തിംപു : ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ട് ഗവേഷകൻ. അതിർത്തിയിൽ 100 ചതുരശ്ര കിലോമീറ്ററിൽ വിവിധ പ്രദേശങ്ങളിലായി പുതിയ ചൈനീസ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ - ചൈന അതിർത്തിയിലെ ചൈനീസ് സൈനിക നീക്കങ്ങളെ നിരീക്ഷിച്ച് ഗവേഷണം നടത്തുന്നയാളാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പുറത്തു വിട്ടത്. 2017ൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയ ദോക്ക്ലാമിന് സമീപത്തുള്ള ഈ പ്രദേശത്ത് ചൈന റോഡ് നിർമാണം ആരംഭിച്ചിരുന്നു.
അതിനാൽ ചൈനയുടെ പുതിയ നീക്കത്തിൽ ഇന്ത്യക്കും ആശങ്കയുണ്ട്. 2020നും 2021നും ഇടയിലായി ചൈന ഈ പ്രദേശത്ത് 4 ഗ്രാമങ്ങൾ നിർമ്മിച്ചതായാണ് നിഗമനം. അതിർത്തികൾ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിൽ നിന്ന് നിരന്തരം സമ്മർദ്ദം നേരിടുന്ന രാജ്യമാണ് ഭൂട്ടാൻ. ഇരു രാജ്യങ്ങളും നിലവിൽ അതിർത്തി ഉടമ്പടിയിലെത്തിയിട്ടുണ്ടെങ്കിലും ഉടമ്പടിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.പുതിയ ഗ്രാമങ്ങളുടെ നിർമ്മാണം ഉടമ്പടിയുടെ ഭാഗമാണോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങൾ നടപ്പിലാക്കാനുള്ള തന്ത്രപരമായ നീക്കമാണോയെന്ന് വിദഗ്ദർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.