തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് ശക്തൻ നഗർ വികസനത്തിനായി ഒരു കോടി അനുവദിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കി നടനും രാജ്യസഭാ മെമ്പറുമായ സുരേഷ് ഗോപി. എം.പി ഫണ്ടിൽ നിന്നും ഒരുകോടി കോർപറേഷന് അനുവദിച്ചു. തുക അനുവദിച്ചതിന് സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് മേയർ എം.കെ വർഗീസിന്റെ കത്ത് പുറത്ത് വന്നിരുന്നു. വോട്ടഭ്യർത്ഥിച്ച് ശക്തൻ നഗറിലെത്തിയപ്പോൾ ശോചനീയാവസ്ഥ ശ്രദ്ധയിൽപെട്ടപ്പോഴായിരുന്നു വാഗ്ദാനം. ജയിച്ചാലും തോറ്റാലും തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം കോർപറേഷനിലെത്തി അന്നത്തെ വാഗ്ദാനം ഓർമ്മപ്പെടുത്തി വിശദമായ പദ്ധതി രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുക അനുവദിച്ചതിന് നന്ദി അറിയിച്ച് മേയർ എം.കെ വർഗീസ് 'സ്‌നേഹസമ്പന്നനായ സുരേഷ് ഗോപി ജി' എന്ന അഭിസംബോധനയോടെയുള്ള കത്ത് അയച്ചിരുന്നു. മേയറുടെ കത്ത് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചു. ഇതോടൊപ്പം പാലിക്കപ്പെടാനുള്ള വാഗ്ദാനങ്ങളാണ് നൽകേണ്ടതെന്ന അരിസ്‌റ്റോട്ടിലിന്റെ വാചകവും ചേർത്തിരുന്നു. എം.പി അനുവദിച്ച ഫണ്ട് ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി - മീൻ മാർക്കറ്റിന്റെ സമഗ്ര വികസനത്തിനുപയോഗിക്കും. ഇതിന്റെ പ്രോജക്ട് സുരേഷ് ഗോപിക്ക് നൽകിയിട്ടുണ്ട്. സുരേഷ് ഗോപി കോർപറേഷനിൽ സന്ദർശിച്ചതിന് പിന്നാലെ തൃശൂർ എം.പി ടി.എൻ. പ്രതാപൻ, ഇതുവരെയും കോർപറേഷൻ വിളിക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കാറില്ലെന്ന വിമർശനവുമായി മേയർ രംഗത്തെത്തിയിരുന്നു.