദാക്കിയെടുത്തു. മാത്രമല്ല, പത്ത് പുതിയ ഗെയിമിംഗ് കമ്പനികൾ കൂടി കേരളത്തിലെത്തുകയും ചെയ്തു. ഓൺലൈനിൽ ചൂതാടി പണം കളയുന്നവരിൽ കൂലിവേലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്. ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്ന വി.എച്ച് വിനീത് ഓൺലൈൻ ഗെയിം കളിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറിയാണ് ആത്മഹത്യ ചെയ്തത്. വഞ്ചിയൂർ ട്രഷറിയിലെ അക്കൗണ്ടന്റ് ബിജുലാൽ ട്രഷറിയിൽ കൈയിട്ടുവാരിയ 2.70 കോടി കൊണ്ടാണ് ചൂതാട്ടം നടത്തിയത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുകയാണെങ്കിലും ശക്തമായ നിയമമില്ലാത്തതിനാൽ കേസെടുക്കാൻ പൊലീസിന് കഴിയുന്നില്ല.

1960 ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണംവച്ചുള്ള വാതുവയ്‌പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ റമ്മികളി ഭാഗ്യപരീക്ഷണമല്ലെന്നും വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നുമാണ് കമ്പനികളുടെ വാദം. ഭാഗ്യപരീക്ഷണത്തേക്കാൾ കഴിവും ബുദ്ധിയും വൈദഗ്ദ്ധ്യവും വേണ്ട ഗെയിമുകൾ നിരോധിച്ചിട്ടുള്ള ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. ഭാഗ്യപരീക്ഷണം നടത്താതെ, കഴിവുപയോഗിച്ചുള്ള (സ്കിൽഡ്) കളിയുടെ ഗണത്തിലാണ് ഓൺലൈൻ റമ്മിയെന്നും ഓൺലൈനിൽ ക്രിക്കറ്റ് കളിക്കുന്നതു പോലെയേ ഇത് പരിഗണിക്കാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്. ചില സംസ്ഥാനങ്ങളിൽ ചൂതാട്ടനിരോധനത്തിന് പ്രാദേശിക നിയമങ്ങളുണ്ടെങ്കിലും കേരളം കേന്ദ്രനിയമമാണ് പിന്തുടരുന്നത്. കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത് ശക്തമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി സമ്പൂർണ ചൂതാട്ട നിരോധനം കൊണ്ടുവരികയേ രക്ഷയുള്ളൂ.

സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ആകർഷകമായ പരസ്യം നല്‌കിയാണ് ഗെയിമുകൾ യുവാക്കളെ ആകർഷിക്കുന്നത്. മറുവശത്ത് ആളുകളുമായല്ല, കമ്പ്യൂട്ടർ നിയന്ത്രിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സാങ്കേതികവിദ്യയോടാണ് കളിക്കുന്നത്. കളിക്കാനെത്തുന്നവരുടെ വൈദഗ്ദ്ധ്യം മനസിലാക്കി ആവശ്യമുള്ള കാർഡുകൾ നൽകാതിരിക്കുന്നതും ചെറിയ തുക ബോണസ് നൽകി കളിതുടരാൻ പ്രേരിപ്പിക്കുന്നതും ഗെയിമുകളുടെ രീതിയാണ്. 13 കാർഡുകളുടെ നീക്കത്തിലൂടെയാണ് ഓൺലൈനിലെ റമ്മികളി. ഇ-മെയിൽ അടക്കമുള്ള വിവരങ്ങളെല്ലാം നൽകി സ്വമേധയാ രജിസ്റ്റർ ചെയ്താണ് റമ്മികളിക്കുന്നത്. ആരെയും നിർബന്ധിക്കുന്നില്ലെന്നാണ് കമ്പനികളുടെ വാദം. കളി ജയിക്കാൻ കഴിവും വൈദഗ്ദ്ധ്യവും വേണമെന്നും അവസരത്തിനോ ഭാഗ്യത്തിനോ ഇടമില്ലെന്നും അവർ വാദിക്കുന്നു.

വൈദഗ്ദ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് നിയമം. കമ്പനി പണമീടാക്കുമെന്ന് കളിയുടെ നിയമാവലിയിൽ പറയാതെ, ഇ-വാലറ്റിൽ പണം വേണമെന്നു മാത്രമാണുള്ളത്. കളിക്കുന്നവർ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നല്‌കണം. കളി തോല്‌ക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ചോർന്നുകൊണ്ടിരിക്കും. ഇന്ത്യൻ കമ്പനികളായതിനാൽ, പണം വിദേശത്തേക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടില്ല. ക്രെഡിറ്ര്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളുള്ള പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെയാണ് പണമിടപാട്.

കളിക്കാൻ പണമില്ലേ, വായ്പ തരാം

കൈയിൽ പണമില്ലെങ്കിൽ വായ്പയെടുത്ത് കളിക്കാൻ ഓൺലൈൻ ഗെയിമുകൾ സൗകര്യമൊരുക്കുന്നുണ്ട്. മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്പാത്തട്ടിപ്പുമായി മിക്ക ഗെയിമുകൾക്കും ബന്ധമുണ്ട്. ദിവസക്കണക്കിനുള്ള കൊള്ളപ്പലിശയ്ക്ക് മിനിറ്റുകൾക്കകം ആപ്പുകൾ വായ്പ നൽകും. പണം തീരുമ്പോൾ വീണ്ടും വായ്പയെടുക്കാം. ഒടുവിൽ വലിയ ദുരന്തമാവും കാത്തിരിക്കുക. മരണക്കെണിയാവുന്ന ഓൺലൈൻ കളിക്ക് ഇടയിൽ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നൽകിയും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുമാണ് യുവാക്കളെ ചതിയിൽപ്പെടുത്തുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്ത വിനീത് ഓൺലൈൻ റമ്മി കളിക്കാൻ ആപ്പിലൂടെ വായ്പയെടുത്തിരുന്നു.

സുഹൃത്തുക്കളിൽ നിന്ന് കടമെടുക്കുന്നത് തികയാതെ വന്നപ്പോഴാണ് ആപ്പുകളിൽ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ, വായ്പ നൽകിയ കമ്പനി സുഹൃത്തുക്കൾക്കും ഐ.എസ്.ആർ.ഒയിലെ സഹപ്രവർത്തകർക്കും വിനീതിനെ അവഹേളിച്ച് ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. ഇത് വിനീതിനെ തളർത്തി. താൻ പെട്ടുപോയെന്നാണ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിനീത് സുഹൃത്തുക്കളോട് പറഞ്ഞത്. വായ്പാ ആപ്പിന്റെ എക്സിക്യൂട്ടീവ് വീട്ടിൽ നേരിട്ട് എത്തിയെന്ന് വിനീതിന്റെ സഹോദരനും വെളിപ്പെടുത്തിയിരുന്നു. ആപ്പിലൂടെ എടുക്കുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസമാണ്. വായ്പ പലിശ സഹിതം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ കോണ്ടാക്ട് ലിസ്​റ്റിലെ എല്ലാവർക്കും സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും. പലിശ ഒന്നര ശതമാനമെന്നാണ് വായ്പയെടുക്കുമ്പോൾ പറയുക. പക്ഷേ ഇത് ദിവസപ്പലിശയാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കിയാണ് വായ്പയെടുത്തത് എന്ന സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും. ഫോണിൽ സേവ് ചെയ്ത ഫോൺ നമ്പറുകളിലേക്ക് വായ്പാത്തട്ടിപ്പുകാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരെ വിളിക്കും. വായ്പയെടുത്ത ആളുടെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ച് ഡിഫോൾട്ടർ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് തുടങ്ങും. ഭാര്യ, അമ്മ തുടങ്ങി അടുത്ത ബന്ധുക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ചുവയോടെ വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങും. തിരിച്ചടച്ചു തീർത്താലും അടവു തെ​റ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നതും പതിവാണ്. നിരവധി ദുരന്തങ്ങളുണ്ടായിട്ടും ആപ്പിലൂടെയുള്ള വായ്പാത്തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്.

നിരോധനം റദ്ദായി

പതിനേഴു പേർ ജീവനൊടുക്കിയതിനെത്തുടർന്ന് തമിഴ്നാട്ടിൽ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഏത് തരത്തിലുള്ള ജോലിയും ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‌കുന്ന ഭരണഘടനാ അനുഛേദം 19 (1) ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ റമ്മി പോലെയുള്ള മത്സരങ്ങളും പണംവച്ചുള്ള മറ്റ് സ്‌കിൽഡ് ഓൺലൈൻ ഗെയിമുകളും വിലക്കിയുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഭരണഘടനാ തത്വങ്ങൾ ലംഘിക്കാതെ പുതിയ നിയമനിർമ്മാണം നടത്താൻ വിധി തടസമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളൊന്നും നടപ്പാക്കാത്ത നിരോധനം തമിഴ്നാട്ടിൽ നടപ്പാക്കിയത് നിയമ വിരുദ്ധമാണെന്ന ഓൺലൈൻ ഗെയിം കമ്പനികളുടെ വാദം കോടതി അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാരിന്റെ നിരോധന ഉത്തരവ് കേരളാ ഹൈക്കോടതിയും റദ്ദാക്കിയത്.

1960 ലെ കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷൻ 14എ പ്രകാരമാണ് ഓൺലൈൻ റമ്മി നിയമവിരുദ്ധമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഇത് ഹൈക്കോടതി റദ്ദാക്കി. കേരള ഗെയിമിംഗ് ആക്ടിൽ വരുത്തിയ ഭേദഗതി പ്രകാരം ഓൺലൈൻ റമ്മിയെ ചൂതാട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. നേരിട്ട് പണം വച്ച് റമ്മികളിക്കുന്നതിനെ ചൂതാട്ടത്തിന്റെ പരിധിക്ക് പുറത്ത് നിറുത്തുകയും ഓൺലൈൻ റമ്മിയെ ഗെയിമിംഗ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്യുന്നത് വിവേചനമാണെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി. ഓൺലൈൻ റമ്മി പോലുള്ള ഗെയിം കളിക്കുന്നത് നൈപുണ്യം ഉപയോഗിച്ചാണെന്നും കളിക്കുന്നവരുടെ പ്രാവീണ്യം കൊണ്ട് ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഓൺലൈൻ റമ്മി നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും കച്ചവടത്തിനും വാണിജ്യത്തിനുമുള്ള മൗലികാവകാശങ്ങളും തുല്യതയ്ക്കുള്ള അവകാശവും ലംഘിക്കുന്നതാണെന്നും ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. സിംഗിൾബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് സർക്കാർ.


കളി കാര്യമാവും

ഓൺലൈൻ ഗെയിമുകൾ മരണക്കളികളായി മാറുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗെയിമുകളോടുള്ള അമിതമായ ആസക്തി കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നു. പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റ് ചെയ്യാൻ സൗകര്യമുണ്ട്. ചാ​റ്റ് ചെയ്യുന്ന അപരിചിതർ ലൈംഗിക ചൂഷകരോ ഡേറ്റാ മോഷ്ടാക്കളോ ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും മോശമായിരിക്കും. ഫ്രീ ഫയർ പോലുള്ള ഗെയിമുകൾക്ക് കുട്ടികൾ വേഗത്തിൽ അടിമകളാവുന്നു. ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ എൻഡ് സ്മാർട്ട്‌ ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുന്നു.

ചാറ്രിനെത്തുന്നവർ യഥാർത്ഥ കഥാപാത്രങ്ങളെപ്പോലെ അപകടത്തിൽപ്പെട്ട് മരിക്കാൻ നേരത്ത് വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസും അതിനനുസരിച്ച് വൈകാരികമായി പ്രവർത്തിക്കുന്നു. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയുമുണ്ട്.
കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്‌ത്രങ്ങൾക്കുമായി ഷോപ്പിംഗ് നടത്താനും മ​റ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയറിലുണ്ട്. ഗെയിമിലെ സ്ത്രീ കഥാപാത്രങ്ങൾ വിവസ്‌ത്രരായും കാണപ്പെടുന്നുണ്ട്. അത്യന്തം ഏകാഗ്രത ആവശ്യമുള്ളതായതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കും. നാലിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റ് ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ട്.

മക്കളെ അറിയാം, രക്ഷിക്കാം

ഓൺലൈൻ ഗെയിമുകളുടെ പിടിയിൽനിന്ന് മക്കളെ രക്ഷിക്കാൻ അവർക്കൊപ്പം കൂടുതൽ സമയം ചെലവിടുകയേ രക്ഷയുള്ളൂ. രക്ഷിതാക്കൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്റിക്കുകയും അവരെ മ​റ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യണം. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും അവസരമൊരുക്കണം. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യണം. മൊബൈലിൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും മുതിർന്നവരുടെ അനുമതി നിർബന്ധമാക്കണം. കുട്ടികൾ അതീവ രഹസ്യസ്വഭാവത്തോടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുതിർന്നവരുടെ കണ്ണെത്തുന്ന ദൂരത്തുതന്നെ മതി ഉപയോഗം. കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കാനുള്ള പേരന്റിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. അസമയത്തെ ഫോൺ ഉപയോഗം വിലക്കണം. വൈകി ഉറങ്ങുക, വൈകി ഉണരുക തുടങ്ങി കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കണം. മൊബൈൽ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE RUMMY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.