SignIn
Kerala Kaumudi Online
Saturday, 20 April 2024 12.54 AM IST

സമുദായ കാപട്യമില്ലാത്ത നേതാവ്

ve

എസ്.എൻ.ഡി.പി യോഗം നേതൃസ്ഥാനത്ത് എത്തുന്ന ആദ്യത്തെ പച്ചമനുഷ്യനാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തെക്കുറിച്ച് 96 ന് മുമ്പ് നമ്മൾ അധികം കേട്ടിട്ടില്ല. വരേണ്യവിഭാഗത്തിൽ പെട്ടവരായിരുന്നു യോഗനേതൃത്വത്തിൽ വന്നവരിൽ ഏറെയും. അതിലൊരു മാ​റ്റമുണ്ടായത് സാധാരണക്കാരുടെ പ്രതിനിധിയായി വെള്ളാപ്പള്ളി നടേശൻ യോഗംജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. അദ്ദേഹത്തിന്റെ ഭാഷയ്ക്ക് ചാരുതയും ചമത്കാരവും ശോഭയും കുറവായേക്കാം. ചില പരാമർശങ്ങൾ കേൾക്കുന്നവർക്ക് അരോചകമായി തോന്നിയേക്കാം. വരും വരായ്കകളെക്കുറിച്ച് ആലോചിക്കാറുമില്ല. എന്നാൽ അത് സാധാരണക്കാരുടെ ഭാഷയാണ്. മതമേലദ്ധ്യക്ഷന്മാരിലും സമുദായ നേതാക്കളിലും പൊതുവേ കാണുന്ന സമുദായ കാപട്യം അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടില്ല. നിലപാടുകളിൽ പലപ്പോഴും യോജിപ്പ് തോന്നാറില്ലെങ്കിലും വ്യക്തിപരമായി അദ്ദേഹത്തോട് എനിക്ക് വളരെ ആദരവാണ്.
പച്ചമനുഷ്യനായി മാറിയതിന് പിന്നിലുള്ള കഥ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടുണ്ട്. ഒരുപാട് കുട്ടികളുള്ള ഒരു കുടുംബത്തിലായിരുന്നു വളർന്നത്. അതുകൊണ്ടു തന്നെ സേവകരുടെ പരിചരണത്തിലായിരുന്നു ബാല്യം. അങ്ങനെ അവരുടെ സാധാരണ ഭാഷ നാവിലെത്തുകയായിരുന്നു .

ഇന്ത്യാവിഷനിൽ 'വാരാന്ത്യം' ചെയ്തിരുന്ന 2001-14 കാലം. പരിപാടിയിൽ ഏ​റ്റവും അധികം പരാമർശിച്ചത് വെള്ളാപ്പള്ളി നടേശന്റെ അതിരുകടന്ന പരാമർശങ്ങളും ഫലിതങ്ങളുമാണ്.
എൻ.എസ് .എസിനെ ഒ​റ്റയടിക്ക് അദ്ദേഹം പ്രതിരോധത്തിലാക്കിയ സംഭവം ഓർത്തുപോകുകയാണ്. ലോകകപ്പ് ക്രിക്ക​റ്റിൽ നിർണായക വിക്ക​റ്റെടുത്ത് പാകിസ്ഥാനെ പരാജയപ്പെടുത്തി ശ്രീശാന്ത് തിളങ്ങി നിൽക്കുന്ന കാലം. രണ്ടു പവന്റെ സ്വർണ പതക്കവുമായി ശ്രീശാന്തിനെ വീട്ടിൽ ചെന്നുകണ്ട് ആദരിച്ചു വെള്ളാപ്പള്ളിനടേശൻ. നായർ സമുദായാംഗമായ ശ്രീശാന്തിനെ ഫോണിൽ വിളിച്ചുപോലും അഭിനന്ദിക്കാനുള്ള മനസ് കാട്ടാത്ത 'നായർ സമുദായ ഉടമസ്ഥൻ' ജി. സുകുമാരൻനായർക്കെതിരെ സമുദായാംഗങ്ങൾക്കിടയിൽ വലിയ വിമർശനമാണ് ഉയർന്നത്.

തന്ത്റങ്ങൾക്ക് മറുതന്ത്റങ്ങൾ മെനയാൻ വെള്ളാപ്പള്ളി നടേശനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ സപ്തതി ആഘോഷം കോൺഗ്രസുകാർ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. ചെറിയ അഭിപ്രായവ്യത്യാസങ്ങളും തെ​റ്റിദ്ധാരണകളുമാണ് കാരണം. വിലക്ക് ലംഘിച്ച് പങ്കെടുത്തത് വക്കം പുരുഷോത്തമൻ മാത്രം. ഉമ്മൻചാണ്ടി, രമേശ്‌ചെന്നിത്തല തുടങ്ങിയ നേതാക്കളൊക്കെ വിട്ടുനിന്നു. എന്നാൽ അന്ന് കോൺഗ്രസ് ഹൈക്കാമാൻഡിന്റെ ഭാഗമായ ഉന്നത നേതാവ് മണിശങ്കർ അയ്യർ ഡൽഹിയിൽ നിന്ന് വന്ന് സപ്തതി സമ്മേളനത്തിൽ പ്രസംഗിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് അമ്പരന്ന് നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഗോകുലം ഗോപാലൻ ദയനീയമായി പരാജയപ്പെട്ടസമയം. വോട്ടെണ്ണിയപ്പോൾ 90 ശതമാനം വോട്ട് വെള്ളാപ്പള്ളി നടേശനും ഒൻപത് ശതമാനം ഗോകുലം ഗോപാലനും. തിരഞ്ഞെടുപ്പിൽ അഴിമതിയും ക്രമക്കേടും നടന്നതായി ചാനൽ ചർച്ചയിൽ ഗോകുലം ഗോപാലൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശന് എതിരായി മത്സരിച്ച് ഒമ്പത് ശതമാനം വോട്ട് കിട്ടിയത് തന്നെ ഗോകുലം ഗോപാലന്റെ വലിയ നേട്ടമാണെന്ന് പരിഹാസ രൂപേണ ഞാൻ പറഞ്ഞു. അടുത്ത തവണ വീണ്ടും മത്സരിച്ചാൽ പത്തുശതമാനം വരെ വോട്ടുകിട്ടാൻ സാദ്ധ്യതയുണ്ട്. വെള്ളാപ്പള്ളി നടേശനെതിരെ മത്സരിക്കാൻ ഇറങ്ങിയത് തന്നെ മൗഢ്യമാണ്.
അദ്ദേഹത്തിനെതിരെ മത്സരിക്കാൻ തനിക്ക് എന്ത് യോഗ്യതയുണ്ടെന്ന് ഗോകുലം ഗോപാലൻ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ആര് ഇറങ്ങി വന്നാലും വെള്ളാപ്പള്ളി നടേശനെ തോൽപ്പിക്കാനാവില്ല. എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളി നടേശന് മാത്രമേ ചെയ്യുമായിരുന്നുള്ളൂ. കാരണം എന്തുകൊണ്ടും ഗോകുലം ഗോപാലനേക്കാൾ യോഗ്യത വെള്ളാപ്പള്ളിക്കാണ്. ചർച്ചയിൽ ഞാൻ തുറന്നടിച്ചു.
അടുത്ത ദിവസം എനിക്ക് വെള്ളാപ്പള്ളി നടേശന്റെ ഫോൺ കോൾ. .''എന്നെപ്പ​റ്റി നല്ലവാക്കുകൾ പറഞ്ഞതിൽ സന്തോഷമുണ്ട്. നന്ദി'. സത്യത്തിൽ കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പറഞ്ഞതൊന്നും ഞാൻ മുഴുവനായി ഓർക്കുന്നുണ്ടായിരുന്നില്ല. നന്ദി പറയാൻ തക്ക കാര്യങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ വിളിച്ചില്ലെങ്കിൽ ഞാൻ നന്ദിയില്ലാത്തവനാണെന്ന് ധരിക്കുമെന്നായി വെള്ളാപ്പള്ളി നടേശൻ. കൂട്ടത്തിൽ ചില പരാമർശങ്ങളിൽ തന്റെ അതൃപ്തിയും അദ്ദേഹം അറിയിച്ചു. 'ഗുരുദേവൻ ഇറങ്ങി വന്നാലും തുടങ്ങിയ പരാമർശങ്ങൾ അധികപ്പ​റ്റായി പോയി. അതിൽ ഔചിത്യക്കുറവുണ്ട്.''

ബി.ഡി.ജെ.എസ്. രൂപീകരണത്തിന് മുന്നോടിയായി ചേർത്തലയിൽ നടന്ന ബുദ്ധിജീവികളുടെ സംഗമം കേരളത്തിൽ ഇന്നേവരെ നടക്കാത്ത വ്യത്യസ്തമായ പരിപാടിയായിരുന്നു. കേരളത്തിൽ ഇന്നേവരെ ഒരാളും യോഗം വിളിച്ച് രാഷ്ട്രീയോപദേശം തേടിയിട്ടില്ല. സംഗമത്തിൽ പങ്കെടുക്കണമെന്നും സംസാരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.ഇതിനിടെ വെള്ളാപ്പള്ളി നടേശൻ ബുദ്ധിജീവികളുടെ രഹസ്യ യോഗം വിളിച്ചെന്ന് ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.ഡി.ജെ.എസ് രൂപീകരണത്തോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.
കന്യാകുമാരിയിലും മൂന്നാറിലും നടന്ന എസ്.എൻ.ഡി.പി യോഗം നേതൃയോഗത്തിൽ പ്രസംഗിക്കാൻ എന്നെ അദ്ദേഹം ക്ഷണിച്ചിരുന്നു. കന്യാകുമാരിയിലെ യോഗത്തിൽ അന്നത്തെ സമകാലീന രാഷ്ട്രീയത്തെ മുൻനിറുത്തി ഞാൻ നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമായതായി അദ്ദേഹം അറിയിച്ചിരുന്നു.അതിലൊന്ന് ഇങ്ങനെ: വി.എസ്. അച്യുതാനന്ദനെ മുൻനിർത്തി മത്സരിക്കുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പിണറായി വിജയനെ മുഖ്യമന്ത്റിയാക്കുകയുംചെയ്യുന്നത് പെണ്ണുകാണാൻ വരുമ്പോൾ അനിയത്തിയെ കാണിച്ച് ചേച്ചിയെ വിവാഹം കഴിപ്പിക്കുന്നത് പോലെയെന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് വരുത്തിയ തിരുത്ത് ഇപ്രകാരമായിരുന്നു. 'അനിയത്തിയെ കാണിച്ച് ചേച്ചിയെ വിവാഹം കഴിപ്പിക്കുന്നത് പോലെയല്ല, മകളെ കാണിച്ച് അമ്മയെ വിവാഹം കഴിപ്പിക്കുന്നത് പോലെ.' സദസിൽ കൂട്ടച്ചിരി.

കോഴിക്കോട് മാൻഹോൾ അപകടത്തിൽ മരിച്ച നൗഷാദിന് സർക്കാർ ലക്ഷങ്ങളും മ​റ്റാനുകൂല്യങ്ങളും നൽകുകയും സമാനമായ അപകടത്തിൽ മ​റ്റ് രണ്ട് പേരെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തുവെന്ന യോഗം ജനറൽ സെക്രട്ടറിയുടെ വിവാദമായ ആലുവാ പ്രസംഗം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കുറച്ചു കടന്ന കൈയായിപ്പോയെന്നും അതിൽ അനൗചിത്യമുണ്ടെന്നും ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ത്യൻ പീനൽ കോഡ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ നിഗമനം ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മദ്യനിരോധനത്തിന്റെ ഭാഗമായി ടൂസ്​റ്റാർ ബാറുകൾ ആദ്യം പൂട്ടിച്ചു. ടൂസ്​റ്റാർ ബാറുകൾ നടത്തിയിരുന്നത് ഏറെയും ഈഴവ സമുദായത്തിൽപ്പെട്ടവരാണ്. ബാറുകൾ അടപ്പിക്കുന്നതിന് അഘോരം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്ത വി.എം. സുധീരനെ ചങ്ങനാശ്ശേരി രൂപത ആദരിച്ചു. 'ദീപിക'സുധീരന് സ്തുതി പാടി. മെത്രാൻമാർ സുധീരനെ പ്രശംസിച്ചു. ചാനൽ ചർച്ചയിൽ പത്രാധിപർ സുകുമാരന്റെ വാക്കുകളാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. 'ഒരു നായർ ഒരു ഈഴവനെ അകാരണമായും അമിതമായും പ്രകീർത്തിക്കുന്നുണ്ടെങ്കിൽ അവൻ ജനിച്ച സമുദായത്തോട് കഠിനമായ ദ്റോഹം ചെയ്തവനായിരിക്കും'. പണ്ട് നായൻമാരായിരുന്നെങ്കിൽ ഇപ്പോൾ ക്രിസ്ത്യാനിയെന്ന വ്യത്യാസമേയുള്ളൂ.
മദ്യനിരോധനത്തിന്റെ അടുത്ത ഘട്ടമായി ത്രി സ്​റ്റാർ, ഫോർ സ്​റ്റാർ ബാറുകൾ കൂടി പൂട്ടിയതോടെ മെത്രാൻമാരുടെ ഭാവം മാറി. ഇത്ര പെട്ടെന്ന് ഇത്രയും വലിയ മദ്യവർജ്ജനം വേണ്ടിയിരുന്നില്ലെന്നായി മെത്രാൻമാർ. ത്രി സ്​റ്റാർ, ഫോർ സ്​റ്റാർ ബാറുകളിൽ 90 ശതമാനവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരുടേതായിരുന്നു.

ചേർത്തല എസ്.എൻ.കോളേജിലെ നായർ സമുദായാംഗമായ അദ്ധ്യാപകൻ വെള്ളാപ്പള്ളി നടേശനെ കണ്ടപ്പോഴുണ്ടായ അനുഭവം ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതുണ്ട്. സാധുകുടുംബത്തിലെ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു വിദ്യാർത്ഥിനിക്ക് ജോലി കൊടുക്കണമെന്ന് ശുപാർശ ചെയ്യാനാണ് അദ്ധ്യാപകൻ യോഗം ജനറൽ സെക്രട്ടറിയെ കണ്ടത്. മുഖവുരയായി അദ്ധ്യാപകൻ പറഞ്ഞു. ''ഞാൻ നായരാണ്. ഈ കുട്ടിയും ഈഴവ സമുദായക്കാരിയല്ല''
എത്ര കൊല്ലമായി എസ്.എൻ. കോളേജിൽ ജോലി ചെയ്യുന്നു? യോഗം ജനറൽ സെക്രട്ടറി ചോദിച്ചു.
നായർ സമുദായാംഗമാണെന്ന കാരണത്താൽ എന്തെങ്കിലും വിവേചനം ഇന്നേവരെ ഉണ്ടായിട്ടുണ്ടോ?
ഇല്ലെന്നു അദ്ധ്യാപകന്റെ മറുപടി. ഇതേവരെ ഉണ്ടായില്ലെങ്കിൽ ഇനി മേലിലും ഉണ്ടാകില്ല. ഈ കുട്ടിക്ക് ജോലി കൊടുത്തിരിക്കും. ജനറൽ സെക്രട്ടറി പറഞ്ഞു. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ
സ്ഥാപനങ്ങളിൽ ഈഴവ, ഈഴവേതര വിവേചനമുണ്ടാകരുതെന്ന് വെള്ളാപ്പള്ളി നടേശന് നിർബന്ധബുദ്ധിയും നിഷ്‌കർഷയുമുണ്ട്.
മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്നതിൽ ഒരു കാലത്തും അദ്ദേഹം മടി കാണിച്ചിട്ടില്ല. കോട്ടയത്തെ ഒരു പ്രൊഫഷണൽ കോളേജിൽ സഹപാഠികളിൽ നിന്ന് ദുരനുഭവം നേരിട്ട പെൺകുട്ടിയെ യോഗത്തിന്റെ സ്ഥാപനത്തിൽ മാ​റ്റി പഠിപ്പിക്കുകയും പിന്നീട് വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തത് ഒരു ഉദാഹരണം. സൂര്യനെല്ലി പെൺകുട്ടിയോടും സഹോദരിയോടും ക്രിസ്ത്യൻസഭകൾ കാണിച്ച നീതികേട് അറിഞ്ഞാൽ മാത്രമേ യോഗം ജനറൽ സെക്രട്ടറി കാണിച്ച മനുഷ്യത്വപരമായ നിലപാടിന്റെ മഹത്വം മനസിലാകൂ.

ശ്രീനാരായണ സർവകലാശാലയിൽ മുബാരക് പാഷ എന്ന മുസ്ലീം സമുദായക്കാരനെ വൈസ് ചാൻസലറായി നിയമിച്ചതല്ല ഗുരുനിന്ദയെന്ന പക്ഷക്കാരനാണ് ഞാൻ. ശ്രീനാരായണ സർവകലാശാല ഓപ്പൺ യൂണിവേഴ്‌സി​റ്റി മാത്രമാണ്. ഗുരുവിന്റെ പേരിലുള്ള യൂണിവേഴ്‌സി​റ്റിയാണെങ്കിലും അവിടെ ശ്രീനാരായണ ദർശനമോ തത്വശാസ്ത്രമോ പഠിപ്പിക്കുന്നില്ല. അതാണ് ഗുരുനിന്ദ. ഇക്കാര്യം യോഗം ജനറൽ സെക്രട്ടറിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
സാധാരണക്കാരുടെ വികാരങ്ങൾ മനസിലാക്കി സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന വെള്ളാപ്പള്ളി നടേശന്റെ ഭാഷയ്‌ക്ക് ഭംഗിയുണ്ടോ എന്നതല്ല പ്രശ്‌നം. അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് സമുദായത്തിന്റെ അംഗീകാരമുണ്ടെന്നതാണ് പ്രധാനം.
കെ. കരുണാകരൻ 30 കൊല്ലം കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് അദ്ദേഹം മുന്നോട്ടു പോയതും ആസ്ഥാനത്ത് തുടർന്നതും. കടുത്ത വെല്ലുവിളികൾ നേരിട്ടാണ് യോഗനേതൃത്വത്തിൽ വെള്ളാപ്പളളി നടേശൻ 25 വർഷം പിന്നിടുന്നത്. ഇതിന് മുമ്പ് ആർക്കും ഇത്രയും കാലം ഈ കസേരയിൽ ഇരിക്കാൻ കഴിഞ്ഞിട്ടില്ല. ഇനി അത് ആർക്കും പ​റ്റുമെന്നും തോന്നുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.