തിരുവനന്തപുരം: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് മൂന്ന് പി.ഡബ്ള്യു.ഡി അസി. എക്സി. എൻജിനീയർമാരെ സസ്പെന്റ് ചെയ്തു. കോട്ടയം ബ്രിഡ്ജസ് സബ് ഡിവിഷനിലെ സാബിർ.എസ്, കണ്ണൂർ ബ്രിഡ്ജസ് സബ് ഡിവിഷനിലെ കമലാക്ഷൻ പാലേരി, നബാർഡ് സെൽ സൗത്ത് സർക്കിളിലെ അജിത് കുമാർ എസ്.കെ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവൻ പൊതുമരാമത്ത് പ്രവർത്തികളിലും മഴക്കെടുതികളുമായി ബന്ധപ്പെട്ട കർത്തവ്യങ്ങളിലും നിരുത്തരവാദപരമായ സമീപനമാണ് സാബിറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ കീഴത്തൂർ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവിടങ്ങളിലെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യവിലോപമുണ്ടായെന്നാരോപിച്ചാണ് കമാലാക്ഷൻ പാലേരിയെ സസ്പെന്റ് ചെയ്തത്. നബാർഡ് ധനസഹായത്തിനുള്ള പ്രൊപ്പോസൽ യഥാസമയം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടിയെടുത്തത്.