തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിന് അനാവശ്യ കാലതാമസം ഒഴിവാക്കണമെന്ന് സെക്രട്ടേറിയറ്റിലെ റവന്യൂ സെക്ഷൻ ജീവനക്കാരോട് മന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു. ഡർബാർ ഹാളിൽ വിളിച്ചുചേർത്ത റവന്യൂ സെക്ഷൻ ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോഴാണ് ആളുകൾ മന്ത്രിയെ കാണുന്നത്. ആ പരാതി വിവിധ സെക്ഷനുകളിലേക്ക് നൽകുമ്പോൾ കാലതാമസം കൂടാതെ തീർപ്പാക്കണം. ഓരോ ഫയലും ഓരോ ജീവിതമാണെന്നും നമ്മുടെ സ്വന്തക്കാരുടെ വിഷയങ്ങൾ പോലെ ഓരോ പരാതിയും കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ.ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു എന്നിവരും പങ്കെടുത്തു.