കൊല്ലം: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോഴിക്കടകൾ അടച്ചു പൂട്ടാനും കോഴി വേസ്റ്റ് സംഭരണ കരാർ നടപടികൾ അതിവേഗം പൂർത്തിയാക്കാനും കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കരാറുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യുന്നതിനിടെ അനധികൃത സ്ഥാപനങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെയാണ് ലൈസൻസ് ഇല്ലാത്തവ പൂട്ടിക്കുമെന്ന് മേയർ പ്രഖ്യാപിച്ചത്.
നഗരത്തിലെ കോഴി മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിക്കാൻ ആദ്യം കരാറെടുത്തയാൾ ഒഴിവായ സാഹചര്യത്തിൽ രണ്ടാമത്തെയാൾക്ക് കരാർ നൽകണമെന്ന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചർച്ച ചെയ്യുന്നതിനിടെയാണ് ഭരണ- പ്രതിപക്ഷ അംഗങ്ങൾ കോഴിക്കടകൾക്കെതിരെ രംഗത്തുവന്നത്. കോഴി മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ കരാർ നൽകുന്നത് ഒട്ടും വൈകരുതെന്നും ആവശ്യമുയർന്നു. മാലിന്യം ശേഖരിക്കുന്നവർ മാഫിയ സംഘങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ചർച്ച തുടങ്ങിവെച്ച ടി.ജി. ഗിരീഷ് കുറ്റപ്പെടുത്തി. കരാറുകാർ രേഖപ്പെടുത്തിയ ഉയർന്ന നിരക്ക് പരിശോധിച്ചാൽ ഇവരുടെ ലാഭം വ്യക്തമാകും. നഗരത്തിൽ ലൈസൻസ് ഇല്ലാതെ കോഴിക്കടകൾ പെരുകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് നൗഷാദ് ആരോപിച്ചു. കടകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം നഗരത്തിൽ എവിടെയെങ്കിലുമൊക്കെ വലിച്ചെറിയുന്നു. കോർപ്പറേഷന്റെ ബോർഡ് വെച്ച വാഹനങ്ങളിലാണ് മാലിന്യം തള്ളുന്നത്. കവറിംഗ് ഉള്ള വാഹനങ്ങൾ ഉപയോഗിക്കാറില്ല, നിലവിൽ മാലിന്യം ശേഖരിക്കുന്നയാളിനെ എത്രയും വേഗം ഒഴിവാക്കണം. ഒരു കിലോ മാലിന്യത്തിന് 10 രൂപ വരെ വ്യാപാരികളിൽ നിന്ന് വാങ്ങുന്നു. മാലിന്യ ശേഖരണം കരാർ നൽകുന്നത് അട്ടിമറിക്കാൻ ശ്രമമുണ്ട്. അവർ തന്നെയാണ് കോടതിയെ സമീപിച്ചതെന്നും കൗൺസിലർമാർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, അഡ്വ.ജി. ഉദയകുമാർ, യു. പവിത്ര, സവിതാദേവി, അഡ്വ.എ.കെ. സവാദ്, കൗൺസിൽ അംഗങ്ങളായ നിസാമുദിൻ, സജീവ് മോഹൻ, നൗഷാദ്, ആശ, കുരുവിള ജോസഫ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ.
പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ നിന്ന് അനർഹരെ ഒഴിവാക്കണം
സർക്കാരിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
സർക്കാർ മാനദണ്ഡങ്ങളുടെ കോപ്പി എല്ലാ കൗൺസിൽ അംഗങ്ങൾക്കും നൽകും
ഓൺലൈൻ ഉൾപ്പെടെ എല്ലാ അപേക്ഷകളിലും കൗൺസിൽ അംഗങ്ങളുടെ ഒപ്പ് വേണം.
അർഹരായവർക്ക് ഒരു കാരണവശാലും പെൻഷൻ നിഷേധിക്കാൻ പാടില്ല.
പകൽ വീടുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.