SignIn
Kerala Kaumudi Online
Friday, 19 April 2024 5.32 PM IST

നിശ്ചയദാർഢ്യത്തിന്റെ 2.0; രണ്ടാം പിണറായി സർക്കാരിന് ഇന്ന് ആറ് മാസം

kk

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഭരണതുടർച്ച നേടിയ ഇടതുമുന്നണി സർക്കാർ ഇന്ന് ആറു മാസം തികയ്ക്കും. എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കെ. റെയിൽ പദ്ധതി നടപ്പാക്കാനുള്ള മുഖമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും വികസനോൻമുഖശൈലിയും കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയതുമാണ് നേട്ടം. മേയ് 20നാണ് സർക്കാർ അധികാരമേറ്റത്.

ഒന്നാം പിണറായി സർക്കാരിൽ നിന്നുള്ള പ്രധാന മാറ്റം വിവാദങ്ങളെ അതിജീവിക്കാനുള്ള മികവാണ്. സർക്കാരിലെ പ്രധാന കക്ഷികളായ സി.പി.എമ്മും, സി.പി.ഐയും തമ്മിലുള്ള ഒത്തിണക്കവും ശ്രദ്ധേയമായി.ഐ.എൻ.എൽ, എൽ.ജെ.ഡി തുടങ്ങിയ കക്ഷികളിലെ പടലപ്പിണക്കം പോലും പ്രശ്നമായില്ല. വിവാദങ്ങൾ നിരവധി ഉയർന്നെങ്കിലും മുന്നണിയിലെ കെട്ടുറപ്പും മുഖ്യമന്ത്രിയുടെ വികസനോൻമുഖ ശൈലിയും കൊണ്ട് അതിജീവിക്കാനായി.

പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ പിന്തുണയും സർക്കാരിന്റെ മികച്ച പ്രകടനത്തിന് കരുത്തേകി. കൊവിഡ് രോഗവ്യാപനത്തെ നിയന്ത്രിച്ച് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനായത് സർക്കാരിന് സ്വീകാര്യതയുണ്ടാക്കി. കൊവിഡ് വാക്സിനേഷൻ അർഹരായ വിഭാഗത്തിൽ 60ശതമാനത്തിന് പൂർണമായും 96ശതമാനത്തിന് ഒന്നാം ഡോസും നൽകാനായി. കടകളും വാണിജ്യ, വ്യാപാര, ഗതാഗതസ്ഥാപനങ്ങളെല്ലാം പഴയമട്ടിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷവും കേന്ദ്രസർക്കാരും പ്രതികൂല നിലപാടെടുക്കുമ്പോഴും കെ. റെയിൽ നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് വികസനകാര്യത്തിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന പ്രതിച്ഛായയുണ്ടാക്കി. കെ. റെയിലിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് തുടക്കം കുറിച്ചു. അധികാരമേറ്റെടുത്ത ഉടനെ പ്രഖ്യാപിച്ച നൂറ് ദിന വികസന പരിപാടി വിജയമാക്കി. വാണിജ്യവ്യാപാരമേഖലയ്ക്ക് ഉണർവേകാൻ സാമ്പത്തികപാക്കേജും ഭക്ഷ്യകിറ്റും പാവപ്പെട്ടവർക്ക് സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂർ വിതരണം ചെയ്തതും ഒാണാഘോഷത്തിന്റെ മാറ്റ് കൂട്ടി..വ്യവസായനിക്ഷേപം ആകർഷിക്കാൻ നിയമ,ഭരണ സംവിധാനങ്ങളിൽ പരിഷ്ക്കാരം നടപ്പാക്കി. കാലം തെറ്റി പെയ്ത കനത്ത മഴ പ്രളയസമാനസാഹചര്യമുണ്ടാക്കിയെങ്കിലും അത് ദുരന്തമാകാതെ കാത്തു.ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലുമുണ്ടായ ഉരുൾപൊട്ടലിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു.

 വിവാദങ്ങളും ഏറെ

വിവാദങ്ങൾക്ക് ഇക്കുറിയും കുറവുണ്ടായില്ല. ആദ്യമുണ്ടായത് മുട്ടിൽ മരംമുറി കേസാണ്. തൊട്ടുപിന്നാലെ മന്ത്രി ശിവൻകുട്ടി പ്രതിയായ നിയമസഭയിലെ കൈയ്യാങ്കളികേസ്, ന്യൂനപക്ഷ സ്കോളർഷിപ്പുമായ ബന്ധപ്പെട്ട ആരോപണം, മുൻ ഡി.ജി.പി ആരോപണവിധേയനായ മോൻസൺ പുരാവസ്തു തട്ടിപ്പ് കേസ്, ഇന്ധനനികുതി കേന്ദ്രസർക്കാർ കുറിച്ചിട്ടും സംസ്ഥാനം കുറച്ചില്ലെന്ന ആരോപണം, കരുവന്നൂർ സഹകരണബാങ്ക് വിവാദം, കിറ്റെക്സ്ഗ്രൂപ്പിന്റെ നിക്ഷേപം ആന്ധ്രയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടവിവാദം എന്നിവയെല്ലാം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ കളങ്കമേൽപിക്കാതെ പരിഹരിക്കാനായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN MINISTRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.