SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 PM IST

മനസിന് ഔഷധമാകുന്ന ഓമനകൾ

photo

എന്റെ കുട്ടിക്കാലത്ത് മിന്നു എന്നു പേരുള്ള ഒരു ചക്കിപ്പൂച്ച ഉണ്ടായിരുന്നു. സ്‌കൂളിൽനിന്നു വരുമ്പോൾ അവൾ എന്നെ നോക്കി ഗേറ്റിൽ നില്പുണ്ടാവും. വാലുംപൊക്കി ഓടി വീട്ടിലേക്ക് ആനയിക്കും. എനിക്ക് അമ്മ തരുന്ന പാലിന്റെയും പലഹാരത്തിന്റെയും ഒരു പങ്ക് അവൾക്കു ഞാൻ സ്‌നേഹപൂർവം നൽകും. അവളെ മടിയിലിരുത്തി ലാളിക്കും. എന്നാൽ കൂടെ കിടത്തരുതെന്ന് അച്ഛൻ ചട്ടംകെട്ടും. മുറിയിൽത്തന്നെ തുണി വിരിച്ചു താഴെ കിടന്നോട്ടെ, പൂച്ച പാമ്പിനെ പിടിച്ചുകൊണ്ടുവരും രാത്രിയിൽ; അതുകൊണ്ടു കൂടെ കിടത്താൻ പാടില്ലെന്നാണു അച്ഛൻ പറഞ്ഞിരുന്നത്. എങ്കിലും നല്ല തകർത്തു പെയ്യുന്ന മഴയും തണുപ്പുമുള്ളപ്പോൾ എന്റെ പുതപ്പിനടിയിലേക്ക് അവളും നുഴഞ്ഞു കയറിക്കിടന്നു കുറുകും. അവൾ കൊതുകു വലയ്ക്കകത്തേയ്ക്കു നൂഴ്ന്നു കയറിയ കാര്യം രാവിലെ അച്ഛനോടു ഞാൻ മിണ്ടുകയില്ല. പിന്നെ രാത്രി അവളെ എന്റെ മുറിയ്ക്കു വെളിയിലാക്കി പൂട്ടിയാലോ. രാവിലെ അച്ഛൻ പത്രം വായിക്കുമ്പോൾ അച്ഛന്റെ കാലിന്റെ വളരെ അടുത്തുവന്നു കിടക്കും. അച്ഛൻ കാപ്പി കുടിയ്ക്കാനിരുന്നാൽ പുട്ട്, പുഴുങ്ങിയ ഏത്തപ്പഴം കൂട്ടിക്കുഴച്ചു കൊടുത്താലേ അവൾ കഴിയ്ക്കൂ.

ഒരിയ്ക്കൽ അവധിയ്ക്കു നാട്ടിൽ പോയപ്പോൾ അവിടെ ഞങ്ങൾക്കൊപ്പം കളിക്കൂട്ടായി ചിന്നുക്കുട്ടി എന്നൊരു കുഞ്ഞുപട്ടി എത്തി. അവൾക്കു ബിസ്‌ക്കറ്റ് കൊടുക്കുക, അവൾക്കൊപ്പം ഓടിക്കളിക്കുക ഇതൊക്കെ ഞങ്ങളുടെ വലിയ വിനോദമായിരുന്നു. എന്നാൽ പിറ്റേവർഷം നാട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച! ചിന്നുക്കുട്ടി മൂന്നുകുട്ടികളെ പ്രസവിച്ചു കിടക്കുന്നു. ആ പട്ടിക്കുഞ്ഞുങ്ങൾ അമ്മയുടെ പാലുകുടിച്ചു കിടക്കുമ്പോൾ ഇത്തിരി മുതിർന്ന ഒരു പൂച്ചക്കുട്ടി കൂടി വന്ന് അവളുടെ പാലുകുടിക്കുന്നു. എങ്കിലും അവൾക്കു പരിഭവമൊന്നുമില്ല. നിസംഗതയോടെ കണ്ണടച്ച് ഒരു മുനിഭാവത്തിൽ കിടപ്പാണു ചിന്നുക്കുട്ടി. അന്നു ഞാൻ തിരിച്ചറിഞ്ഞു മനുഷ്യക്കുട്ടികളെക്കാൾ എത്ര ചെറുതാണു പട്ടിയുടെയും പൂച്ചയുടെയുമൊക്കെ ബാല്യം; അഥവാ എത്ര പതുക്കെയാണു മനുഷ്യക്കുട്ടികൾ വളരുന്നത് ! നാട്ടിലെ അവധിക്കാലം സമ്പന്നമാക്കാൻ കൂട്ടിലിട്ടു വളർത്തുന്ന മൈന, തത്ത, കൂട്ടിലിട്ടില്ലെങ്കിലും ഓടിവന്നു ഞങ്ങളുടെ തലയിൽ വരെ കയറുന്ന ഒരു അണ്ണാറക്കണ്ണൻ ഒക്കെ ഞങ്ങളുടെ ഓമനകളായി ഉണ്ടായിരുന്നു (ഇന്ന് ഇവയെയൊക്കെ വളർത്തുന്നതു കുറ്റകരമാണു കേട്ടോ!). പേരുചൊല്ലി ഞങ്ങളെയൊക്കെ വിളിക്കുന്ന
മൈനയ്ക്ക് പേരയ്ക്കയും പഴവുമൊക്കെ കൊടുക്കാൻ ഞങ്ങൾ ഉത്സാഹിച്ചു. അണ്ണാറക്കണ്ണനാവട്ടെ വർത്തമാനമൊന്നും പറയാതെ തന്നെ അതിന്റെ ഓമനക്കണ്ണുകളും ദേഹത്തു കയറി ചൂടുപിടിച്ചു പതുങ്ങിയിരിക്കലുമൊക്കെയായി ഞങ്ങളുടെ മനം കവർന്നു. കൂത്താടുന്ന പശുക്കുട്ടികൾ ഞങ്ങളുടെ വളരെ പ്രിയമുള്ള കൂട്ടുകാരായിരുന്നു. ഇവയെയൊക്കെ തലോടുക, തീറ്റികൊടുക്കുക ഒക്കെ ഞങ്ങളുടെ ഇഷ്ടവിനോദവും. കുട്ടിക്കാലം മുതൽ ജീവിതത്തിന്റെ ഭാഗമായിരുന്ന ഓരോ ഓമനമൃഗത്തെപ്പറ്റിയും
ഒരുപാടു കഥകൾ ഉള്ളിലുണ്ട്. ഉത്തരവാദിത്തബോധത്തോടെയും സ്‌നേഹത്തോടെയും ഒരു ഓമനമൃഗത്തെ വളർത്തുക എല്ലാവർക്കും സാദ്ധ്യമായ കാര്യമല്ല. ഒരു മൃഗത്തെ പരിപാലിക്കാനാവശ്യമായ ക്ഷമയും സ്ഥലസൗകര്യവും അവയ്ക്ക് ആരോഗ്യപരിരക്ഷ നൽകലും ഏറ്റവും പ്രധാനമായി അവയോടു സ്‌നേഹവും ഉള്ളവർ മാത്രമേ ഓമനമൃഗങ്ങളെ വളർത്താവൂ. അത് ഒരിയ്ക്കലും വീട്ടിലുള്ളവർക്കോ
അയൽക്കാർക്കോ ശല്യമാവാൻ പാടില്ല. എപ്പോഴും കരയുന്ന ഒരു മൃഗംഅയൽക്കാർക്കു ശല്യമായേക്കാം. ട്രെയിനിംഗ് ഇല്ലാത്ത ഒരു പട്ടി ഷൂസുകൾ കടിച്ചുകീറി വീട്ടിലുള്ളവരെ തന്നെ വിഷമിപ്പിച്ചേക്കാം. തുറന്നു വിട്ടാൽ പുറത്തേക്കോടി പുറത്തുള്ളവരെ ആക്രമിയ്ക്കുന്ന മൃഗങ്ങളെ ഒരു കാരണവശാലും തുറന്നുവിടാൻ പാടുള്ളതല്ല. അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ഒരു ഓമനമൃഗത്തെ വളർത്താൻ തയ്യാറായാലോ? അതു മനുഷ്യന്റെ പിരിമുറുക്കം കുറയ്‌ക്കാൻ ഏറെ സഹായകമാണെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവുമൊക്കെ ഉള്ളവരിൽ ഇതൊക്കെ കുറയ്ക്കാൻ ഓമനമൃഗങ്ങൾ സഹായിച്ചേക്കാം. മാനസിക സമ്മർദ്ദമുള്ളവർ ഒരു പട്ടിയേയോ പൂച്ചയേയോ മുയലിനേയോ തലോലിച്ചാൽ അവരിൽ വളരെയധികം സമ്മർദ്ദക്കുറവ് അനുഭവപ്പെടുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. വളർത്തുമൃഗങ്ങളുള്ള കുട്ടികൾ കൂടുതൽ ഉത്തരവാദിത്തബോധമു
ള്ളവരായിരിക്കും. അവർക്കു മറ്റുള്ളവരുമായി ഇടപെടാനും കൂടുതൽ പക്വത കാണിയ്ക്കാനും സാധിക്കുമത്രേ. പഠനവൈകല്യവും മറ്റുമുള്ള കുട്ടികൾക്ക് അത്തരം ബുദ്ധിമുട്ടുകൾ കുറെയൊക്കെ നികത്താൻ ഉത്തരവാദിത്തത്തോടെ ഒരു ഓമനമൃഗത്തെ വളർത്തുന്നതിലൂടെ സാധിക്കുമത്രേ.

ഒറ്റപ്പെടാൻ ഏറെ സാദ്ധ്യതയുള്ള ജീവിതസായാഹ്നത്തിൽ തനിക്ക് ബുദ്ധിമുട്ടില്ലാതെ സ്വയം പരിപാലിക്കാൻ കഴിയുന്ന വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നത് വലിയൊരളവുവരെ ഏകാന്തത അകറ്റാനും സ്വയം മതിപ്പിനും ഉതകുമത്രേ. പാർക്കിൻസൺസ് അസുഖ ബാധിതർക്ക് ഓമന മൃഗങ്ങൾ വളരെയധികം ആശ്വാസം നൽകാറുണ്ട്. സ്വന്തം നിലയിൽ അവർക്ക് ഒരു മൃഗത്തെ പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും അക്വേറിയത്തിലെ മീനിനേയോ കിളികളേയോ ഒക്കെ നോക്കിയിരിക്കുന്നതു പോലും അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമായേക്കാം. വന്യമൃഗങ്ങളെ ഒരിക്കലും വളർത്തുമൃഗങ്ങളാക്കാൻ പാടുള്ളതല്ല. അത് കുറ്റകരമാണെന്നു മാത്രമല്ല പല മാരകരോഗങ്ങളുടേയും അണുക്കളുടെ വാഹകരായേക്കാം .അനുവദനീയമായ ഓമനമൃഗങ്ങളാണോ എന്നു മനസിലാക്കിയ ശേഷം മാത്രം ഓമനകളെ തിരഞ്ഞെടുക്കുക. മറ്റു ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ചില ചന്തമുള്ള മൃഗങ്ങളെ ചില പെറ്റ് ഷോപ്പുകൾ അനധികൃതമായി വിറ്റേക്കാം. അതു തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ടതുണ്ട്. പെറ്റ് ഷോപ്പുകൾ രജിസ്റ്റർ ചെയ്യണമെന്നുള്ള നിയമം ഉടൻ കേരളത്തിലും നടപ്പിലാകും. ലൈസൻസ് ഉള്ള കടകളിൽ നിന്നും അനധികൃതമല്ലാത്ത അരുമകളെ മാത്രം വാങ്ങി അവയ്ക്കു സ്‌നേഹവും പരിചരണവും വേണ്ടുവോളം നല്‌കി അവയെ പരിപാലിക്കാം.

പാലിക്കാൻ ആളില്ലാത്ത ഒരു മൃഗത്തെ ദത്തെടുത്ത് വളർത്തുന്നത് ഏറെ ചാരിതാർത്ഥ്യമേകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIZHIYORAM, PETS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.