ചെറുവത്തൂർ: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ രണ്ടാംവിള നെൽകൃഷി അവതാളത്തിലായി. വയലുകളിൽ വെള്ളക്കെട്ടു രൂപപ്പെട്ടതു കാരണം ഞാറ്റടി തയ്യാറാക്കാൻ കഴിയാതെ കുഴങ്ങുകയാണ് പുഞ്ചകർഷകർ. കൃഷി ഒരുക്കാനായി വിത്തിട്ട കർഷകരും വെട്ടിലായി.
കർഷകർക്ക് ഏറ്റവും ലാഭകരമായതാണ് രണ്ടാം വിള. നെല്ലിനും വൈക്കോലിനും താരതമ്യേന നല്ല വില കിട്ടുമെന്നതാണ് കർഷകരെ രണ്ടാംവിള ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സാധാരണയായി ഒക്ടോബർ പകുതി മുതൽ രണ്ടാം വിളക്കുള്ള ഞാറ്റടി തയ്യാറാക്കലടക്കുള്ള പ്രവൃത്തികൾ ആരംഭിക്കും. എന്നാൽ നവംബർ അവസാനവാരത്തിലേക്ക് കടന്നിട്ടും മഴ തുടരുന്നത് ഇന്നു വരെ നേരിടാത്ത പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. ഇനി മഴ മാറിനിന്ന് കൃഷി പണി തുടങ്ങിയാൽ തന്നെ മാർച്ച് ഏപ്രിൽ മാസങ്ങളിലെ വേനൽ മഴയെ പേടിക്കേണ്ടതുണ്ട്.
മേയ് , ജൂൺ മാസങ്ങളിൽ ആരംഭിക്കുന്ന ഒന്നാം വിള ആഗസ്ത് - സപ്തംബർ മാസത്തോടെയാണ് കൊയ്തെടുക്കുന്നത്. പൊതുവെ തൊഴിലാളി ക്ഷാമം കാരണം ഒന്നാം വിള പല കർഷകരും സമീപകാലത്ത് ഒഴിവാക്കിയിരിക്കുകയാണ്. ചില കർഷകർ 8 മാസത്തോളം കാലയളവുള്ള മുണ്ടകൻ കൃഷിയിലേക്കും തിരിയാറുണ്ട്. പത്തു ശതമാനത്തോളം കർഷകർ മാത്രമാണ് എല്ലാത്തരം പ്രശ്നങ്ങളെയും അതിജീവിച്ച് ഒന്നാംവിള എടുക്കാറുള്ളൂ. അതിനിടയിലാണ് അപ്രതീക്ഷിത മഴ ഇരുട്ടടിയായിരിക്കുന്നത്.
പിലിക്കോട് പഞ്ചായത്തിൽ മലപ്പ് - പാടാളം, കോതോളി, കണ്ണങ്കൈ തുടങ്ങി നൂറുകണക്കിന് ഏക്കറോളം പുഞ്ചകൃഷിയിടങ്ങളുണ്ട്. അതുപോലെ ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയിലും, തിമരി പാഠശേഖരത്തിലും തൃക്കരിപ്പൂരിലെ എടാട്ടുമ്മൽ - കൊയോങ്കര പാഠശേഖരത്തിലും സ്ഥിതി വ്യത്യസ്തമല്ല.
കാലം തെറ്റി വന്ന മഴ കർഷകന്റെ നട്ടെല്ലൊടിച്ചു. മഴ കാരണം രണ്ടാം വിളക്കുള്ള പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വയലിൽ വെള്ളക്കെട്ട് കാരണം യന്ത്രമുപയോഗിച്ചുള്ള ഞാറുനടൽ അസാദ്യമായി. ഒന്നാം വിള വൈകി ചെയ്തവർക്ക് കൃഷി കൊയ്തെതെടുക്കാൻ കഴിയാതെ കതിർ വെള്ളത്താലാണുള്ളത്-
എം.മനോഹരൻ പാരമ്പര്യ കർഷകൻ കാടങ്കോട്