SignIn
Kerala Kaumudi Online
Saturday, 20 April 2024 6.27 AM IST

കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവും; ആറുമാസം പിന്നിടുമ്പോൾ രണ്ടാം പിണറായി സർക്കാറിന് മാർക്കിട്ട് പ്രതിപക്ഷം

v-d-satheesan

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതി ദുരന്തങ്ങളിലും നട്ടംതിരിയുന്ന ജനങ്ങളെ കൊള്ളയടിച്ചും അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയും എന്തും ചെയ്യാമെന്ന ധാർഷ്‌ഠ്യവുമായാണ് രണ്ടാം പിണറായി സർക്കാർ ആറുമാസം പിന്നിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധനവില കുറയ്‌ക്കാതെയും വിലക്കയറ്റത്തിലൂടെ കൊള്ളയടിച്ചുമാണ് ജനത്തെ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും ആരോപണങ്ങൾ ഉന്നയിക്കുകയെന്ന രീതിയിൽ നിന്നും വ്യത്യസ്‌തമായി സമൂഹത്തിലെ സാധാരണക്കാരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ തുടർച്ചായി ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരത്തോടെയാണ് സർക്കാർ നിയമസഭയിലും പുറത്തും പെരുമാറുന്നത്.

കൊവിഡ് രോഗികളുടെ എണ്ണവും മരണക്കണക്കും മറച്ചുവച്ച സർക്കാരിന്റെ ദുരഭിമാനത്തിന് പൊതുജനം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. പ്രതിപക്ഷം നിയമസഭയിലം പുറത്തും നിരന്തരം പോരാടിയതിന്റെ ഫലമായി ഏഴായിരം മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും അതിലും ഒളിച്ചുകളി തുടരുകയാണ്.

കേരളത്തിൽ നടക്കുന്ന വനംകൊള്ള സർക്കാരിന്റെ അറിവോടെയാണന്നതിനുള്ള തെളിവായിരുന്നു മുട്ടിൽ മരം മുറി. സർക്കാരിന്റെ അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഏതാനും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി വനം മാഫിയയെ രക്ഷിക്കാനാണ് ശ്രമിച്ചത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിന്റെ പൊതുനിലപാടിന് കടകവിരുദ്ധമായാണ് ബേബി ഡാമിൽ മരം മുറിക്കാൻ രഹസ്യമായി തമിഴ്‌നാടിന് അനുമതി നൽകിയത്. ഉദ്യോഗസ്ഥർ നൽകിയ ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് വനം മന്ത്രിയും അതിനു കടകവിരുദ്ധമായ പ്രതികരണങ്ങളുമാണ് ജലം, വൈദ്യുതി വകുപ്പ് മന്ത്രിമാരും നടത്തിയത്. സംസ്ഥാന താൽപര്യം ബലികഴിക്കുകയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടും മുഖ്യമന്ത്രി മൗനം ഭൂഷണമാക്കിയത് ദുരൂഹമാണ്. യു.ഡി.എഫ് ഭരണകാലത്ത് മനുഷ്യചങ്ങല തീർത്തവർ തന്നെയാണ് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാദം ദുർബലമാക്കിയിരിക്കുന്നത്.

ഹയർ സെക്കൻഡറി പ്രവേശനത്തിലെ പ്രതിസന്ധിയെ കുറിച്ച് പ്രതിപക്ഷം സർക്കാരിന് തുടക്കത്തിലേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലേക്ക് തള്ളിവിടുകയായിരുന്നു സർക്കാർ. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു പേലും ഇപ്പോഴും ഇഷ്‌ടവിഷയമോ സ്‌കൂളുകളോ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ എഴുതി നൽകുന്നത് അതേപടി വായിക്കുന്നതിനു പകരം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ സർക്കാർ ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

സ്ത്രീ സുരക്ഷയും നവോത്ഥാനവും പറയുന്ന സർക്കാരിന്റെ കാലത്താണ് സ്വന്തം കുഞ്ഞിനെത്തേടി ഒരമ്മയ്ക്ക് സമരമിരിക്കേണ്ടി വന്നത്. എം.ജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം നടത്തിയ ഗവേഷക വിദ്യാർഥിക്കും എസ്.എഫ്.ഐക്കാർ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത എ.ഐ.എസ്.എഫ് വനിതാ നേതാവിനും നീതി കിട്ടാൻ പ്രതിപക്ഷത്തിന് നിരന്തരം ഇടപെടേണ്ടി വന്നു.

തുടർച്ചയായ അഞ്ചാം വർഷവും കേരളത്തിൽ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനോ ദുരന്ത ആഘാതം ലഘൂകരിക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. ദുരന്തത്തിന്റെ പേരിൽ പൊതുമുതൽ കൊള്ളയടിക്കുക മാത്രമാണ് സംസ്ഥാനത്തെ ദുരന്ത നിവരാണ പ്രവർത്തനങ്ങളുടെ മറവിൽ നടക്കുന്നത്. ഒരോ വർഷവും കൂടുതൽ പരിസ്ഥിതി ദുർബല പ്രദേശമായി കേരളം മാറുമ്പോഴും സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുകയും പാരിസ്ഥിതികമായി ഏറെ ആഘാതമുണ്ടാക്കുകയും ചെയ്യുന്ന സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന പിടിവാശി ജനത്തോടുള്ള വെല്ലുവിളിയാണ്. സിൽവർ ലൈൻ വേണ്ടെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോഴും സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ധനവിലയുടെ പേരിൽ നികുതി ഭീകരതയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത്. ഇന്ധനനികുതിയിൽ നാമമാത്രമായ കുറവ് വരുത്താൻ കേന്ദ്ര തീരുമാനിച്ചെങ്കിലും ഒരു രൂപ പോലും കുറയ്‌ക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി നിരക്കും ബസ് ചാർജും വർധിപ്പിക്കാനുള്ള തീരുമാനമാണ് ആറു മാസം ആഘോഷിക്കുന്ന സർക്കാർ ജനങ്ങൾക്കു നൽകുന്ന സമ്മാനം. കർഷക സമരത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തിയതു പോലെ ജനരോഷത്തിനു മുന്നിൽ പിണറായി സർക്കാരിനും മുട്ടുകുത്തേണ്ടി വരും. ഇടതുപക്ഷമെന്ന് മേനി നടിക്കുന്നവർ തീവ്രവലതുപക്ഷമാണെന്ന് ആവർത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകായാണ്. ഞങ്ങൾ പ്രതിപക്ഷമല്ല, ജനപക്ഷമാണ്. - വി.ഡി സതീശന്റെ വാക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS, V D SATHEESAN, OPPOSITION LEADER, FARMBILL, KERALA, PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.