SignIn
Kerala Kaumudi Online
Friday, 19 April 2024 1.42 PM IST

കോൺഗ്രസിലെ കലഹങ്ങൾ

kpcc

കോൺഗ്രസിലെ കലഹങ്ങൾ അവസാനിച്ചാൽ പിന്നെ കോൺഗ്രസ് ബാക്കികാണില്ല. പല ഘട്ടങ്ങളിലും കലഹങ്ങളും ഗ്രൂപ്പുപോരുകളും കോൺഗ്രസിനെ ശക്തിപ്പെടുത്താനും ഇടയാക്കിയിട്ടുണ്ട്. പക്ഷേ ഇതൊരു മാറിയ കാലമാണ്. ഗ്രൂപ്പുകളികൾ കോൺഗ്രസിന്റെ വളർച്ചയെ വലിച്ച് താഴ്ത്താൻ തുടങ്ങിയെന്ന് അണികൾക്കു തന്നെ ബോദ്ധ്യം വന്നിട്ടുണ്ട്. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേത‌ൃത്വത്തെ പ്രതീക്ഷിച്ചത്ര മുറുമുറുപ്പില്ലാതെ

അവർ അംഗീകരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് സമര രംഗത്ത് അവർ വീണ്ടും സജീവമാകാൻ തുടങ്ങിയത്. ആദ്യത്തെ ചില പൊട്ടിത്തെറികളും അച്ചടക്ക നടപടികളുമൊക്കെ കഴിഞ്ഞ് ഒന്നു കലങ്ങിത്തെളിയാൻ തുടങ്ങിയതാണ്. വലിയ പരാതിക്കിടയാക്കാതെ ‌ഡി.സി.സി ഭാരവാഹികളെയും നിശ്ചയിക്കാനായി.

പാർട്ടി സംസ്ഥാന പ്രസി‌‌ഡന്റിന്റെയും നിയമസഭയിലെ പ്രതിപക്ഷനേതാവിന്റെയും പ്രവർത്തനത്തിൽ പാർട്ടിക്ക് പുതിയ ഉൗർജം കെെവരികയും അത് അണികൾക്ക് ബോദ്ധ്യമാവുകയും ചെയ്ത സന്ദർഭമാണിത്. അപ്പോഴാണ് പുനഃസംഘടനയുടെ പേരിൽ കോലാഹലങ്ങൾ തുടങ്ങിയിരിക്കുന്നത്. അടുത്തവർഷം ആദ്യപകുതിയോടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോൾ പുനഃസംഘടന ആവശ്യമില്ലെന്നാണ് എ,എെ ഗ്രൂപ്പുകളുടെ നിലപാട്. ഉമ്മൻചാണ്ടി ‌ഡൽഹിയിൽ പോയി സോണിയാഗാന്ധിയെ സന്ദർശിച്ച് പുനഃസംഘടന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വാർത്തകൾ. എന്നാൽ അംഗത്വ വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് അടുത്തവർഷം തുടക്കത്തിൽ പൂർത്തിയായതിനു ശേഷമേ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂ എന്നും അതിനിടയിൽ പുനഃസംഘടന നടത്താൻ ഹെെക്കമാൻഡ് അനുവദിച്ചിട്ടുണ്ടെന്നുമാണ് സുധാകരന്റെയും സതീശന്റെയും വിശദീകരണം. ഇതിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിമാരെ ഇൗ മാസവും ഡിസംബർ പകുതിയോടെ ‌ഡി.സി.സി ഭാരവാഹികളെയും ബ്ളോക്ക് പ്രസി‌ഡന്റുമാരെയും നിശ്ചയിക്കാനാണ് അവർ ഒരുങ്ങുന്നത്. അത് തടയാൻ ഹെെക്കമാ‌ൻ‌ഡ് തയ്യാറാകില്ലെന്നാണ് എ.എെ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്ത് നടത്തിയ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

2017-ൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തിൽ മാത്രം നടന്നില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു അന്ന് സംസ്ഥാന കോൺഗ്രസിനെ നയിച്ചിരുന്നവർ. അന്ന് അവർ തമ്മിൽ ചർച്ചചെയ്ത് പുനഃസംഘടനയാണ് നടത്തിയത്. അവരാണ് ഇപ്പോൾ പുനഃസംഘടന വേണ്ടെന്ന് ആവശ്യപ്പെടുന്നത്. ഇപ്പോൾ പുനഃസംഘടന നടന്നാൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് ഉണ്ടായിവരുമെന്നതാണ് ഇതിന് കാരണമായി ഗ്രൂപ്പ് മാനേജർമാരുടെ പക്ഷത്ത് നിൽക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. അതിൽ ഒരു വലിയ പരിധിവരെ കാര്യമുണ്ട്. ഇപ്പോൾത്തന്നെ പലരും കോൺഗ്രസിൽ ഗ്രൂപ്പ് മാറാൻ തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ഇപ്പോഴത്തെ നേതൃത്വം പുനഃസംഘടന നടത്തുമ്പോൾ അവരുമായി ആഭിമുഖ്യം ലഭിക്കുന്നവർക്ക് മുൻതൂക്കം ലഭിക്കും. ഇത് കോൺഗ്രസിൽ പുത്തരിയുമല്ല. അങ്ങനെ വരുമ്പോൾ നിലവിലുള്ള ഗ്രൂപ്പുകൾ അപ്രസക്തമാകുമോ എന്ന ഭയം ഗ്രൂപ്പുകളെ നയിക്കുന്നവർക്ക് ഉണ്ടാകാം. ഇവിടെ പാർട്ടി വളരുകയും പ്രസക്തി തെളിയിക്കുകയും ചെയ്യുമ്പോൾ മാത്രമെ ഗ്രൂപ്പുകൾക്ക് പോലും നിലനില്‌പ്പുള്ളൂ എന്ന വസ്തുത എല്ലാവരും മനസിലാക്കണം. അതേസമയം ഇപ്പോൾ ഗ്രൂപ്പുകളെ നയിക്കുന്നവരും കഴിവും ജനപിന്തുണയും ഉള്ളവരാണ്. അവരുടെ പങ്കാളിത്തം കൂടി പരമാവധി ഉറപ്പാക്കാനുള്ള പക്വതയും വിവേകവും പുതിയ നേതൃത്വം കാണിക്കണം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നങ്ങൾ തീ‌‌ർക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. കാരണം ഇപ്പോൾ കേരളത്തിൽ മാത്രമാണ് കോൺഗ്രസിന് ഉറയ്ക്കാനുള്ള വേരോട്ടമുള്ളത്. ആ അവസരം പാഴാക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.