SignIn
Kerala Kaumudi Online
Friday, 20 May 2022 4.44 PM IST

പുരാവസ്തു നിയമത്തിന്റെ വില

photo

ന്യൂജൻ ഭാഷയിൽ അവതരിപ്പിച്ചാൽ മോൻസൺ മാവുങ്കൽ ഒരു സംഭവമാണ്. ബുദ്ധിമാന്മാരെന്ന് ജനം ധരിച്ചിരുന്നവരും നാടിനെ കിടിലം കൊള്ളിക്കുമെന്ന് സ്വയം ധരിച്ച നേതാക്കന്മാരും മറ്റു ചില സ്വയം പ്രഖ്യാപിത പ്രമുഖരും സ്വയം കുഴിച്ച പടുകുഴിയിൽ വീണ് കിടക്കുമ്പോൾ നർമ്മബോധ ലുബ്ധന്മാർ പോലും ചിരി അടക്കാൻ നന്നേ ബുദ്ധിമുട്ടുന്നു.

ഒരു നാടിന്റെ സംസ്കാരം വിളംബരം ചെയ്യുന്നവയാണ് പുരാവസ്തുക്കളിൽ പലതും. കഴിഞ്ഞകാല സ്മരണകളും ജീവിതരീതിയും ചരിത്രവും സാഹിത്യവും കലാചാതുര്യവും മറ്റും സ്ഫുരിക്കുന്ന ചില പുരാവസ്തുക്കൾക്ക് വിലമതിക്കാൻ പ്രയാസമാണ്. അക്കാരണങ്ങളാൽ തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതാണ്. തത്ഫലമായാണ് പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നിയന്ത്രണവും നിയമവും വേണമെന്ന് നമ്മുടെ ഗവൺമെന്റിന് ബോദ്ധ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1972ൽ ദി ആന്റിക്യുറ്റീസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് എന്ന നിയമം നിലവിൽ വന്നത്. പ്രസ്തുത നിയമപ്രകാരം പുരാവസ്തുക്കളെന്നാൽ നൂറുവർഷത്തിൽ കുറയാതെ നിലനിന്നിരുന്ന നാണയങ്ങൾ, ശില്പങ്ങൾ, വർണചിത്രങ്ങൾ, ശിലാലിഖിതങ്ങൾ, പുരാതന കെട്ടിടങ്ങളിൽ നിന്നോ ഗുഹകളിൽ നിന്നോ വേർപെടുത്തിയെടുത്ത വസ്തുക്കൾ, കഴിഞ്ഞകാല സ്മരണകൾ പ്രതിപാദിക്കുന്ന കല, സാഹിത്യം, മതം, രാഷ്ട്രീയം മുതലായവയെ സംബന്ധിച്ച വസ്തുക്കൾ, കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന പട്ടികയിലുള്ള പ്രാചീന കലാവസ്തുക്കൾ എന്നിവയാകുന്നു. കൂടാതെ 75 ലേറെ വർഷങ്ങളായി നിലനില്‌ക്കുന്നതും ശാസ്ത്രം, സാഹിത്യം, സൗന്ദര്യശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ച വിലപിടിപ്പുള്ള കൈയെഴുത്ത് പ്രതിയോ മറ്റ് രേഖകളോ എന്നിവയും പുരാവസ്തുക്കളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരാവസ്തുക്കൾ കൈകാര്യം ചെയ്യാനും വില്പന നടത്താനും നിയമത്തിൽ കർക്കശവും വ്യക്തവുമായ വ്യവസ്ഥകളുണ്ട്. ബന്ധപ്പെട്ട അധികാരിയിൽ നിന്നും ലൈസൻസ് ലഭിച്ചിട്ടുള്ളവർ മാത്രമേ പുരാവസ്തുക്കൾ വിൽക്കാവൂ. ലൈസൻസിൽ നിർദ്ദേശിച്ചിരിക്കുന്ന നിബന്ധകൾക്ക് വിധേയമായി വേണം വില്പന നടത്താൻ. ലൈസൻസ് നൽകുന്നതിനു മുമ്പ് അപേക്ഷകനെപറ്റിയും അയാൾ വില്‌ക്കാൻ പോകുന്ന പുരാവസ്തുക്കളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തി തൃപ്തികരമാണെന്ന് അധികാരികൾക്ക് ബോദ്ധ്യപ്പെട്ടാൽ മാത്രമേ ലൈസൻസ് നൽകാൻ പാടുള്ളൂ. പുരാവസ്തു കയറ്റുമതി നിയന്ത്രണ നിയമലംഘനപ്രകാരം ശിക്ഷ ലഭിച്ചിട്ടുള്ളവർക്ക് പ്രസ്തുത ശിക്ഷ ലഭിച്ചതു മുതൽ പത്തുവർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും പുരാവസ്തു വില്പനയ്ക്കുള്ള ലൈൻസിന് അപേക്ഷിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. പുരാവസ്തു വിൽക്കാൻ ലൈസൻസ് ലഭിച്ച വ്യക്തി, പ്രസ്തുത അനുമതിയിലെ നിബന്ധനകളിൽ നിർദ്ദേശിക്കുന്ന രജിസ്റ്ററുകളും ഫോട്ടോഗ്രാഫുകളും മറ്റ് വിവരങ്ങളും സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. ഒരു പുരാവസ്തു വ്യാപാരി ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ പുരാവസ്തു കച്ചവടം നടത്തണമെങ്കിൽ അവയ്ക്ക് പ്രത്യേകം പ്രത്യേകം ലൈസൻസുകൾ എടുക്കേണ്ടതാണ്. പുരാവസ്തുക്കൾ വിൽക്കുന്നതിനുള്ള ലൈസൻസ് കച്ചവടസ്ഥാപനത്തിന്റെ പ്രധാന സ്ഥലത്ത് വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിലുള്ള അറിയിപ്പുകളിൽ പറയുന്ന പുരാവസ്തുക്കൾ കൈവശമുള്ളവർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുമ്പാകെ അവ രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാൽ ഗവൺമെന്റിന്റെയോ തദ്ദേശസ്വയം ഭരണത്തിൻ കീഴിലോ ഉള്ള മ്യൂസിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ചരിത്രരേഖകൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവയിലുള്ള പുരാവസ്തുക്കൾ രജിസ്റ്ററിംഗ് ആഫീസർ മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതില്ല. അതിന് മറ്റ് സംവിധാനങ്ങളുണ്ട്.

പുരാവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് വിവിധ നിയന്ത്രണങ്ങൾക്ക് വിധേയമായാണ്. കേന്ദ്ര ഗവൺമെന്റോ അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അധികാരത്തിൽപ്പെടുത്തുന്ന ഏജൻസികൾക്കോ മാത്രമേ പുരാവസ്തുക്കൾ നമ്മുടെ രാജ്യത്തിന് പുറത്ത് കൊണ്ടുപോകാനും കയറ്റുമതി ചെയ്യാനും അനുവാദമുള്ളൂ. ഒരു വസ്തു പുരാവസ്തു ആണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് പുരാവസ്തു പഠനകേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.

പുരാവസ്തു നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്. നിയമവിരുദ്ധമായി പുരാവസ്തുക്കൾ കയറ്റുമതി ചെയ്യുകയോ അതിന് ശ്രമിക്കുകയോ ചെയ്താൽ അങ്ങനെയുള്ള പുരാവസ്തുക്കൾ കണ്ടുകെട്ടുന്നതിനും കുറ്റം ചെയ്തവർക്കെതിരെ കസ്റ്റംസ് നിയമം അനുസരിച്ച് നിയമനടപടികൾ എടുക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബൃഹത്തായ ഒരു നിയമസംഹിതയാണ് പുരാവസ്തുക്കളെപ്പറ്റി നിലവിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ANTIQUE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.