കൊല്ലം: കെ.എം.എം.എൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ പുതിയ മഗ്നീഷ്യം റീസൈക്ലിംഗ് പ്ലാന്റിന്റെ ശിലാസ്ഥാപനം മന്ത്റി പി.രാജീവ് നിർവഹിച്ചു. ടൈറ്റാനിയം സ്പോഞ്ച് ഉത്പാദനത്തിന്റെ ഭാഗമായി ഉപോത്പന്നമാവുന്ന മഗ്നീഷ്യം ക്ലോറൈഡിൽ നിന്ന് മഗ്നീഷ്യം വേർതിരിച്ചെടുക്കുന്നതാണ് പദ്ധതി. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന മഗ്നീഷ്യം, ടൈറ്റാനിയം സ്പോഞ്ച് ഉത്പാദനത്തിന് വീണ്ടും ഉപയോഗിക്കാനാകും.20.38 കോടിയാണ് പദ്ധതി ചെലവ്.
രാജ്യത്തെ ആദ്യ ടൈറ്റാനിയം സ്പോഞ്ച് നിർമ്മാണ പ്ലാന്റാണ് കെ.എം.എം.എല്ലിലേത്. വി.എസ്.എസ്.സിയുടെ സഹകരണത്തോടെ തുടങ്ങിയ പ്ലാന്റിൽ നിർമിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് ലോഹം പ്രതിരോധ, ബഹിരാകാശ മേഖലകളിലാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
ചടങ്ങിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ്, വി.എസ്.എസ്.സി ജനറൽ മാനേജർ ഡോ. ഗോവിന്ദ്, ഡെപ്യൂട്ടി ഡയറക്ടർ എം. മോഹൻ, ഡി.എം.ആർ.എൽ തലവൻ ഡോ. ആർ.വി.എസ്. നാഗേഷ്, കെ.എം.എം.എൽ ജനറൽ മാനേജർ വി. അജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |