ബീജിംഗ്: വുഹാനിൽ ആദ്യ കോവിഡ് വ്യാപനം ഉണ്ടായപ്പോൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയായ ഷാംഗ് ഷാനിനെ (38) ചൈന ജയിൽ മോചിതയാക്കണമെന്ന് ഐക്യരാഷ്ട്രസഭ.
ചൈനീസ് സർക്കാരിന്റെ പീഡനത്തിനെതിരെ നിരാഹാരം അനുഷ്ഠിച്ച് ഷാനിന്റെ ആരോഗ്യം ക്ഷയിച്ചെന്നും ശരീര ഭാരം കുറഞ്ഞെന്നും അവർ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബം വ്യക്തമാക്കുന്നു. ഷാനിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യേണ്ടവ എത്രയും വേഗം നടപ്പിലാക്കണം.2020 ഫെബ്രുവരിയിൽ വുഹാനിൻ നേരിട്ടെത്താൻ ധൈര്യം കാണിച്ച വ്യക്തിയാണ് അഭിഭാഷക കൂടിയായ ഷാൻ. വീഡിയോ ദൃശ്യങ്ങൾ സഹിതം, വുഹാനിലെ ഭീകരാവസ്ഥ അവർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. കൊവിഡ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം മൂടി വയ്ക്കാനും സത്യം പുറത്തുവരാതിരിക്കാനുമാണ് ചൈന ശ്രമിച്ചത്. ഷാനിന്റെ വീഡിയോകൾ പുറത്തു വന്നതോടെയാണ് ഇക്കാര്യം ലോകരാജ്യങ്ങൾക്ക് വ്യക്തമായത്.
അന്യായത്തടങ്കലിൽ
2020 മേയിൽ അധികൃതർ ഷാനിനെ അറസ്റ്റ് ചെയ്തു. നാലു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
മനഃപൂർവം സംഘർഷം ഉണ്ടാക്കുന്നു, സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നിവയാണ് അവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. അന്യായ തടങ്കലിനെതിരെ ഷാൻ പല തവണ നിരാഹാരമിരുന്നു. എന്നാൽ അധികൃതർ ഇത് പാടെ അവഗണിച്ചു. ഇതോടെയാണ് കുടുംബം അപേക്ഷയുമായി ആഗോള സംഘടനകളുടേയും രാജ്യങ്ങളുടേയും മുന്നിലെത്തിയത്. ലോകത്തെ സത്യം അറിയിക്കാൻ ജീവിതം പണയപ്പെടുത്തിയ യുവതിക്ക് ഇത്ര ക്രൂരമായ ശിക്ഷയാണോ കാത്തുവച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.
ഐക്യരാഷ്ട്രസഭയുടെ വാക്കുകൾ
കീഴടങ്ങാത്ത ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാൻ. അവരെ ലോകത്തിന് ആവശ്യമുണ്ട്. മൂല്യമേറിയ ആ ജീവൻ അകാലത്തിൽ പൊലിയരുത്- ഐക്യരാഷ്ട്ര സഭ വക്താവ് മാർത്ത ഹുർത്താഡോ പറഞ്ഞു. ഷാനിനെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിലാക്കിയ അന്നുമുതൽ പല തവണ ഐക്യരാഷ്ട്ര സഭ ഇടപെട്ട കാര്യം മാർത്ത ഓർമിപ്പിച്ചു.
ഷാനിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. നടപടിക്രമങ്ങൾ സുതാര്യമായിരിക്കണം. ന്യായമായ വിചാരണ ഏർപ്പെടുത്തണം. എന്നാൽ, ഇക്കാര്യങ്ങളെല്ലാം നിരവധി തവണ ബോദ്ധ്യപ്പെടുത്തിയിട്ടും ചൈനീസ് അധികൃതർ മൗനം പാലിക്കുകയാണ്.
ഒരു മാദ്ധ്യമപ്രവർത്തക എന്ന നിലയിലുള്ള തന്റെ കർത്തവ്യമാണ് ഷാൻ ചെയ്തത്. ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. ലോകത്തിന്റെ നന്മയ്ക്കായാണ് അവർ പോരാടിയത്.
ഷാനിനൊപ്പം മറ്റു നാലു പൗരാവകാശ പ്രവർത്തകരും സമാന കുറ്റം ആരോപിക്കപ്പെട്ട് ജയിലിലാണ്.
സത്യസന്ധമായ വിവരങ്ങൾ കൃത്യസമയത്ത് ലോകത്തെ അറിയിക്കേണ്ടത് ഏതൊരു രോഗത്തെയും പ്രതിരോധിക്കാൻ അത്യാവശ്യമാണ്.
ഭരണകൂടം പരാജയപ്പെട്ടു എന്നു തോന്നുമ്പോൾ വ്യക്തികൾ ഇടപെടും. അതു സ്വാഭാവികമാണ്. അതിന് അന്യായ തടങ്കലോ ഭീഷണിയോ ശിക്ഷയോ അല്ല നൽകേണ്ടത് - മാർത്ത പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ആധുനിക ലോകത്തിന്റെ ജീവവായുവാണ്.
മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതെ ഒരു രാജ്യത്തിനും സുതാര്യമായി മുന്നോട്ടുപോകാനുമാവില്ല. കൊവിഡിനെ തടയാൻ ലോകം ഒരുമിച്ചു നിൽക്കണം പോരാടുന്നവരെ ജയിലിലാക്കുന്നത് ഭീതിയുണ്ടാക്കും. അതു ശരിയായ നടപടി അല്ല. ഷാനിനെ മോചിപ്പിക്കണം എന്ന് ഒരിക്കൽക്കൂടി ഞങ്ങൾ ആവശ്യപ്പെടുന്നെന്നും മാർത്ത വ്യക്തമാക്കി.
അധികാരികളുടെ കണ്ണിലെ കരട്
ഷാൻ നേരത്തേ തന്നെ ചൈനീസ് അധികാരികളുടെ കണ്ണിലെ കരടാണ്. ഹോങ്കോംഗിലെ പൗരാവകാശ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിന്റെ പേരിൽ 2019 ൽ അവരെ അറസ്റ്റ് ചെയ്തിരുന്നു. മോചിതയായ ശേഷമാണ് ഷാൻ വുഹാനിൽ പോയതും വീണ്ടും അറസ്റ്റിലാകുന്നതും.