ടെന്നിസി: പ്രശസ്ത അമേരിക്കൻ യുവ റാപ്പർ യങ് ഡോൾഫ് (36) വെടിയേറ്റ് മരിച്ചു. ബുധനാഴ്ച പ്രാദേശിക സമയം 12.30 യോടെ മെംഫിസിലെ ഒരു കുക്കിഷോപ്പിൽ നില്ക്കുമ്പോൾ കാറിലെത്തിയ ചിലർ ഡോൾഫിന് നേരെ വെടിയുതിർക്കുകയായിരുന്നു.ഡോൾഫിന്റെ കാർ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ക്യാൻസർ രോഗബാധിതയായ തന്റെ ബന്ധുവിനെ സന്ദർശിക്കാനും താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറിൽ പങ്കെടുക്കാനും തിങ്കളാഴ്ചയാണ് ഡോൾഫ് സ്വദേശമായ മിംഫിസിൽ എത്തിയത്. അമേരിക്കൻ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയിൽ ഏറെ പ്രശസ്തനാണ് യങ് ഡോൾഫിന്റെ യഥാർത്ഥ പേര് അഡോൾഫ് റോബർട്ട് തോൺടൺ ജൂനിയർ എന്നാണ്. അദ്ദേഹത്തിന്റെ 2020 ൽ പുറത്തിറങ്ങിയ ആൽബം റിച്ച് സ്ലേവ് ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. 2017ൽ രണ്ട് തവണ ഇദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
ഡോൾഫിന്റെ അപ്രതീക്ഷിത വിയോഗത്തിൽ മെഫിംസ് മേയർ ജിം സ്‌ട്രൈക്ക്ലാന്റ് അനുശോചനം അറിയിച്ചു. അതേ സമയം സംഭവത്തിന് ശേഷം കടയ്ക്ക് മുന്നിൽ വലിയ ജനക്കൂട്ടം രൂപപ്പെട്ടതിനെ തുടർന്ന് സിറ്റി കൗൺസിൽ മിംഫിസിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.