SignIn
Kerala Kaumudi Online
Friday, 29 March 2024 2.50 AM IST

സമരനായകൻ കെ.എൻ. സുകുമാരൻ

sukumaran

ഇടതുപക്ഷ- തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയായി തിരുവനന്തപുരത്തെ മാറ്റിയെടുക്കുന്നതിൽ ത്യാഗനിർഭരമായ പങ്കുവഹിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. സുകുമാരൻ വിടവാങ്ങിയിട്ട് ഇന്ന് 15 വർഷം. നാടിനെ ഇളക്കിമറിച്ച നിരവധി തൊഴിലാളി സമരങ്ങളുടെയും രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും മുന്നണിപ്പോരാളിയുമായിരുന്നു അദ്ദേഹം.

ആനയറയിൽ 1931ൽ ജനിച്ച കെ.എൻ. സുകുമാരൻ എസ്.എം.വി ഹൈസ്‌കൂളിലും സ്‌കൂൾ ഒഫ് ഫൈൻ ആർട്‌സിലും വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കെ. സദാനന്ദ ശാസ്‌ത്രിയും അദ്ദേഹത്തിന്റെ അനുജൻ കെ. പങ്കജാക്ഷനുമാണ് മാർക്സിസം - ലെനിനിസത്തോടുള്ള ആഭിമുഖ്യം സുകുമാരനിൽ വളർത്തിയെടുത്തതും വിദ്യാർത്ഥി സമരനായകനാക്കിയതും.

തിരുവിതാംകൂറിലെ സ്വാതന്ത്ര്യദാഹികളുടെയും അടിസ്ഥാന തൊഴിലാളിവർഗത്തിന്റെയും ആവേശമായി കത്തിപ്പടർന്നുകഴിഞ്ഞിരുന്ന സാഹസിക സമരനായകൻ എൻ. ശ്രീകണ്ഠൻ നായരുടെ ഉറ്റ അനുയായി ആയി മാറിയതോടെ കെ.എൻ. സുകുമാരൻ സമരവീര്യമുള്ള സോഷ്യലിസ്റ്റായി. പിന്നീട് കെ.എൻ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്.

ചാലയിലെ ഒരു വൻകിട വ്യാപാര സ്ഥാപനം നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ കടയുടെ മുന്നിൽ കെ.എൻ നടത്തിയ നിരാഹാര സമരം അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. സമരം പൊളിക്കാൻ ശ്രമിച്ച കടയുടമയ്ക്ക് പൊലീസ് വേണ്ട ഒത്താശയും ചെയ്തുകൊടുത്തു. കെ.എന്നിന്റെ ഉപവാസം 12 ദിവസം പിന്നിട്ടപ്പോൾ ആരോഗ്യനില തീർത്തും വഷളായി. എന്നിട്ടും സത്യഗ്രഹിയെ അറസ്റ്റുചെയ്യാൻ പൊലീസ് കൂട്ടാക്കിയില്ല. തുടർന്ന് കെ. പങ്കജാക്ഷന്റെയും കെ.സി. വാമദേവന്റെയും നേതൃത്വത്തിൽ കെ. എന്നിനെ എടുത്തുകൊണ്ടുപോയി കടയുടമയുടെ വീട്ടുമുറ്റത്ത് കിടത്തി. അതോടെ കെ.എന്നിനെ അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കാൻ പൊലീസ് നിർബന്ധിതരായി.

ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിനെ സ്വതന്ത്ര ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വിസമ്മതിച്ചുകൊണ്ട് അമേരിക്കൻ മോഡൽ പ്രസിഡന്റ് ഭരണം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധാഗ്നി ആളിപ്പടർന്ന വേളയിൽ പൊലീസ് നടത്തിയ പേട്ട വെടിവയ്‌പിനെ തുടർന്ന് അറസ്റ്റൊഴിവാക്കാൻ മറ്റ് നേതാക്കൾക്കൊപ്പം കെ.എന്നും തിരുവനന്തപുരം വിട്ടു. കോട്ടയത്തേക്കാണ് അദ്ദേഹം പോയത്. കെ.എസ്.പി നേതാക്കളായ മത്തായി മാഞ്ഞൂരാൻ, കെ.ആർ. ചുമ്മാർ, എം.പി. മേനോൻ എന്നിവർ തിരുവിതാംകൂറിൽ പ്രവേശിക്കരുതെന്ന് അധികാരത്തിലിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കര മൈതാനത്തു ചേർന്ന യോഗത്തിൽ മുഖ്യപ്രാസംഗികനായതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ആ കേസിൽ പൊലീസിനെ വെട്ടിച്ചുനടന്ന കെ.എന്നിനെ പിന്നീട് വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കവെ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ വച്ച് പൊലീസ് അറസ്റ്റുചെയ്തു. കോട്ടയത്തു തിരുനക്കര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ അദ്ദേഹത്തെ അതിഭീകരമായ ലോക്കപ്പു മർദ്ദനത്തിനു വിധേയനാക്കി. ഈ കേസിൽ കോടതി ഒരുവർഷത്തെ തടവിനു ശിക്ഷിച്ച് സെൻട്രൽ ജയിലിലടച്ചു.

എൻ. ശ്രീകണ്ഠൻനായർ, ടി.കെ. ദിവാകരൻ, കെ. ബാലകൃഷ്ണൻ, ബേബിജോൺ, കെ. പങ്കജാക്ഷൻ, കെ. വിജയരാഘവൻ, ജി. ഗോപിനാഥൻ നായർ, ആർ.എസ്. ഉണ്ണി, എൻ. രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകം 1950ൽ രൂപീകരിച്ചപ്പോൾ കെ.എൻ. സുകുമാരൻ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായി.

ആർ.എസ്.പിയിൽ പിളർപ്പുകൾ ഉണ്ടായപ്പോഴൊക്കെ ഔദ്യോഗിക ആർ.എസ്.പിയിൽ അചഞ്ചലനായി നിന്നു. ദീർഘകാലം ആർ.എസ്.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

ലേഖകന്റെ ഫോൺ: 9746254433.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KN SUKUMARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.