ചിറ്റൂർ: ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെയും യുവജൈവകർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷികമേള നാളെ മുതൽ 30 വരെ ചിറ്റൂർ ജവഹർലാൽ നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കും. 22ന് വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത അദ്ധ്യക്ഷയാകും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. 23 മുതൽ 29 വരെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച സെമിനാറുകൾ നടക്കും. ജൈവകൃഷി ആരോഗ്യ ജീവിതം, അന്നം ഔഷധം, ചെറുധാന്യങ്ങളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ, മത്സ്യകൃഷി നൂതന ആശയങ്ങൾ, നെല്ലും കീടബാധ നിവാരണവും, കൊവിഡാനന്തര കാലത്തെ മൃഗസംരക്ഷണ രംഗത്ത് സംരംഭക സാദ്ധ്യതകൾ എന്നീ വിഷയങ്ങൾ സംബന്ധിച്ചുള്ള സെമിനാറുകൾ നടക്കും. 29ന് വൈകീട്ട് നാലിന് കർഷക സംഘമവും കർഷകരെ ആദരിക്കലും നടക്കും. നബാർഡ് ഡി.ഡി.എം പാലക്കാട് കവിത റാം ഉദ്ഘാടനം ചെയ്യും.
മേളയോടനുബന്ധിച്ച് നാടൻപാട്ട്, സാംസ്കാരിക സമ്മേളനം, കലാസന്ധ്യ, മാജിക് ഷോ, ഗാനമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ നൂതന കാർഷികോപകരണങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും കാർഷികോല്പപന്നങ്ങൾ, വിപണന സ്റ്റാളുകൾ, ഫലവൃക്ഷ പുഷ്പ തൈകൾ എന്നിവയുടെ പ്രദർശനവും മേളയിൽ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലയിൽ നിന്നുള്ളവർ മേളയിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ.സി.പ്രീത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗ്രീൻഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.വിശ്വനാഥൻ, ചീഫ് കോ-ഓഡിനേറ്റർ സുശീൽ, യുവ ജൈവകർഷക കൂട്ടായ്മ സെക്രട്ടറി എൻ.എ.നജീബ്, പി.മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |