SignIn
Kerala Kaumudi Online
Friday, 29 March 2024 12.42 PM IST

കുറുപ്പ് കൊല്ലാൻ ലക്ഷ്യമിട്ടത് ചാക്കോയെ അല്ല, മറ്റൊരാളെ, വെളിപ്പെടുത്തലുമായി മുകേഷ്

kk

കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും കേരളത്തിൽ സജീവായത് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമ പ്രദർശനത്തിനെത്തിയതോടെയാണ്. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനായി ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനാകുന്ന സുകുമാരക്കുറുപ്പും ഇതിനെക്കുറിച്ചുള്ള അന്വേഷണവുമാണ് ചിത്രത്തിൽ പറയുന്നത്.

ഇൻഷുറൻസ് തുക തട്ടിപ്പ് നടത്തുന്നതിനായി സുകുമാരക്കുറുപ്പ് വധിക്കാൻ ആദ്യം തിരഞ്ഞെടുത്തത് ചാക്കോയെ അല്ല മറ്റൊരാളെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നടനും എം.എൽ.എയുമായ മുകേഷ്. , കല്പകവാടി ഇൻ എന്ന ഹോട്ടലിലെ സപ്ലയർ രാമചന്ദ്രനെ ആയിരുന്നു സുകുമാര കുറുപ്പ് ആദ്യം ലക്ഷ്യമിട്ടിരുന്നുവെന്നാണ് തന്റെ യു ട്യൂബ് ചാനലീൽ മുകേഷ് പറയുന്നത്. രാമചന്ദ്രൻ നേരിട്ടു പറഞ്ഞ അനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കുന്നത്.

മുകേഷിന്റെ വാക്കുകൾ:

‘ഇന്ന് പറയാൻ പോകുന്നത് ഒരു സ്പെഷൽ കഥ ആണ്. എന്തുകൊണ്ടിത് സ്പെഷ്യൽ ആകുന്നു എന്നു ചോദിച്ചാൽ ഈ കഥയിലെ നായകൻ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിയില്ല. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോൾ പലരുടെയും മനസ്സിൽ അദ്ദേഹത്തിന് ഹീറോയിസം വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറിൽപരം വർഷങ്ങളായി പൊലീസ്, സർക്കാർ, സാധാരണക്കാർ എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാൽ സുകുമാരക്കുറുപ്പ്. മുപ്പത്തിയാറു കൊല്ലങ്ങൾക്ക് മുൻപ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്തതാണ്, ഇടയ്ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ പറയും.

ഇപ്പോൾ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചർച്ചയാണ്.അതായത് നമ്മുടെ പ്രിയങ്കരനായ ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിനെക്കുറിച്ച് ഒരു ചിത്രം നിർമിച്ച് കുറുപ്പായിത്തന്നെ അഭിനയിച്ചിരിക്കുന്നു. ദുൽഖർ, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവർക്കും ആശങ്ക ആയിരുന്നു. കുറുപ്പിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാർഥ കഥ തന്നെയാണ്, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. ‘കുറുപ്പ്’ സിനിമയിൽത്തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളിൽ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാർമാനുമായിട്ടുള്ള രംഗമാണ്. ബാർമാന്റെ പേര് രാമചന്ദ്രൻ എന്നാണ്. എന്റെ ഈ കഥയിൽ സുകുമാരക്കുറുപ്പ് കഴിഞ്ഞാൽ രാമചന്ദ്രൻ ആണ് നായകൻ. രാമചന്ദ്രനിലൂടെ നമ്മൾ സുകുമാരക്കുറുപ്പിൽ എത്തുകയാണ്. കല്പകവാടി ഇൻ ഇപ്പോൾ രണ്ടെണ്ണം ഉണ്ട്. അന്ന് ചെറിയാൻ കല്പകവാടിയും ലാൽ കല്പകവാടിയും ചേർന്ന് നടത്തുന്ന ഒരു ബാർ അറ്റാച്ഡ് ഹോട്ടൽ ആയിരുന്നു. വളരെ പ്രസിദ്ധമായ ഒരു ഹോട്ടൽ, എല്ലാവരും എപ്പോഴും കയറി ഭക്ഷണം കഴിക്കുന്ന ഹോട്ടൽ. അവിടെയാണ് ഞാൻ ആദ്യമായിട്ട് കരിമീൻ, കണമ്പ്, കൊഞ്ച് ഒക്കെ ഒരു ഹോട്ടലിൽ വളർത്തുന്നത് കണ്ടത്. നമ്മൾ ചൂണ്ടിക്കാണിക്കുന്ന മീൻ നമുക്ക് പൊരിച്ചു തരും. വളരെ ഫേമസ് ആയിരുന്നു ആ ഹോട്ടൽ.

ചെറിയാൻ കല്പകവാടിയെ നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം വളരെ വിജയിച്ച ഒരു തിരക്കഥാകൃത്താണ്. അദ്ദേഹം എഴുതിയ ‘ലാൽസലാം’ എന്ന മോഹൻലാൽ ചിത്രം സൂപ്പർ ഹിറ്റാണ്. അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ് വർഗ്ഗീസ് വൈദ്യന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മന്ത്രി ടി.വി. തോമസിന്റെയും കഥയാണ് ലാൽ സലാം. മോഹൻലാൽ എടുത്ത റോൾ ചെറിയാന്റെ പിതാവിന്റെ കഥ തന്നെയാണ്. കല്പകവാടി ഇൻ ആകുന്നതിനു മുൻപ് അത് അവരുടെ കുടുംബവീട് ആയിരുന്നു. ഞാനും ചെറിയാച്ചൻ എന്ന് ഞങ്ങൾ വിളിക്കുന്ന ചെറിയാനും ഒരേ സ്കൂളിൽ ഒരേ ബോർഡിങ്ങിൽ പഠിച്ചതാണ്. അന്നത്തെക്കാലത്ത് ഈ കല്പകവാടിയിൽ വന്നു ഒരുപാടു ഭക്ഷണം കഴിക്കുമായിരുന്നു. പിന്നീടാണ് അത് കല്പകവാടി ഇൻ ആയത്. അതുകൊണ്ട് ആ കാലഘട്ടം മുതൽ ഒരു ആത്മബന്ധം ചെറിയാച്ചനും ലാലുമായും കല്പകവാടിയുമായും എനിക്കുണ്ട്.

രാമചന്ദ്രൻ ഒരുപാട് ഫാൻസ്‌ ഉള്ള അവിടത്തെ ഒരു സപ്ലയർ ആയിരുന്നു. ഒരു ദിവസം ഞാൻ കൂട്ടുകാരുമായി കല്പകവാടിയിൽ ചെന്നു. രാമചന്ദ്രനെ നോക്കിയപ്പോൾ അദ്ദേഹത്തെ കാണുന്നില്ല. മറ്റൊരു സപ്ലയർ വന്നിട്ട് ചോദിച്ചു ‘സാറേ രാമചന്ദ്രനെ നോക്കുവാരിക്കും അല്ലേ? സാറിന്റെ ആളല്ലേ, ദോ അവിടെ നിൽപ്പുണ്ട് കരയുവാ‘. മറ്റൊരു സപ്ലയറും വന്നു പറഞ്ഞു ‘സാർ വിളിച്ചു ചോദിക്കൂ എന്താ പറ്റിയത് എന്ന്‘. എല്ലാവരും രാമചന്ദ്രനെ റാഗ് ചെയ്യുന്നുണ്ട്. രാമചന്ദ്രന്റെ പ്രശസ്തിയിൽ അവർക്കെല്ലാം ചെറിയ ദേഷ്യം ഉണ്ട്. എനിക്ക് വലിയ ആകാംക്ഷയായി എന്താണ് സംഭവിച്ചത് എന്നറിയാൻ. നമ്മുടെ നായകൻ കണ്ണും തുടച്ച് എന്റെ അടുത്ത് വന്നു ‘സാറേ താമസിച്ചതിൽ സോറി, ഇരിക്കൂ’.രാമചന്ദ്രന് ഫാൻസ്‌ ഉണ്ടാകാൻ കാരണം അവൻ ചെവിയിൽ വന്നു പറയും, ‘സാറേ കരിമീൻ ഫ്രൈ മതി, കറി പോരാ, പുത്തരി പുട്ട് ഉണ്ട് കഴിപ്പിച്ചിട്ടേ വിടൂ’ എന്നൊക്കെ. അപ്പോൾത്തന്നെ രാമചന്ദ്രൻ നമ്മുടെ സ്വന്തം ആളായിക്കഴിഞ്ഞു. ഭക്ഷണം കൊണ്ടുവന്നപ്പോൾ ഞാൻ രാമചന്ദ്രനോടു ചോദിച്ചു ‘എന്താണ് ഇവരെല്ലാം കളിയാക്കുന്നത്’. ‘ഒന്നുമില്ല സാറേ’, ‘അതല്ല അത് പറയണം. നമ്മൾ തമ്മിൽ ഉള്ള ഇരിപ്പു വശം അനുസരിച്ച് അത് പറയണ്ടേ’. അപ്പോൾ രാമചന്ദ്രൻ പറഞ്ഞു ‘ഞാൻ പറയാം, കുറച്ചു ദിവസങ്ങൾക്കു മുൻപ് മൂന്നുനാലു പേര് ഇവിടെ വന്നിരുന്നു, ആദ്യമായിട്ടാണ് അവർ വരുന്നത്. ഞാനുമായി വളരെ അടുത്തു. ഈ ഹട്ടിൽ ആണ് അവർ ഇരുന്നത് അങ്ങനെ അവർക്കു വേണ്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അതിനകത്ത് പ്രധാനപ്പെട്ട ഒരാൾ എഴുന്നേറ്റ് എന്റെ തോളിൽ കയ്യിട്ടിട്ട് പറഞ്ഞു,

ഞങ്ങൾ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്.’അപ്പോൾ ഞാൻ പറഞ്ഞു, ‘സാറേ കളിയാക്കാതെ സാറൊക്കെ എന്ത് സുന്ദരനായിരിക്കുന്നു. ഞാനൊക്കെ വെറും അത്തപ്പാടി.’ അപ്പൊ ബാക്കിയുള്ളവരും പറഞ്ഞു, ‘അല്ലല്ല, അത് രാമചന്ദ്രന് മനസ്സിലാകാത്തതുകൊണ്ടാണ്, നിങ്ങൾ ദൂരെനിന്നു കണ്ടാൽ ഒരേപോലെ ഉണ്ട്.’ അപ്പോൾ അവർ എനിക്ക് ഫോറിൻ സിഗരറ്റ് തന്നു. ഫോറിൻ മദ്യം വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ജോലി സമയത്ത് ഞാൻ കഴിക്കില്ല. പെട്ടെന്ന് ഞാൻ അവരോടു ചോദിച്ചു ‘സാറന്മാരെ എങ്ങോട്ടാ നിങ്ങൾ പോകുന്നത്?’ അവർ ചോദിച്ചു ‘അതെന്താ രാമചന്ദ്രൻ അങ്ങനെ ചോദിച്ചത്?’ ഞാൻ പറഞ്ഞു ‘എനിക്ക് ഭാര്യ, കുട്ടികൾ, കൃഷി ഒക്കെ ഉണ്ട്, ഇവിടെ ആഴ്ചയിൽ ഒരു ദിവസമാണ് എനിക്ക് ഓഫ്. ജോലിയെല്ലാം കഴിഞ്ഞു പോകുമ്പോൾ വെളുപ്പാൻ കാലത്ത് ആലപ്പുഴയിൽ നിന്നുള്ള ഫസ്റ്റ് ബസേ എനിക്ക് കിട്ടത്തൊള്ളൂ. ഞാൻ അതിൽ അവിടെ ചെല്ലുമ്പോൾ വെളുപ്പാൻ കാലം ആകും, ഉച്ചവരെ കിടന്നുറങ്ങും, കുട്ടികളെ ഒക്കെ ഒന്ന് കണ്ടു വരുമ്പോഴേക്കും തിരിച്ചു വരാൻ ഉള്ള സമയമാകും. ഇന്നെങ്കിലും ഒന്ന് നേരത്തേ പോകണം അതുകൊണ്ടാണ് ഞാൻ ചോദിച്ചത് എങ്ങോട്ടാണ് എന്ന്’. അവർ ചോദിച്ചു, ‘രാമചന്ദ്രന്റെ വീട് എവിടെയാ?’ ‘അത് ചേപ്പാട് ആണ്.’ ‘ഞങ്ങൾക്ക് കരുനാഗപ്പള്ളിയിൽ വളരെ അത്യാവശ്യം ആയിട്ട് പോകണം ഞങ്ങൾ ചേപ്പാട് ഇറക്കിയേക്കാം’. രാമചന്ദ്രന്റെ മുഖം വികസിച്ചു. ‘ദൈവമാണ് സാറേ, എന്റെ പ്രാർഥനയാണ് നിങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത്.

എത്ര കാലമായി ഞാൻ പ്രാർത്ഥിക്കുന്നു ഇങ്ങനെ ഒരാൾ വരാൻ’. ‘രാമചന്ദ്രൻ ധൈര്യമായി വരൂ, ഞങ്ങൾ ഹോട്ടലിലിന്റെ മുന്നിൽ നിൽക്കാം രാമചന്ദ്രൻ പെട്ടിയെടുത്ത് അങ്ങോട്ട് വാ.’ എന്ന് പറഞ്ഞു.കഥയുടെ ഹാപ്പി എൻഡിങ് ആകാറായപ്പോൾ ആണ് ആദ്യത്തെ ട്വിസ്റ്റ്. മറ്റൊരു കാർ വന്നു നിൽക്കുന്നു അതിൽ നിന്ന് കൊല്ലംകാരായ രാമചന്ദ്രന്റെ ക്ലയന്റസ് വന്നു നിൽക്കുന്നു ‘രാമചന്ദ്രാ‘ എന്ന് വിളിച്ചു. രാമചന്ദ്രൻ ഞെട്ടി. രാമചന്ദ്രൻ ഓടി അവരുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു ‘അതേ, വേറൊന്നും വിചാരിക്കരുത്. ഞാൻ വേറൊരു ബെസ്റ്റ് സപ്ലയറെ തരാം, ഇവർ എന്നെ ചേപ്പാട് ഇറക്കാം എന്ന് പറഞ്ഞു, ആദ്യമായിട്ടാണ് ഞാൻ നേരത്തേ വീട്ടിൽ എത്താൻ പോകുന്നത്. എനിക്ക് ഭാര്യയോടും കുട്ടികളോടും ഒപ്പം ഇരിക്കാം, രാവിലെ എഴുന്നേറ്റ് കൃഷിസ്ഥലങ്ങളും നോക്കാം..’ അപ്പോൾ അവർ പറഞ്ഞു ‘അതിനെന്താ രാമചന്ദ്രനും ഞങ്ങളുമായി വർഷങ്ങളായുള്ള ബന്ധമല്ലേ, പക്ഷെ ഞങ്ങൾ മറ്റന്നാൾ വരാം അപ്പോൾ കാണാം.’ അപ്പോൾ രാമചന്ദ്രൻ ചോദിച്ചു ‘അയ്യോ ഒന്നും കഴിക്കുന്നില്ലേ’, അവർ പറഞ്ഞു ‘രാമചന്ദ്രൻ ഇല്ലാതെ ഞങ്ങൾക്ക് അങ്ങനെ ഒരു ശീലം ഇല്ലല്ലോ’ രാമചന്ദ്രൻ ധർമ്മസങ്കടത്തിലായി. എന്നാൽ പോകാൻ തന്നെ തീരുമാനിച്ച് രാമചന്ദ്രൻ തിരിഞ്ഞപ്പോൾ സാക്ഷാൽ ഉടമസ്ഥൻ ചെറിയാൻ കല്പകവാടി നിൽക്കുകയാണ്. അദ്ദേഹം പറഞ്ഞു ‘രാമചന്ദ്രാ, അത് ശരിയല്ലല്ലോ ക്ലയന്റ്സ് ഭക്ഷണം കഴിക്കാൻ വരുമ്പോൾ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ടു രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷൻ’.രാമചന്ദ്രൻ പറഞ്ഞു, ശരിയാണ് സാർ. എന്നിട്ടു രാമചന്ദ്രൻ മറ്റവരോട് പറഞ്ഞു ‘നിങ്ങൾ പോകണം സാർ എനിക്ക് നേരത്തേ വീട്ടിൽ എത്താനുള്ള യോഗമില്ല. അപ്പോൾ അവർ സമാധാനിപ്പിച്ചു ‘ഞങ്ങൾക്ക് അമ്പലപ്പുഴ വരെ പോകാനുണ്ട്. പോയിട്ട് അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചു വരും ഞങ്ങൾ വെയിറ്റ് ചെയ്യാം, രാമചന്ദ്രൻ ഇവരെ അറ്റൻഡ് ചെയ്തിട്ട് വന്നാൽ മതി’ രാമചന്ദ്രൻ വീണ്ടും പറഞ്ഞു ‘നിങ്ങൾ ദൈവമാണ് സാർ, ദൈവം കൊണ്ട് വന്നിരിക്കുകയാണ്. ഒരു മുക്കാൽ മണിക്കൂർ’, അവർ പറഞ്ഞു ഓക്കേ. ശരിക്കും കൊല്ലംകാരായ എന്റെ ക്ലയന്റസിനെ ഞാൻ ശപിച്ചു സാർ, ഇവർക്ക് ഈ സമയത്തെ വരാൻ കണ്ടോള്ളൂ എന്ന് വിചാരിച്ചു. ഏറ്റവും കൂടുതൽ ഞാൻ ശപിച്ചത് എന്റെ മുതലാളിയെത്തന്നെ ആണ്. ഞാൻ എത്രയും പെട്ടെന്ന് വന്നവരെ സൽക്കരിച്ചിട്ട് പത്തരമണിക്ക് തന്നെ പെട്ടിയുമായി കല്പകവാടിയുടെ മുന്നിൽ നിന്നു. അവരൊക്കെ വലിയ ആൾക്കാരല്ലേ പോയിക്കാണും എന്ന് കരുതി, എങ്കിലും ഒരു നേരിയ പ്രതീക്ഷ.പത്തര, പതിനൊന്നര, പന്ത്രണ്ടര. ഒരു മണിയായപ്പോഴേക്കും രാമചന്ദ്രന്റെ പ്രതീക്ഷ വിട്ടു. നിരാശയായി, സങ്കടമായി, ദേഷ്യമായി വീണ്ടും ചെറിയാൻ കല്പകവാടിയെ മനസ്സുകൊണ്ട് ശപിച്ച് കൊല്ലത്തുനിന്ന് വന്നവരെയും മനസ്സുകൊണ്ട് ചീത്തവിളിച്ചു, അപ്പോൾ ഒരു തണുത്ത കാറ്റടിച്ചു, എനിക്ക് കൈയെല്ലാം തണുത്തു വിറച്ചു, എനിക്ക് സങ്കടമായിപോയി സാറെ. ഞാൻ അവിടെ ഇരുന്നു, നാലുമണിയപ്പോൾ ബസിൽ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ.എന്നാൽ ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് രാമചന്ദ്രനെ ഞാൻ വീണ്ടും കണ്ടു. ‘സാറേ‘, രാമചന്ദ്രന്റെ കണ്ണ് ചുവന്നു വിങ്ങി, ഞാൻ തോളിൽ തട്ടിയിട്ട് പറഞ്ഞു, പറയൂ എന്തുണ്ടായി രാമചന്ദ്രാ...‘സാറേ, എന്നെ തോളിൽ കയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്‘ വിങ്ങിപ്പൊട്ടുകയാണ് രാമചന്ദ്രൻ. ‘ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവർ പോയി, തിരിച്ചു വരാതിരുന്നത് പോകുന്ന വഴിക്ക് ചാക്കോയെ കണ്ടു, പാവം ചാക്കോ. അല്ലെങ്കിൽ ചാക്കോയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നേനെ സാറേ.‘ എന്ന് പറഞ്ഞു രാമചന്ദ്രൻ പൊട്ടിക്കരഞ്ഞു. ‘എന്റെ ദൈവം ഈ ഹോട്ടലിന്റെ ഉടമസ്ഥൻ ചെറിയാൻ സാറാണ്. അദ്ദേഹം അന്ന് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇല്ല. കൊല്ലത്തുനിന്ന് വന്ന ക്ലയന്റ്സ് ആണ് സാറേ എന്റെ മറ്റു ദൈവങ്ങൾ, അവർ വന്നില്ലായിരുന്നെങ്കിലും ഞാൻ ഇന്ന് ഇല്ല. ‘രാമചന്ദ്രൻ വാവിട്ടു കരഞ്ഞു. ഞാൻ സമാധാനിപ്പിച്ചു രാമചന്ദ്രനോട് പറഞ്ഞു, ‘രാമചന്ദ്രന് പോകാൻ സമയമായില്ല, രാമചന്ദ്രൻ അവിടെ നിന്നപ്പോൾ ഒരു തണുത്ത കാറ്റടിച്ചില്ലേ അത് ദൈവസാനിധ്യം ആണ്. നിങ്ങൾ ഇനിയും ഒരുപാടുപേർക്ക് നല്ല ഭക്ഷണം കൊടുക്കണം, കരിമീൻ പൊരിച്ചതും മപ്പാസ് വച്ചതും താറാവും കോഴിയും കൊഞ്ചും എല്ലാം കൊടുത്ത് എല്ലാവരെയും സന്തോഷിപ്പിക്കണം.

അതുകൊണ്ട് ദൈവം നേരിട്ട് ഇടപെട്ടതാണ്, ധൈര്യമായിട്ട് ഇരി’.പക്ഷേ അപ്പോഴേക്കും ഒന്നുമറിയാതെ നിഷ്കളങ്കനായ ഒരു ചാക്കോ നമ്മെ വിട്ടുപോയി. രാമചന്ദ്രൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്നുതന്നെ എനിക്ക് സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസ്സിലായി. ഇപ്പോൾ ഈ ‘കുറുപ്പ്’ സിനിമ ഇറങ്ങിയപ്പോൾ പലരും പറയുന്നുണ്ട് ‘കുറുപ്പ് മരിച്ചിട്ടില്ല, അയാൾ എതൊക്കെയോ സ്ഥലത്തിരിപ്പുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്‌തെന്നും ആള് ഉണ്ടെങ്കിൽ 80 വയസിനു മുകളിൽ ആയിക്കാണും എന്നും പറയുന്നുണ്ട്. ഈ സിനിമ കണ്ട് അയാൾ ചിരിക്കുന്നുണ്ടാകുമോ എന്നും മുകേഷ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KURUP, KURUP MOVIE, MUKESH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.