SignIn
Kerala Kaumudi Online
Saturday, 28 May 2022 12.03 AM IST

ബസ് ഇല്ലെങ്കിലെന്താ, യാത്ര 'സൗജന്യ'മല്ലേ!

t

കൊല്ലം: പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയെന്ന കെ.എസ്.ആർ.ടി.സിയുടെ മോഹന വാഗ്ദാനം കേട്ടിറങ്ങുമ്പോൾ, തങ്ങൾ ഉദ്ദേശിക്കുന്ന റൂട്ടിൽ ബസ് സർവീസുണ്ടോ എന്നുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ബസ് ഉണ്ടെന്നുകരുതി അടുത്തുള്ള ഡിപ്പോയിൽ ചെല്ലുമ്പോഴറിയാം 'സൗജന്യ'ത്തിന്റെ പിന്നാമ്പുറ കാര്യങ്ങൾ.

വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നത് ഓർഡിനറി ബസുകളിൽ മാത്രമാണ്. ജില്ലയിൽ അഞ്ചൽ- കൊട്ടിയം റൂട്ടിലൊഴികെ മറ്റെല്ലാ ഓർഡിനറി സർവീസുകളും ദേശീയപാത, എം.സി റോഡുകൾ കേന്ദ്രീകരിച്ചാണുള്ളത്. സ്വകാര്യ ബസുകൾ ഇല്ലാത്ത വിരലിലെണ്ണാവുന്ന റൂട്ടുകൾ ഒഴികെ ഗ്രാമീണ സർവീസുകളെല്ലാം നിലവിൽ അവസാനിപ്പിച്ച മട്ടാണ്. അഞ്ചൽ- കൊട്ടിയം റൂട്ടിൽ ഓർഡിനറി ചെയിൻ സർവീസാണെങ്കിലും നിലവിൽ കൺസഷൻ അനുവദിച്ചിട്ടില്ല. 32ലധികം സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നിലവിൽ ഒരെണ്ണം മാത്രമാണുള്ളത്. കെ.എസ്.ആർ.ടി.സിയുടെ കടന്നുകയറ്റം മൂലം മാത്രമാണ് സ്വകാര്യ ബസുകൾ അരങ്ങൊഴിഞ്ഞത്. ഇത് മുതലെടുത്തുകൊണ്ട് കെ.എസ്.ആർ.ടി.സി കഴിഞ്ഞ മൂന്നുവർഷമായി വിദ്യാർത്ഥികളെ പിഴിയുകയാണ്.

# മിക്കതും ലിമിറ്റഡ് സ്റ്റോപ്പുകൾ

ഗ്രാമീണമേഖലയിൽ നിന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന കുട്ടികൾ നിരവധിയാണ്. ഇവരിൽ അധികം പേർക്കും ആശ്രയം കെ.എസ്.ആർ.ടി.സി ആണ്. എന്നാൽ കുളത്തൂപ്പുഴ, അഞ്ചൽ, ആയൂർ, പൂയപ്പള്ളി, അമ്പലംകുന്ന് എന്നിവിടങ്ങളിൽ നിന്ന് കൊല്ലം നഗരത്തിലേക്ക് പേരിന് പോലും ഒരു കെ.എസ്.ആർ.ടി.സി ഓർഡിനറി ബസില്ല. ഉള്ളത് കുളത്തൂപ്പുഴ- കൊല്ലം ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മാത്രം. ഇവയിലാകട്ടെ കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാനുമാകില്ല. ചെങ്ങന്നൂർ- കൊല്ലം, പത്തനംതിട്ട- കൊല്ലം എന്നീ റൂട്ടുകളിലും വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ഈ ഭാഗങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികളിൽ പലർക്കും ആശ്രയം സ്വകാര്യബസുകളാണെങ്കിലും പല ബസുകൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്.

# കൊവിഡിനെ പഴിചാരി

കൊവിഡ് ഒന്നാം തരംഗത്തിന്റെ ഭാഗമായി നിറുത്തിയവയാണ് ജില്ലയിലെ ഒട്ടുമിക്ക കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളും. ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും നിറുത്തിയവ പുനരാംഭിക്കാൻ നടപടിയൊന്നുമായിട്ടില്ല. ജില്ലയിലെ വിവിധ ഡിപ്പോകളിൽ പിടിച്ചിട്ട ബസുകളിൽ പലതും ജില്ലാ പൂൾ (ഡി.സി.പി) എന്ന വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അവശ്യസർവീസുകൾക്കായി വിവിധ ഡിപ്പോകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പരിഷ്കാരമാണ് നടപ്പാക്കിയതെങ്കിലും നേരത്തെ ലാഭകരമായി നടത്തിയിരുന്ന ഓർഡിനറി സർവീസുകൾക്ക് ഈ ബസുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

# കെ.എസ്.ആർ.ടി.സി കൺസഷൻ

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര നൽകുന്നത്. പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിനൊപ്പം നിശ്ചിത ഫാറത്തിൽ, വീടിനടുത്തുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 10 രൂപ ഫീസടച്ച് രണ്ടു ഫോട്ടോയ്‌ക്കൊപ്പം അപേക്ഷ നൽകാം. അപേക്ഷ നൽകുമ്പോൾ ലഭ്യമാകുന്ന ടോക്കൺ ഉപയോഗിച്ച് ഡിപ്പോയിൽ നിന്നറിയിക്കുന്ന ദിവസം സൗജന്യയാത്രാ ടിക്കറ്റ് കൈപ്പറ്റാം. വിദ്യാർത്ഥികൾക്ക് അസൗകര്യമുണ്ടെങ്കിൽ രക്ഷിതാക്കൾക്കും അപേക്ഷനൽകാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.